ഗൂഗിളിന്റെ എഐ ലാംഡ ചെറുകഥകളും നോവലുകളും എഴുതാന്‍ ഒരുങ്ങുന്നു
Mail This Article
ടെക്‌നോളജി ഭീമന്‍ ഗൂഗിളിന്റെ സവിശേഷ ലക്ഷ്യമുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പദ്ധതി വേഡ്ക്രാഫ്റ്റിന്റെ കീഴിലുളള ലാംഡ (LaMDA) ഇപ്പോള്‍ ചെറുകഥകള്‍ അടക്കമുള്ള സര്‍ഗാത്മക സാഹിത്യം സൃഷ്ടിച്ചു തുടങ്ങിയിരിക്കുന്നു. (ലാംഡയ്ക്ക് മനുഷ്യരെപ്പോലെ ഇന്ദ്രിയബോധം ഉണ്ടായിത്തുടങ്ങിയെന്ന് ഒരു ഗൂഗിള്‍ ജോലിക്കാരന്‍ വെളിപ്പെടുത്തിയതിനെത്തുടർന്ന് അയാള്‍ക്ക് കമ്പനി വിടേണ്ടി വന്നിരുന്നു). ലാംഡ സ്വന്തമായല്ല, ചില എഴുത്തുകാരുമായി സഹകരിച്ചാണ് കഥകള്‍ രചിച്ചിരിക്കുന്നത്.
കഥയെഴുത്തുകാര്‍ക്കു സഹായം
സ്വയം കഥയെഴുതുക എന്നത് ലാംഡയെ സംബന്ധിച്ച് ഇനിയും അകലെയാണ്. എന്നാല്‍, ഇതിന്റെ മറുവശത്തെക്കുറിച്ചും അറിഞ്ഞിരിക്കണം - കഥയെഴുത്തുകാര്‍ക്കും മറ്റും വലിയ സഹായമായി മാറാന്‍ ഇപ്പോള്‍ത്തന്നെ ലാംഡയ്ക്ക് സാധിക്കും. പല എഴുത്തുകാരും ലാംഡയുടെ സഹായം ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു എന്നും പറയുന്നു. ഇതുവരെ 13 എഴുത്തുകാരാണ് ലാംഡ പരീക്ഷിച്ചു നോക്കിയതെന്ന് സിനെറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലാംഗ്വെജ് മോഡല്‍ ഫോര്‍ ഡയലോഗ് ആപ്ലിക്കേഷന്‍സ് എന്നാണ് ലാംഡയുടെ വികസിത രൂപം. ഇതിന്റെ സഹായത്തോടെ ചെറുകഥകളാണ് ഈ എഴുത്തുകാര്‍ എഴുതിയത്.
വേറെയും എഐ രചനാ സഹായികൾ
ലാംഡയ്ക്കു പുറമെ മറ്റു രചനാ സഹായികളും ഇപ്പോള്‍ ലഭ്യമാണ്. വ്യാകരണം ശരിയാണോ എന്നു നോക്കുന്ന ഗ്രാമര്‍ലി, കോപ്പിറൈറ്റിങ് ടൂളായ ജാസ്പര്‍, മറ്റൊരു സേവനമായ വേഡ്ട്യൂണ്‍ തുടങ്ങി പലതുമുണ്ട്. എന്നാല്‍, സാഹിത്യ രചനയില്‍ ലാംഡ അവയേക്കാൾ പല പടി മുന്നിലാണ്. മറ്റ് ആപ്പുകള്‍ വ്യാകരണം, സ്പെല്ലിങ്, വാക്കുകള്‍ പ്രയോഗിക്കുന്ന രീതി തുടങ്ങിയവയിലാണ് ശ്രദ്ധിക്കുന്നതെങ്കില്‍ ലാംഡ ഉള്‍പ്പെടുന്ന വേഡ്ക്രാഫ്റ്റ് പദ്ധതിയില്‍ സാഹിത്യ രചനയ്ക്കാണ് ഗൂഗിള്‍ പ്രാധാന്യം നല്‍കുന്നത്.

കഥകള്‍ ഇവിടെ വായിക്കാം
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളരുന്ന ശേഷി വിവിധ മേഖലകളിലേക്ക് ആവാഹിക്കാനുളള ശ്രമത്തിലാണ് വിവിധ കമ്പനികള്‍. അത്തരമൊരു ശ്രമമാണ് ചാറ്റ്‌ബോട്ടായും പ്രയോജനപ്പെടുത്താവുന്ന ലാംഡയുടെ പുരോഗതി. എന്നാല്‍, ഇപ്പോള്‍ എഴുതപ്പെട്ടിരിക്കുന്ന കഥകള്‍ എഴുത്തുകാരെ വെല്ലുന്നതല്ല. തങ്ങളുടെ പെയര്‍, മാഗ്നെറ്റാ എന്നീ ടീമുകളോട് സഹകരിച്ച് 13 എഴുത്തുകാര്‍ സൃഷ്ടിച്ച രചനകള്‍, സര്‍ഗാത്മകതയുടെയും സാങ്കേതികവിദ്യയുടെയും സമ്മേളനമാണ് എന്നാണ് ഗൂഗിള്‍ പറയുന്നത്. കഥകളെല്ലാം ഇവിടെ വായിച്ച് സ്വയം വിലയിരുത്താം: https://wordcraft-writers-workshop.appspot.com/
സ്വന്തമായി കഥകളെഴുതുന്ന കാലം കുറച്ചകലെ
വുഡ്ക്രാഫ്റ്റ് സ്വന്തമായി കഥകളെഴുതുന്ന കാലം കുറച്ചുകൂടി അകലെയാണെന്നാണ് ഇത് ഉപയോഗിച്ച എഴുത്തുകാരും പറയുന്നത്. അതേസമയം, എഴുത്തുകാര്‍ക്ക് അമൂല്യമായ സംഭാവനകള്‍ നല്‍കാന്‍ ലാംഡയ്ക്ക് ഇപ്പോള്‍ത്തന്നെ സാധിക്കും. ആളുകള്‍ എഴുതുന്ന രീതിക്ക് മാറ്റം വരുത്താന്‍ സാധിക്കുമെന്നാണ് ഗൂഗിളിന്റെ മുതിര്‍ന്ന ഗവേഷകനായ ഡഗ്ലസ് എക് പ്രതികരിച്ചത്. അതേസമയം, സ്വന്തമായി ഒരു കഥ എഴുതി പൂർത്തീകരിക്കാൻ ഇപ്പോഴും ലാംഡയ്ക്ക് ആവില്ല. അതിനാണ് എഴുത്തുകാരുടെ സഹായം വേണ്ടിവരുന്നത്. അതുപോലെ തന്നെ തങ്ങളുടെ എഴുത്തില്‍ കാര്യമായ മാറ്റം വരുത്താന്‍ ലാംഡയെ എഴുത്തുകാര്‍ക്ക് ഇപ്പോള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യാം.
ലാംഡയ്ക്ക് ഇപ്പോഴും മനുഷ്യര്‍ ഭാഷ ഉപയോഗിക്കുന്ന രീതി പൂര്‍ണമായി മനസ്സിലായിട്ടില്ല; പക്ഷേ....
ദ് വാഷിങ്ടൻ പോസ്റ്റ് നേരത്തേ റിപ്പോര്‍ട്ട് ചെയ്തതുപോലെ, ലാംഡയ്ക്ക് മനുഷ്യര്‍ ഭാഷ ഉപയോഗിക്കുന്ന രീതി പൂര്‍ണമായി വശമായിട്ടില്ല. അതേസമയം, ഒരു മനുഷ്യനും സാധിക്കാത്ത രീതിയില്‍ ഇന്റര്‍നെറ്റിലുള്ള ഡേറ്റയിലൂടെ ‘കുത്തിമറിഞ്ഞു നടക്കുന്ന’ എഐ ടൂളിന് ഇപ്പോള്‍ത്തന്നെ മനുഷ്യനെ പോലെ സംസാരിക്കാനും സാധിക്കും. ഇതാണ് ലാംഡയ്ക്ക് ഇന്ദ്രിയബോധം ഉണ്ടായി എന്ന് മുന്‍ ഗൂഗിള്‍ ജീവനക്കാരനായ ബ്ലെയ്ക് ലെമോയിനെക്കൊണ്ട് പറയിച്ചത്. ഇതേ തുടര്‍ന്ന് ബ്ലെയ്കിനെ ഗൂഗിള്‍ കമ്പനിയില്‍ നിന്ന് മാറ്റിനിർത്തുകയായിരുന്നു.
എന്താണ് വുഡ്ക്രാഫ്റ്റിന്റെ ഇപ്പോഴത്തെ മികവ്?
ഒരു വാചകം എഴുതിയ ശേഷം അതില്‍ തമാശ കൊണ്ടുവരൂ എന്നു പറഞ്ഞാല്‍ ലാംഡയ്ക്ക് അത് പലപ്പോഴും സാധിക്കുന്നു എന്നാണ് എഴുത്തുകാരുടെ സാക്ഷ്യം. അങ്ങനെ എഴുത്തുകാര്‍ക്ക് തങ്ങളുടെ രചനാ രീതിക്ക് അധിക പുഷ്ടി നല്‍കാനുള്ള ഒരു ടൂളാണ് ഇപ്പോൾ ലാംഡ. എന്നാല്‍, ഇങ്ങനെ പതിനായിരക്കണക്കിന് എഴുത്തുകാര്‍ ലാംഡ ഉപയോഗിച്ച് കഥകളും നോവലുകളും എഴുതിത്തുടങ്ങുമ്പോള്‍ സര്‍ഗാത്മക സൃഷ്ടിയുടെ അന്തിമ രസതന്ത്രവും എഐക്ക് പഠിച്ചെടുക്കാനാകും എന്നു തന്നെയായിരിക്കും ഗൂഗിള്‍ കരുതുന്നതും. ഒരു വാചകം എഴുതുന്ന സമയത്ത് അടുത്തത് എന്തു വാക്കാണ് എഴുത്തുകാരന്‍ എഴുതാന്‍ ആഗ്രഹിക്കുന്നത് എന്ന കാര്യമൊക്കെ മിക്കപ്പോഴും വളരെ കൃത്യതയോടെ പ്രവചിക്കാന്‍ ലംഡയ്ക്ക് ഇപ്പോഴേ സാധിക്കുന്നുണ്ട്.
മസ്‌കിനെതിരെ വീണ്ടും കേസ്

വേണ്ടത്ര നോട്ടിസ് കാലാവധി നല്‍കാതെ ജോലിക്കാരെ പിരിച്ചു വിട്ടതിന് ട്വിറ്ററിന്റെ പുതിയ മേധാവി ഇലോണ്‍ മസ്‌കിനെതിരെ ജോലിക്കാര്‍ ക്ലാസ്-ആക്‌ഷന്‍ കേസു കൊടുത്തു. പകുതിയോളം ജോലിക്കാരെയെങ്കിലും പിരിച്ചുവിടാനുള്ള ശ്രമത്തിലാണ് മസ്‌ക്. കമ്പനിക്ക് വിജയകരമായി മുന്നോട്ടു പോകണമെങ്കില്‍ കുറേപ്പേരെ പിരിച്ചുവിടേണ്ടതുണ്ട് എന്നാണ് മസ്‌ക് ജോലിക്കാര്‍ക്കു നല്‍കിയ കത്തില്‍ പറഞ്ഞിരിക്കുന്നത്.
ട്വിറ്ററിനു പരസ്യം നല്‍കേണ്ടെന്ന് കമ്പനികള്‍
യൂറോപ്പിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവായ ഫോക്‌സ്‌വാഗന്‍ അടക്കമുള്ള കമ്പനികള്‍, മസ്‌ക് ഏറ്റെടുത്ത ട്വിറ്ററിന് പണം നല്‍കിയുള്ള പരസ്യം നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചു. ജനറല്‍ മില്‍സ്, ജനറല്‍ മോട്ടോഴ്‌സ് തുടങ്ങി ഒരു പറ്റം കമ്പനികളാണ് ട്വിറ്ററില്‍നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
പരസ്യക്കാരെ തെറ്റിദ്ധരിപ്പിച്ചെന്ന് മസ്‌ക്
പരസ്യക്കാര്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത് കനത്ത തിരിച്ചടിയാണ് ട്വിറ്ററിന്. പരസ്യ വരുമാനത്തില്‍ കനത്ത ഇടിവാണ് ഉണ്ടായിരിക്കുന്നതെന്ന് മസ്‌ക് സമ്മതിച്ചു. ചില ആക്ടിവിസ്റ്റ് ഗ്രൂപ്പുകള്‍ ട്വിറ്റര്‍ ഇനി നരകതുല്യമായ ഇടമായിരിക്കുമെന്നു നടത്തിയ പ്രചാരണമാണ് ഇതിനു കാരണമെന്നും മസ്‌ക് പറയുന്നു. ട്വിറ്റര്‍ തുടര്‍ന്നുവന്ന നയത്തില്‍ താന്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെങ്കിലും പരസ്യക്കാര്‍ വിട്ടുപോകുന്നതിന് മറ്റെന്തു വ്യാഖ്യാനമാണ് നല്‍കാന്‍ സാധിക്കുന്നതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ലോകത്തെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന പരസ്യ പ്ലാറ്റ്‌ഫോം ആകാനാണ് ട്വിറ്റര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാസവരി പണമുണ്ടാക്കാന്‍
ട്വിറ്ററിന്റെ വരുമാനം കുത്തനെ ഇടിഞ്ഞതോടെ പണം കണ്ടെത്താനാണ് മസ്‌ക് മാസവരിസംഖ്യ 8 ഡോളറായി ഉയര്‍ത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, മസ്‌ക് സമൂഹ മാധ്യമ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമോ എന്ന പേടി മൂലം ട്വിറ്ററിന്റെ എതിരാളികളും മസ്‌കിനെതിരെ ഒളിയുദ്ധം നടത്തുന്നുണ്ടാകാമെന്നും കരുതുന്നു.
മെറ്റാ ഇന്ത്യാ മേധാവി സ്‌നാപ്പിലേക്ക്
ഫെയ്‌സ്ബുക്ക് ഇന്ത്യയുടെ മേധാവിയായി ജോലി ചെയ്തുവന്ന അജിത് മോഹന്‍ സ്‌നാപ് കമ്പനിയുടെ ഏഷ്യാ പസിഫിക് ബിസിനസിന്റെ പ്രസിഡന്റായി ചുമതലയേല്‍ക്കും. താത്കാലികമായി അജിത്തിന്റെ ചുമതല മെറ്റാ ഇന്ത്യയുടെ ഡയറക്ടർ മനിഷ്ചോപ്രയ്ക്കു നല്‍കും.
ചൈനയില്‍ ഐഫോണ്‍ വില്‍പന കുറയുന്നു
അമേരിക്ക കഴിഞ്ഞാല്‍ ആപ്പിളിന്റെ സുപ്രധാന മാര്‍ക്കറ്റുകളിലൊന്നായ ചൈനയില്‍ ഐഫോണ്‍ വില്‍പന കുറഞ്ഞു. ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റ് കൂടിയായ ചൈനയില്‍ ഐഫോണ്‍ വില്‍പനയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിലൊന്നു കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് ജെഫ്രീസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ചൈനയില്‍ വന്‍ ഡിസ്‌കൗണ്ട് വില്‍പന നടത്തിയിട്ടു പോലും ഐഫോണ്‍ വില്‍പനയില്‍ കുറവുണ്ടായിരിക്കുന്നതാണ് വിശകലന വിദഗ്ധരെ പോലും അമ്പരപ്പിച്ചിരിക്കുന്നതെന്ന് ബ്ലൂംബര്‍ഗ് പറയുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍ക്കും മറ്റുമായി അധികം പണം മുടക്കേണ്ട എന്ന് ആളുകള്‍ തീരുമാനിച്ചതാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തല്‍.
English Summary: LaMDA could generate videos, realistic speech, and even write fiction.