അമേരിക്കയിലെ ചീവീട് പ്രളയം; സിക്കാഡകളെ ഫീച്ചർ ചെയ്ത് ഗൂഗിൾ ഡൂഡിൽ
Mail This Article
യുഎസിൽ ചീവീടുപ്രളയത്തിനു കാരണമായിരിക്കുന്ന സിക്കാഡ എന്നയിനം ചീവീടുകളെ അവതരിപ്പിച്ച് ഗൂഗിൾ ഡൂഡിൽ. വർഷങ്ങൾ മണ്ണിൽ കഴിഞ്ഞശേഷം പുറത്തുവരുന്ന ചീവീടുകളാണ് സിക്കാഡകൾ. കോടിക്കണക്കിന് സിക്കാഡകളാണ് പറന്നുപൊങ്ങിയത്.ജൂൺ വരെ ഇതുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.
സികാഡകൾ ഭൗമോപരിതലത്തിൽ മുട്ടവിരിഞ്ഞുണ്ടായ ശേഷം ഇതു നിംഫ് എന്ന അവസ്ഥയിലെത്തും, തുടർന്ന് ഇത് മണ്ണിലേക്കു പോകും. അവിടെ മരങ്ങളുടെ വേരിൽ നിന്നുള്ള രസങ്ങൾ കുടിച്ച് വർഷങ്ങൾ ചെലവിടും. വർഷങ്ങൾക്കു ശേഷം ഇവ പൂർണമായി വളർച്ചയെത്തി ചീവീടാകുമ്പോൾ പുറത്തുവരും. പിന്നീടിവയുടെ ജീവിതം ആഴ്ചകൾ മാത്രമാണ്.
ഈ ചീവീട്പ്രളയം സംഭവിക്കുമ്പോൾ എല്ലായിടത്തും ചീവീടിന്റെ കരകര ശബ്ദം മാത്രം. മരത്തടികളിലും കാറുകളിലും ആളുകളുടെ ദേഹത്തും കെട്ടിടങ്ങളുടെ ഭിത്തികളിലും എല്ലാം ചീവീടു പൊതിയും. യുഎസിൽ പലരും റെയിൻകോട്ടുകളും ഫെയ്സ്ഷീൽഡുമിട്ടാണ് ഇതിനെ നേരിടാനായി നടക്കുന്നത്.
ചുവന്ന കണ്ണും സ്വർണച്ഛവിയുള്ള ചിറകുകളും ഇരുണ്ട ശരീരവുമുള്ള ചീവീട് മനുഷ്യർക്ക് അത്ര അപകടകാരിയൊന്നുമല്ല, കടിക്കാനോ കുത്താനോ കഴിവില്ലാത്ത നിരുപദ്രവകാരികളാണ് ഇവ.സാധാരണക്കാർക്ക് ഇതു പ്രശ്നമാകില്ലെങ്കിലും പ്രശ്നമാകുന്ന ഒരു കൂട്ടരുണ്ട്. യുഎസിൽ ജനസംഖ്യയുടെ 12.5 ശതമാനം പേർക്ക് ഏതെങ്കിലുമൊരു തരത്തിൽ ഫോബിയയുണ്ടെന്ന് പഠനമുണ്ട്.
പ്രാണികളോടുള്ള പേടിയായ എന്റെമോഫോബിയ ഇതിൽ ഏറ്റവും വ്യാപകമായിട്ടുള്ളതാണ്. ഇത്തരക്കാർക്ക് നൂറുകോടിക്കണക്കിന് ചീവീടുകൾ ഒരു സുപ്രഭാതത്തിൽ മേഖല മുഴുവൻ പരക്കുന്നത് മാനസികമായ ബുദ്ധിമുട്ടുണ്ടാക്കും. ഇത്തരത്തിൽ പുറത്തിറങ്ങാതെ വീട്ടിനുള്ളിൽ അടച്ചിരിക്കുന്ന ഒട്ടേറെപ്പേർ യുഎസിലുണ്ട്. കതകും ജനലും വരെ ബന്തവസാക്കിയാണ് ഈ ഇരിപ്പ്.വറുത്ത ചീവീടുകളെ ചോക്കലേറ്റിൽ മുക്കി കച്ചവടം ചെയ്യുന്നവരുമുണ്ട്. ഇതിനു നല്ല ഡിമാൻഡാണ്.