3 മിനിറ്റുള്ള ഒറ്റ സൂം കോൾ, ജോലിയിൽനിന്ന് പിരിച്ചുവിട്ടത് 800 ജീവനക്കാരെ!
Mail This Article
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനികളെല്ലാം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത് തുടരുകയാണ്. വിഡിയോ കോൾ വഴിയാണ് മിക്കവരെയും പിരിച്ചുവിടുന്നത്. വിശാൽ ഗാർഗിന്റെ നേതൃത്വത്തിലുള്ള ബെറ്റർ. കോം തുടങ്ങിവച്ച വിഡിയോ കോൾ പിരിച്ചുവിടൽ ഇപ്പോൾ മറ്റു കമ്പനികളും ഏറ്റെടുത്തിരിക്കുകയാണ്. ബെറ്റർ.കോം സൂം കോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ട് മാസങ്ങൾക്ക് ശേഷം ഒരു ബ്രിട്ടിഷ് സ്ഥാപനവും ഈ വഴി തന്നെ തിരഞ്ഞെടുത്തിരിക്കുകയാണ്. ബ്രിട്ടിഷ് ഷിപ്പിങ് കമ്പനിയായ പി ആൻഡ് ഒ ഫെറീസ് ആണ് ഒരൊറ്റ സൂം കോളിലൂടെ 800 ജീവനക്കാരെ പിരിച്ചുവിട്ടത്. കേവലം മൂന്ന് മിനിറ്റിനുള്ളിൽ തന്നെ പിരിച്ചുവിടൽ സംബന്ധിച്ച വിവരം ജീവനക്കാരെ അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
മാർച്ച് 17 നാണ് സംഭവം. ഷിപ്പിങ് കമ്പനിയുടെ ജീവനക്കാർക്ക് ഒരു ‘പ്രധാന പ്രഖ്യാപനത്തെക്കുറിച്ച്’ സൂം കോൾ വഴി സന്ദേശം നൽകുകയായിരുന്നു. ഇപ്പോൾ സർവീസിലുള്ള കപ്പലുകൾക്കെല്ലാം മറ്റൊരു കമ്പനിയായിയിരിക്കും ജീവനക്കാരെ നൽകുക എന്നും കമ്പനി അറിയിച്ചു. ഇതിനാൽ നിങ്ങളെ പിരിച്ചുവിടുകയാണ്. ഇക്കാര്യം നിങ്ങളെ അറിയിക്കുന്നതിൽ ഞാൻ ഖേദിക്കുന്നു. നിങ്ങളുടെ ജോലിയുടെ അവസാന ദിവസം ഇന്നാണ് എന്നും കമ്പനി എക്സിക്യൂട്ടീവിന്റെ വിഡിയോ സന്ദേശത്തിൽ പറയുന്നുണ്ട്. ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ പറഞ്ഞെങ്കിലും പെട്ടെന്നുള്ള പ്രഖ്യാപനം ജീവനക്കാരെ ഞെട്ടിച്ചു.
മുൻകൂർ അറിയിപ്പ് ഇല്ലാതെയാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. എന്നാൽ ഇമെയിൽ, തപാൽ, കൊറിയർ, ടെക്‌സ്‌റ്റ് മെസേജ് എന്നിവ വഴിയാണ് അറിയിച്ചതെന്ന് കമ്പനി എക്‌സിക്യൂട്ടീവ് അവകാശപ്പെട്ടു. പി ആൻഡ് ഒ ഫെറിസ് എന്ന കമ്പനി രണ്ട് വർഷത്തിനിടെ 200 ദശലക്ഷം പൗണ്ടിന്റെ നഷ്ടത്തിലാണ്. 800 ഓളം പേരെ പിരിച്ചുവിടുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഈ നടപടിയെ സമൂഹമാധ്യമങ്ങളും രാജ്യത്തെ രാഷ്ട്രീയക്കാരും രൂക്ഷമായി വിമർശിച്ചു.
English Summary: This British firm became the second company to fire employees over Zoom call after Better.com