5ജി തരംഗങ്ങള്‍ വിമാനങ്ങളുടെ സുരക്ഷയെ ബാധിക്കും? മുന്നറിയിപ്പുമായി എഫ്എഎ
Mail This Article
5ജി തരംഗങ്ങള്‍ വിമാനങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കയിലെ വ്യോമയാന രംഗം നിയന്ത്രിക്കുന്ന ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (FAA). ലോകത്തെ തന്നെ പ്രധാന വ്യോമയാന നിയന്ത്രണ ഏജന്‍സിയുടെ മുന്നറിയിപ്പ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് പുറത്തുവിട്ടിരിക്കുന്നത്. വൈകാതെ എഫ്എഎ ഈ പ്രശ്‌നത്തില്‍ ഔദ്യോഗികമായ ഒരു മുന്നറിയിപ്പ് നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഒരു വര്‍ഷത്തിലേറെയായി വ്യോമയാന മേഖലയിലെ പല ഭാഗത്തു നിന്നും 5ജി തരംഗങ്ങള്‍ വിമാനങ്ങളെ ബാധിക്കാനിടയുണ്ടെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍, ആദ്യമായാണ് എഫ്എഎ പോലെ ഉത്തരവാദപ്പെട്ട ഏജന്‍സി ഇങ്ങനെയൊരു ആശങ്ക പരസ്യമാക്കുന്നത്. ഒക്ടോബര്‍ ആറിന് തന്നെ എഫ്എഎ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ ബ്രാഡ്‌ലി മിംസ് അയച്ച കത്തില്‍ ഇതേക്കുറിച്ചുള്ള ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഈ കത്തിന്റെ വിശദാംശങ്ങള്‍ അന്ന് പുറത്തുവന്നിരുന്നില്ല. സി ബാന്‍ഡിലെ 5ജിയുടെ പ്രവര്‍ത്തനം വിമാനങ്ങളിലെ അള്‍ട്ടിമീറ്ററുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നതാണ് പ്രധാന ആശങ്ക.
വ്യോമയാന മേഖലയും പുത്തന്‍ സാങ്കേതികവിദ്യയായ 5ജിയും ചേര്‍ന്ന് പോകാനുള്ള സാധ്യതകളെക്കുറിച്ച് മറ്റു വ്യോമയാന ഏജന്‍സികളുമായി ചര്‍ച്ചകള്‍ തുടരുകയാണെന്ന് എഫ്എഎ വക്താവ് അറിയിച്ചു. വിമാനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്ന് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ തന്നെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, സമൂഹത്തിന്റെ സാങ്കേതികവിദ്യാ ആവശ്യങ്ങള്‍ പരിഗണിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും എഫ്സിസി കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഈ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി ഒക്ടോബര്‍ 14ന് എഫ്എഎ ഒരു യോഗം വിളിച്ചിരുന്നു. എഫ്എഎ, എഫ്സിസി പ്രതിനിധികള്‍ തമ്മില്‍ പല ചര്‍ച്ചകളും നടത്തിയെങ്കിലും പ്രശ്‌നപരിഹാരമായിട്ടില്ല.
5ജിയുടെ വരവിനെ തുടര്‍ന്നുള്ള അപകട സാധ്യതകളെക്കുറിച്ചും അപകടം ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും പ്രത്യേകം നിര്‍ദേശങ്ങള്‍ നല്‍കാന്‍ എഫ്എഎ ശ്രമിക്കുന്നുണ്ട്. വിമാനങ്ങളെ നിയന്ത്രിക്കുന്നതില്‍ പ്രധാനപ്പെട്ട ഉപകരണമായ അള്‍ട്ടിമീറ്ററില്‍ സംഭവിക്കുന്ന പാകപ്പിഴകള്‍ വലിയ അപകടങ്ങള്‍ക്ക് കാരണമായേക്കാം. 5ജി തരംഗങ്ങള്‍ ബാധിക്കാത്ത തരത്തില്‍ അള്‍ട്ടി മീറ്ററില്‍ മാറ്റം വരുത്തുന്നതാണ് ഇതിനുള്ള ദീര്‍ഘകാലപരിഹാരമായി നിര്‍ദേശിക്കപ്പെടുന്നത്. എന്നാല്‍ ആയിരക്കണക്കിന് വിമാനങ്ങളില്‍ ഈ മാറ്റം വരുത്തുന്നതിന് വര്‍ഷങ്ങളുടെ താമസമെടുക്കുമെന്നതാണ് പ്രതിസന്ധി.
അതേസമയം, വ്യോമയാന ഉപകരണങ്ങളെ ബാധിക്കാത്ത രീതിയില്‍ 5ജി 40ഓളം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വയര്‍ലെസ് ട്രേഡ് ഗ്രൂപ്പായ സിടിഐഎ വിശദീകരിക്കുന്നത്. ഇത്തരം സാങ്കേതികവിദ്യ വൈകിപ്പിക്കുന്നത് അമേരിക്കന്‍ സമൂഹത്തിന് ആഗോളസമൂഹവുമായുള്ള മത്സര ശേഷിയെ പോലും ബാധിക്കുമെന്നും ഇവര്‍ ആശങ്കപ്പെടുകയും ചെയ്യുന്നു.
English Summary: Could 5G Rollout Affect Safety of Flights? Aviation Industry Said to Have Expressed ‘Deep Concern’