2023 ൽ താരമായത് നിർമിതബുദ്ധി: ടെക്‌നോളജി മേഖലയിലെ പ്രധാന സംഭവവികാസങ്ങള്‍
Mail This Article
ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിർത്തിയ ഒരു സംഭവവികാസം അടക്കം, ടെക്‌നോളജി മേഖലയില്‍ വളരെയധികം കാര്യങ്ങള്‍ നടന്ന വര്‍ഷമാണ് കടന്നുപോകുന്നത്. ഏകദേശം ഒരു വര്‍ഷം മുമ്പ് മുഖ്യധാരയിലേക്കെത്തിയ നിര്‍മിത ബുദ്ധി (എഐ) തന്നെയാണ് ഈ വര്‍ഷത്തെ താരവും. എന്നാല്‍, ഇതുവരെ കണ്ടിരിക്കുന്നതിലേക്കും വച്ച് ഏറ്റവും മികച്ച എഐ ചാറ്റ് സംവിധാനമായ ചാറ്റ്ജിപിറ്റി പ്രവര്‍ത്തിപ്പിക്കുന്ന ഓപ്പണ്‍എഐ കമ്പനിയില്‍ നടന്ന നാടകീയ സംഭവവികാസങ്ങളാണ് ടെക് ലോകത്തെ ജിജ്ഞാസയുടെ മുള്‍മുനയില്‍ നിർത്തിയത്.
എഐയെക്കുറിച്ച് ആറുമാസം മുൻപു പോലും അമിതാവേശം പുലര്‍ത്താതിരുന്നവരടക്കം, വര്‍ഷാവസാനമായപ്പോള്‍ ഒരേസമയം ഉത്സാഹഭരിതരും ഉത്കണ്ഠാകുലരുമായിരിക്കുന്നു എന്നതും ഈ വര്‍ഷം എഐ കൈവരിച്ച പുരോഗതി വിളിച്ചറിയിക്കുന്നു. എന്തിനേറെ, ഒരു ചൈനീസ് കമ്പനിയുടെ സിഇഒ തന്നെ ഇപ്പോള്‍ എഐ ആണ്! ഡീപ്‌ഫെയ്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് ആരെക്കുറിച്ചും വ്യാജവിഡിയോ പുറത്തിറക്കാമെന്നത് ലോകമെമ്പാടും ഭയം വിതറിയിട്ടുമുണ്ട്.
ഇപ്പോള്‍ ജീവിതത്തിന്റെ നാനാ തുറകളിലുമുള്ള ആളുകള്‍ എഐയുമായി അടുത്തു പെരുമാറുന്നു. ടെക്‌നോളജി പരിജ്ഞാനമുള്ളവര്‍ മുതല്‍ കൊച്ചുകുട്ടികള്‍ വരെ ഇതിന്റെ മികവ് ആസ്വദിക്കുന്നു. വിദ്യാഭ്യാസ മേഖലയിലടക്കം ഇതിന്റെ പ്രഭാവം ദൃശ്യമാണ്. മുമ്പെങ്ങും ലഭ്യമല്ലാതിരുന്ന സാധ്യതകളാണ് ലോകത്തിന്റെ മുന്നില്‍ ഈ ടെക്‌നോളജി തുറന്നിട്ടത്. എഐയിലൂന്നിയുള്ള പഠനം നടത്തുന്ന അതിസമർഥരായ കുട്ടികളുടെ ഒരു നിര, ലോകത്തിന്റെ ഗതി മാറ്റാന്‍ കെല്‍പ്പുള്ളവരാണ് എന്ന കാര്യം നിസംശയം പറയാം. ഇതിനെല്ലാം തുടക്കമിട്ട് ലോകത്തെ അമ്പരപ്പിച്ചത് ചാറ്റ്ജിപിറ്റിയാണ്.
∙ഫീനിക്‌സ് പോലെ ആള്‍ട്ട്മാന്‍
ടെക്‌നോളജി മേഖലയിലെ ഈ വര്‍ഷത്തെ ഉദയനക്ഷത്രം സാം ആള്‍ട്ട്മാന്‍ ആയിരുന്നു. ടൈം മാഗസിന്‍ ഇപ്പോള്‍ അദ്ദേഹത്തെ 'സിഇഒ ഓഫ് ദി ഇയര്‍' ആയി തിരഞ്ഞെടുക്കുക പോലും ചെയ്തിട്ടുണ്ട്. അദ്ദേഹമായിരുന്നു എഐയുടെ മുഖം എന്നു വേണമെങ്കിലും പറയാം. എന്നാല്‍, താന്‍ നേതൃത്വം നല്‍കിവന്ന, താനടക്കമുള്ളവര്‍ സ്ഥാപിച്ച, ഓപ്പണ്‍എഐ ആള്‍ട്ട്മാനെ മേധാവി സ്ഥാനത്തുനിന്ന് പുറത്താക്കി ലോകത്തെ ഞെട്ടിച്ചു. എന്നാല്‍, ഒരാഴ്ചയ്ക്കുള്ളില്‍ അദ്ദേഹം ഓപ്പണ്‍എഐയുടെ മേധാവി സ്ഥാനത്തേക്ക് തിരിച്ചെത്തിയത് പല ബോളിവുഡ് സസ്‌പെന്‍സ് സിനിമകളെയും വെല്ലുന്ന തരത്തിലുള്ള ട്വിസ്റ്റും ടേണുമായി ആയിരുന്നു.
എഐയുടെ കാര്യത്തില്‍ ആള്‍ട്ട്മാന്റെ പല നീക്കങ്ങളിലും സുതാര്യതക്കുറവുണ്ട് എന്നു പറഞ്ഞാണ് കമ്പനിയുടെ ബോര്‍ഡ് അദ്ദേഹത്തെ പുറത്താക്കിയത്. ഓപ്പണ്‍എഐയില്‍ ഏറ്റവുമധികം തുക നിക്ഷേപിച്ച കമ്പനിയായ മൈക്രോസോഫ്റ്റ് ആള്‍ട്ട്മാനെയും മുഴുവന്‍ സ്റ്റാഫിനെയും സ്വീകരിച്ച് സ്വന്തം എഐ വിഭാഗം ശക്തിപ്പെടുത്താന്‍ തയാറായി രംഗത്തുവന്നു. മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല അടക്കമുള്ള പ്രമുഖര്‍ നടത്തിയ ചടുലമായ നീക്കമാണ് ആള്‍ട്ട്മാനെ 'പോയതിനേക്കാള്‍ വേഗത്തില്‍' ഓപ്പണ്‍എഐയില്‍ തിരിച്ചെത്തിച്ചത്.
∙സ്വന്തം എഐ ചാറ്റ്‌ബോട്ടുമായി ഗൂഗിള്‍
ചാറ്റ്ജിപിറ്റി ഞെട്ടിച്ചത് സാധാരണ ഉപയോക്താക്കളെ മാത്രമല്ല, ഇന്റര്‍നെറ്റ് സേര്‍ച്ച് ഭീമന്‍ സാക്ഷാല്‍ ഗൂഗിളിനെ കൂടിയാണ്. ഇതുകണ്ട് പകച്ച ഗൂഗിള്‍ തങ്ങളുടെ സമാന ടെക്‌നോളജിയായ ബാര്‍ഡ് പ്രദര്‍ശിപ്പിച്ച് നാണം കെട്ടു. എന്നാല്‍, വര്‍ഷാവസാനമായപ്പോഴേക്കും ഗൂഗിളിന്റെ എഐ വിഭാഗവും പല ശേഷികളും ആര്‍ജ്ജിച്ചു തുടങ്ങിയിട്ടുണ്ട്.
∙ബിങ്ങിലേക്കും എഐ
ഗൂഗിളിന് ഏറെ പിന്നിലായിരുന്ന ഇന്റര്‍നെറ്റ് സേര്‍ച്ച് എൻജിനായ ബിങ്ങിനും ലഭിച്ചു എഐ കരുത്ത്. ഇതിനായി പ്രൊമിത്യൂസ് മോഡലിനെയാണ് മൈക്രോസോഫ്റ്റ് കൂട്ടുപിടിച്ചത്. ഉപയോക്താക്കളുടെ മനസ്സില്‍ ഇടംപിടിച്ച ഗൂഗിള്‍ എന്ന പേര് തള്ളിക്കളയാന്‍ ബിങ്ങിന് സാധിച്ചില്ലെങ്കിലും, അതിപ്പോള്‍ വളരെ മികച്ച സേര്‍ച്ച് എൻജിനായി വളര്‍ന്നു എന്നതും 2023 ന്റെ ടെക് മികവുകളിലൊന്നായി കാണുന്നു.
∙എഐ ഭീതിയില്‍ രാജ്യങ്ങളും
അമേരിക്കയും യുകെയുമടക്കം 18 പ്രമുഖ രാഷ്ട്രങ്ങള്‍, എഐ മനുഷ്യരാശിയുടെ നിലനില്‍പ്പിനു ഭീഷണിയായേക്കാമെന്ന വാദം മുഖവിലയ്‌ക്കെടുത്തു എന്നതും 2023ലെ സുപ്രധാന സംഭവങ്ങളിലൊന്നാണ്. രാജ്യാന്തര തലത്തില്‍ ചരിത്രപ്രധാനമായ ഒരു കരാറാണ് ഈ രാഷ്ട്രങ്ങള്‍ പാസാക്കിയത്. എഐയുടെ നിയമവിരുദ്ധമായ ഉപയോഗത്തിനു തടയിടുക അടക്കമുള്ള തീരുമാനങ്ങളാണ് 20 പേജോളം ഉള്ള കരാറിലുള്ളത്.
∙ഡീപ്‌ഫെയ്ക് പ്രളയം
ആരെക്കുറിച്ചും വ്യാജ വിഡിയോ താരതമ്യേന എളുപ്പം സൃഷ്ടിക്കാമെന്നത് ഈ വര്‍ഷം ടെക്‌നോളജി ആര്‍ജ്ജിച്ച പേടിപ്പെടുത്തുന്ന ശേഷികളിലൊന്നാണ്. വ്യാജ വാര്‍ത്തകളും വിഡിയോയും കലാപത്തിലേക്കു പോലും നയിച്ചേക്കാമെന്നതാണ് കാരണം. പ്രശസ്തരും ഇതിനെ ഭയക്കുന്നു. അഭിനേത്രി രശ്മിക മന്ദാന ഇതിന്റെ ഇരയായി എന്നതാണ് രാജ്യത്തെ ഇളക്കിമറിച്ചത്.
സാറാ പട്ടേല്‍ എന്ന ബ്രിട്ടിഷ് ഇന്ത്യന്‍ നടിയുടെ ഉടലില്‍ രശ്മികയുടെ മുഖം ചേർത്തായിരുന്നു വ്യാജവിഡിയോ പുറത്തിറക്കിയത്. ഈ ഡീപ് ഫെയ്ക് ആക്രമണം തന്നെ ഭയപ്പെടുത്തിയെന്ന് രശ്മിക പറഞ്ഞു. കത്രിന കൈഫ്, ആലിയ ഭട്ട് തുടങ്ങിയവര്‍ക്കു നേരെയും ഇത്തരം ആക്രമണങ്ങള്‍ ഉണ്ടായി. അതേസമയം, ഡിജിറ്റല്‍ നാഗരികരെ ഇത്തരത്തിലുള്ള ആക്രമണങ്ങളില്‍നിന്ന് രക്ഷിക്കാന്‍ കേന്ദ്രം പ്രതിജ്ഞാബദ്ധരാണെന്നാണ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്.
∙അതിവേഗം 5ജി വലയിലാകുന്ന ഇന്ത്യ
രാജ്യത്ത് ആദ്യം 5ജി പ്രക്ഷേപണം ആരംഭിച്ചത് 2022 ഒക്ടോബര്‍ ഒന്നിനാണ്. റിലയന്‍സ് ജിയോയുടെയും എയര്‍ടെലിന്റെയും നേതൃത്വത്തിലാണ് രാജ്യത്തെ അതിവേഗ ഡേറ്റാ വിതരണസാങ്കേതികവിദ്യയായ 5ജിയുടെ കുടക്കീഴിലാക്കിക്കൊണ്ടിരിക്കുന്നത്. ഇരു കമ്പനികള്‍ക്കുമായി ഇപ്പോള്‍ ഏകദേശം 10,000 നഗരങ്ങളില്‍ 5ജി എത്തി. ജിയോയുടെ ട്രൂ 5ജി, എയര്‍ടെല്ലിന്റെ 5ജി പ്ലസ് നെറ്റ്‌വര്‍ക്കുകളാണ് അതിവേഗ നെറ്റ് പ്രചരിപ്പിക്കുന്നത്. ആഗോള തലത്തില്‍ 2028 ആകുമ്പോഴേക്ക് ഏകദേശം 300 ദശലക്ഷം 5ജി കണക്‌ഷനുകള്‍ ഉണ്ടായിരിക്കുമെന്നാണ് എറിക്‌സണ്‍ കമ്പനി പ്രവചിച്ചിരിക്കുന്നത്.
∙ട്വിറ്ററിന് എതിരാളിയുമായി മെറ്റാ
സ്‌പെയ്‌സ്എക്‌സ് മേധാവി ഇലോണ്‍ മസ്‌ക് 2022 ഒക്ടോബറിലെ സോഷ്യല്‍ മീഡിയ സേവനമായ ട്വിറ്റര്‍ ഏറ്റെടുത്ത് പരിഷ്‌കാരങ്ങള്‍ നടത്തി. ‘കുളിപ്പിച്ചു കുളിപ്പിച്ച്കൊച്ചില്ലാതായി’ എന്നു പറഞ്ഞ രീതിയിലുള്ള സംഭവവികാസങ്ങളാണ് ട്വിറ്ററില്‍ അരങ്ങേറിയത്. ട്വിറ്റര്‍ എന്ന പേരു പോലും മാറ്റി എക്‌സ് ആയി. ജോലിക്കാരെ പിരിച്ചുവിടലും ഉപയോക്താക്കളുടെ കൂട്ടപലായനവും പരസ്യദാതാക്കള്‍ ട്വിറ്ററിനോട് അകലം പുലര്‍ത്തിത്തുടങ്ങിയതും കണ്ടതോടെ മെറ്റാ കമ്പനിയുടെ മനസ്സില്‍ 'ലഡു പൊട്ടി'.
സകല സമൂഹ മാധ്യമങ്ങളും തന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതു കാണാന്‍ ആഗ്രഹിക്കുന്ന ആളാണ് മെറ്റാ മേധാവിയും ഫെയ്‌സ്ബുക്കിന്റെ സ്ഥാപകനുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ്. മാസങ്ങളായി മെറ്റാ കമ്പനി 'പ്രൊജക്ട് 92' എന്ന പേരില്‍ വികസിപ്പിച്ചു വന്ന പദ്ധതിയാണ് പിന്നീട് 2023 ല്‍ ത്രെഡ്‌സ് എന്ന പേരില്‍ 100 രാജ്യങ്ങളില്‍ അരങ്ങേറ്റം കുറിച്ചത്.
മെറ്റായുടെ മറ്റൊരു സേവനമായ ഇന്‍സ്റ്റഗ്രാമുമായി സഹകരിച്ചാണ് ത്രെഡ്‌സ് പ്രവര്‍ത്തിപ്പിച്ചത്. തുടക്കത്തില്‍ ചാറ്റ്ജിപിറ്റിയെ പോലും മറികടന്ന വളര്‍ച്ച കാണിച്ച ത്രെഡ്‌സിന് ജൂലൈ 11ന് 105 ദശലക്ഷം സബ്‌സ്‌ക്രൈബര്‍മാരെ ലഭിച്ചു. എന്നാല്‍, ഓഗസ്റ്റ് പകുതിയായപ്പോള്‍ ഇതില്‍ 80 ശതമാനം പേരും ഈ സേവനം ഉപയോഗിക്കുന്നതു നിർത്തിയെന്നും കണക്കുകള്‍ പറയുന്നു. എന്നാല്‍ ഇത്തരം ഒരു പതനം താന്‍ പ്രതീക്ഷിച്ചിരുന്നു എന്ന് സക്കര്‍ബര്‍ഗ്പ്രതികരിച്ചു. ഇതിനിടയില്‍ അദ്ദേഹവും എക്‌സ് മേധാവി മസ്‌കുമായി മല്ലയുദ്ധത്തിന് അങ്കം കുറിച്ചതും ഈ വര്‍ഷം ടെക് പ്രേമികള്‍ക്ക് രസം പകര്‍ന്ന കാഴ്ചയായിരുന്നു.
∙ആപ്പിള്‍ 3 ട്രില്യന്‍ ഡോളര്‍ കമ്പനിയായി
ഐഫോണ്‍ നിര്‍മാതാവ് ആപ്പിള്‍ ഈ വര്‍ഷം മറ്റൊരു ചരിത്രം കൂടി കുറിച്ചു- ജൂണ്‍ 28ന് 3 ട്രില്യന്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയായി.
∙വാട്‌സാപ്പില്‍ എഡിറ്റ് ബട്ടണ്‍
രാജ്യത്തെ ഏറ്റവും ജനപ്രീയ സന്ദേശക്കൈമാറ്റ സംവിധാനമായ വാട്‌സാപ്പില്‍ പോസ്റ്റ് ചെയ്ത ചാറ്റ് തിരുത്താനായി എഡിറ്റ് ബട്ടണ്‍ എത്തിയതും ഈ വര്‍ഷമാണ്.
∙ജോലിക്കാരെ പിരിച്ചുവിടല്‍ തുടര്‍ന്ന് കമ്പനികള്‍
കോവിഡിനു ശേഷം 2022 ലാണ് ആദ്യമായി, മുൻപില്ലാത്ത രീതിയില്‍ ടെക്‌നോളജി മേഖലയിലെ ഉദ്യോഗസ്ഥര്‍ക്ക് ജോലി നഷ്ടമായി തുടങ്ങിയത്. ഇത് 2023ലും തുടര്‍ന്നു. ഈ വര്‍ഷം ഒക്ടോബര്‍ വരെ ലഭ്യമായ കണക്കുകള്‍ പ്രകാരം 224,503 പേര്‍ക്കാണ് ജോലി നഷ്ടമായത്.