ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഇന്ത്യയിലെ ടെലികോം, ഇന്റര്‍നെറ്റ് മേഖലകളില്‍ സമൂലമായ പൊളിച്ചെഴുത്താണ് കേന്ദ്ര സർക്കാർ പരിഗണിക്കുന്നതെന്നു സൂചന. രാജ്യത്ത് ഇപ്പോള്‍ ഈ മേഖലകളിലെ കേസുകള്‍ പരിഗണിക്കുന്നത് 137 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ടെലഗ്രാഫ് ആക്ട് അനുസരിച്ചാണ്. അതിനാല്‍ പൊളിച്ചെഴുത്ത് അനിവാര്യമാണെന്നും കാണാം.

ടെലഗ്രാഫ് ആക്ടിനൊപ്പം, 1933 കൊണ്ടുവന്ന വയര്‍ലെസ് ടെലഫോണി ആക്ട്, 1950 ല്‍ നിലവില്‍വന്ന ടെലഗ്രാഫ് വയര്‍ലെസ് (അണ്‍ലോഫുള്‍ പൊസഷന്‍) ആക്ട് എന്നിവയെയും അപ്രസക്തമാക്കാനും ഉദ്ദേശിക്കുന്നു. അതീവ ഗൗരവമേറിയ മാറ്റങ്ങളാണ് കേന്ദ്രം കൊണ്ടുവരാന്‍ ഒരുങ്ങുന്ന പുതിയ ബില്ലിലുള്ളത്. അതിന്റെ കരടു രൂപമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

∙ സിം വാങ്ങാന്‍ വ്യാജ രേഖ നല്‍കുന്നവർക്ക് തടവു ശിക്ഷ

ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ള കരടു രേഖയിന്മേല്‍ അര്‍ഥവത്തായ ചര്‍ച്ചകള്‍ നടത്തുക എന്നതായിരിക്കും അടുത്ത ഘട്ടമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നു. തുടര്‍ന്ന് ബില്‍ പാര്‍ലമെന്റിലെത്തും, ഏകദേശം 6-10 മാസത്തിനുള്ളില്‍ ഇത് പാസാക്കിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറയുന്നു. ഇക്കാര്യത്തില്‍ സർക്കാരിന് ഒരു തിടുക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ബില്ലില്‍ പരിഗണിക്കുന്ന സുപ്രധാന മാറ്റങ്ങളിലൊന്ന് ഇന്ത്യയില്‍ ആരെങ്കിലും മൊബൈല്‍ സിം എടുക്കാനോ മറ്റു ടെലികോം സേവനങ്ങള്‍ക്കോ വ്യാജ രേഖകള്‍ നല്‍കി എന്നു കണ്ടെത്തിയാല്‍ 1 വര്‍ഷം വരെ തടവ് നല്‍കാനുള്ള വകുപ്പാണെന്ന് ഇന്ത്യാ.കോം റിപ്പോര്‍ട്ടു ചെയ്യുന്നു.

∙ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് ഗുണകരമായേക്കും

ഇനിവരുന്ന നിയമങ്ങള്‍ ടെലികോം മേഖലയിലെ വമ്പന്‍ കമ്പനികള്‍ക്ക് ഗുണകരമായേക്കാമെന്നും സൂചനയുണ്ട്. പുതിയ നിയമങ്ങളുടെ പരിധിയിലേക്ക് മാറാനുള്ള അവസരമായിരിക്കും അവര്‍ക്കു നല്‍കുക. ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് ഒരു സര്‍ക്കിളില്‍ ഇപ്പോള്‍ ചുമത്താവുന്ന പരമാവധി പിഴ 50 കോടി രൂപ വരെയാണ്. ഇത് ഒരു സര്‍ക്കിളില്‍ 5 കോടി രൂപയായി കുറയ്ക്കും. ടെലികോം-ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ ഫീസും പിഴയും ഒഴിവാക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

∙ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നതിലും മാറ്റങ്ങള്‍ വന്നേക്കാം

വാട്‌സാപ്, ടെലഗ്രാം തുടങ്ങിയ ഇന്റര്‍നെറ്റ് കോള്‍-സന്ദേശക്കൈമാറ്റ ആപ്പുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കം 2018ല്‍ തന്നെ ട്രായി തുടങ്ങിയതാണ്. എന്നാല്‍ 2020 ല്‍, ഇതുമായി മുന്നോട്ടുപോകേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു. ഇക്കാര്യങ്ങൾ വീണ്ടും പരിഗണിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

∙ അസൂസ് ക്രോംബുക്ക് ഡിറ്റാച്ചബിള്‍ സിഎം3 പുറത്തിറക്കി

മറ്റൊരു കംപ്യൂട്ടിങ് ഉപകരണം കൂടി പുറത്തിറക്കിയിരിക്കുകയാണ് തയ്‌വാനീസ് കമ്പനിയായ അസൂസ്. ഗൂഗിളിന്റെ ക്രോംഒഎസില്‍ പ്രവര്‍ത്തിക്കുന്ന, കീബോഡ് വേര്‍പെടുത്തിയെടുക്കാവുന്ന ഒരു ക്രോംബുക്ക് ആണിത്. ഇതിന് 10.5-ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനാണ് ഉള്ളത്. വെബ് ബ്രൗസിങ്, അൽപം ടൈപ്പിങ് തുടങ്ങിയ കംപ്യൂട്ടിങ് കാര്യങ്ങള്‍ ചെയ്യാന്‍ ഇതു മതിയാകും.

മീഡിയാടെക്കിന്റെ കൊംപാനിയോ 500 ആണ് പ്രോസസര്‍. 4 ജിബി റാമും 128 ജിബി സ്റ്റോറേജ് ശേഷിയും ഉണ്ടായിരിക്കും. അസൂസിന്റെ ക്രോംബുക്കിന് 2 എംപി മുന്‍ ക്യാമറയും 8 എംപി പിന്‍ ക്യാമറയും ഉണ്ട്. 12 മണിക്കൂര്‍ വരെ ബാറ്ററിലൈഫ് ലഭിക്കുമെന്നും കമ്പനി പറയുന്നു. ക്രോംബുക്കിനൊപ്പം സ്റ്റൈലസും ലഭിക്കുന്നു. ഫ്ലിര്‍ട്ട് വഴി വാങ്ങാവുന്ന അസൂസ് ക്രോംബുക്ക് സിഎം3യുടെ തുടക്ക വില 29,999 രൂപയാണ്. അതേസമയം, വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന പല പ്രോഗ്രാമുകളും ഇതില്‍ പ്രവര്‍ത്തിപ്പിക്കാനാവില്ലെന്നും അറിഞ്ഞിരിക്കണം.

∙ ലിങ്ക്ട്ഇന്‍ 2 കോടി ഉപയോക്താക്കളില്‍ പരീക്ഷണങ്ങള്‍ നടത്തിയെന്ന് ആരോപണം

ബിസിനസ്-ജോലി കേന്ദ്രീകൃത ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോമായ ലിങ്ക്ട്ഇന്‍, 2 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ഉപയോഗിച്ച് 5 വര്‍ഷത്തോളം പരീക്ഷണങ്ങള്‍ നടത്തിയെന്ന് ന്യൂയോര്‍ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പരീക്ഷണങ്ങള്‍ 2015 നും 2019നും ഇടയിലാണ് നടത്തിയത്. പീപിള്‍യു മേ നോ അല്‍ഗോരിതം ഉപയോഗിച്ചായിരുന്നു ടെസ്റ്റ്. ഈ പരീക്ഷണങ്ങള്‍ നടക്കുന്ന കാര്യം കമ്പനി ഉപയോക്താക്കളോട് പറഞ്ഞില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

∙ രണ്ടാമതൊരു പ്രൈം ഡേയുമായി ആമസോണ്‍

ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ആമസോണ്‍ എല്ലാ വര്‍ഷവും തങ്ങളുടെ പ്രൈം അംഗങ്ങള്‍ക്ക് അധിക കിഴിവു നല്‍കി നടത്തുന്ന വില്‍പന മേളയാണ് പ്രൈം ഡേ. മുന്‍ വര്‍ഷങ്ങളിലെല്ലാം ഒരു വര്‍ഷത്തില്‍ ഒരു തവണ മാത്രമായിരുന്നു ഇത്. (പ്രൈം ഡേ എന്നാണ് പേരെങ്കിലും ഈ ആദായ വില്‍പന മേള ഒന്നിലേറെ ദിവസത്തേക്ക് നടത്താറുണ്ട്.)

ആമസോണ്‍ 2022ല്‍ രണ്ടാമതൊരു പ്രൈം ഡേ കൂടി നടത്താന്‍ ഒരുങ്ങുകയാണെന്നും അത് പ്രൈം അംഗങ്ങള്‍ക്ക് ആഹ്ലാദം പകരുന്ന കാര്യമായിരിക്കുമെന്നും ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. രണ്ടാമത്തെ പ്രൈം ഡേ ഒക്ടോബര്‍ 11-12 വരെയായിരിക്കും. മൊത്തം 15 രാജ്യങ്ങളിലുള്ള ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ഉപകരണങ്ങളും മറ്റും കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാനുള്ള അവസരമായിരിക്കും ഒരുങ്ങുക.

∙ അമേരിക്ക പുതിയ നിരീക്ഷണ സാറ്റലൈറ്റ് വിക്ഷേപിച്ചു

കലിഫോര്‍ണിയയിലെ വാന്‍ഡര്‍ബെര്‍ഗ് സ്‌പേസ് ഫോഴ്‌സ് ബെയ്‌സില്‍നിന്ന് അമേരിക്ക പുതിയ സ്‌പൈ സാറ്റലൈറ്റ് വിക്ഷേപിച്ചു. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങള്‍ അടങ്ങുന്ന സാറ്റലൈറ്റിന്റെ പേര് എന്‍ആര്‍ഒഎല്‍-91 എന്നാണ്.

∙ എക്‌സ്‌സേഫ് വീട് സുരക്ഷാ സംവിധാനവുമായി എയര്‍ടെല്‍

എക്‌സ്‌സേഫ് എന്ന പേരില്‍ ഒരു എന്‍ഡ്-ടു-എന്‍ഡ് വീട് സുരക്ഷാ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളില്‍ ഒന്നായ എയര്‍ടെല്‍. വൈ-ഫൈ ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കാവുന്ന സ്മാര്‍ട് ക്യാമറകളാണ് ഇതിന്റെ പ്രധാന ഭാഗം.

എവിടെയിരുന്നും 360 ഡിഗ്രിയിലുള്ള നിരീക്ഷണ സാധ്യതയാണ് എക്‌സ്‌സേഫിന് ഉള്ളതെന്ന് കമ്പനി പറയുന്നു. മൂന്നു ക്യാമറകള്‍ അടങ്ങുന്നതാണ് സിസ്റ്റം. ഇവയുടെ വിലയ്ക്കു പുറമെ ഇന്‍സ്റ്റലേഷന്‍ ചാര്‍ജും നല്‍കണം. മൂന്നു ക്യാമറകൾക്ക് പ്രതിവര്‍ഷം 999 രൂപയാണ് സബ്‌സ്‌ക്രിപ്ഷന്‍ ഫീ. കൂടുതല്‍ ക്യാമറകള്‍ വേണമെങ്കില്‍ ഒാരോന്നിനും 699 രൂപ വച്ച് വരിസംഖ്യ നല്‍കണം.

airtel

∙ സ്മാര്‍ട് ടിവി നിര്‍മാണത്തിന് 200 കോടി കൂടി നിക്ഷേപിച്ച് വെയിറാ

രാജ്യത്ത് സ്വന്തമായി ടിവി നിര്‍മിക്കുന്ന കമ്പനികളിലൊന്നായ വെയിറാ (veira) ഗ്രേറ്റര്‍ നോയിഡയിലുള്ള നിര്‍മാണ പ്ലാന്റ് വികസിപ്പിക്കുന്നു. ഇതിനായി മൊത്തം 200 കോടി രൂപയായിരിക്കും നിക്ഷേപിക്കുക. ഇവിടെ 120 കോടി രൂപയാണ് ഇതുവരെ മുതല്‍മുടക്ക് നടത്തിയിരിക്കുന്നത്. ഇത് കമ്പനിയുടെ രണ്ടാമത്തെ ടിവി നിര്‍മാണ പ്ലാന്റാണ്.

∙ സാംസങ്-അക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു

രാജ്യാന്തര ടെക്‌നോളജി ഭീമന്‍ സാംസങ്ങും അക്‌സിസ് ബാങ്കും ചേര്‍ന്ന് ഇന്ത്യയില്‍ പുതിയ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു. ഇരു കമ്പനികളുടെയും പേരുള്ള ക്രെഡിറ്റ്കാര്‍ഡിനു സാങ്കേതികവിദ്യ നല്‍കുന്നത് വീസാ കാര്‍ഡ് ആയിരിക്കും. സിഗ്നേച്ചര്‍, ഇന്‍ഫിനിറ്റ് എന്നു രണ്ടുതരത്തിലുള്ള കാര്‍ഡുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. സാധനങ്ങള്‍ വാങ്ങുമ്പോള്‍ 10 ശതമാനം വരെ ക്യാഷ്ബാക്ക് ഓഫറുകളും മറ്റും ഇതുവഴി ലഭിച്ചേക്കാം.

English Summary: New telecom bill likely in next 6-10 months, says Telecom Minister Ashwini Vaishnaw

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com