ADVERTISEMENT

ബോസുമായുള്ള മീറ്റിങിന് പ്രത്യേകിച്ചു ഓണ്‍ലൈന്‍ മീറ്റിങിന് നിങ്ങള്‍ക്കു പകരം എഐ അവതാറിനെ അയച്ചാലോ? മീറ്റിങില്‍ പങ്കെടുക്കുകയും നിങ്ങള്‍ക്കു പകരം കാര്യങ്ങള്‍ വിശദീകരിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ഉത്തരം പറയുകയുമൊക്കെ ചെയ്യുന്ന ഒരു എഐ അവതാര്‍. അങ്ങനെയൊന്ന് സമീപ ഭാവിയില്‍ സംഭവിക്കുമെന്നാണ് സൂം ചീഫ് എക്‌സിക്യൂട്ടീവ് എറിക് യുവാന്‍ അടുത്തിടെ പറഞ്ഞത് അഞ്ചോ ആറോ വര്‍ഷത്തിനുള്ളില്‍ നമുക്കു പകരം എഐ അവതാറിനെ കാര്യങ്ങളൊക്കെ പഠിപ്പിച്ച് സൂം മീറ്റിങില്‍ പങ്കെടുപ്പിക്കാന്‍ സാധിക്കുമെന്നാണ് എറിക് യുവാന്റെ നിരീക്ഷണം. ദ വെര്‍ജ് മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് സൂം ചീഫ് എക്‌സിക്യൂട്ടീവിന്റെ അഭിപ്രായ പ്രകടനം. 

Photo: DR MANAGER/ Shutterstock
Photo: DR MANAGER/ Shutterstock

'അഞ്ചോ ആറോ വര്‍ഷം ഭാവിയിലേക്ക് നോക്കിയാല്‍ അങ്ങനെയൊരു എഐ അവതാര്‍ തയ്യാറായിട്ടുണ്ടാവും. നിങ്ങളുടെ ജോലിയുടെ 90 ശതമാനവും ചെയ്യാന്‍ ഈ എഐ അവതാറിന് സാധിക്കും. ഇന്ന് ഓണ്‍ലൈനില്‍ നിങ്ങളും ഞാനും തമ്മില്‍ സംസാരിക്കുന്നതു പോലെ സംസാരിക്കാന്‍ ഈ എഐ അവതാറിന് സാധിക്കും. നമ്മള്‍ രണ്ടു പേര്‍ക്കും പകരമായി ഡിജിറ്റല്‍ അവതാറുകളെ രണ്ടുപേര്‍ക്കും അയക്കാനും എന്തെങ്കിലും വിഷയം ചര്‍ച്ച ചെയ്തു തീരുമാനത്തിലെത്താനും സാധിക്കും' അമ്പരപ്പിക്കുന്ന ഭാവിയിലെ എഐ അവതാറുകളെക്കുറിച്ച് എറിക് യുവാന്‍ പറയുന്നു. 

'ഭാവിയില്‍ നിങ്ങള്‍ക്ക് കൂടുതല്‍ സമയം ലഭിക്കും. എല്ലായ്‌പോഴും ജോലി ചെയ്യേണ്ടി വരില്ല. ആ സമയം മറ്റെന്തിനെങ്കിലും മാറ്റി വെക്കാനാവും. ആഴ്ച്ചയില്‍ അഞ്ചു ദിവസം ജോലി ചെയ്യേണ്ടി വരില്ല. മൂന്നോ നാലോ ദിവസം ചെയ്താല്‍ മതിയാവും. കുടുംബവുമൊത്ത് കൂടുതല്‍ സമയം ചിലവഴിച്ചുകൂടേ?' എറിക് യുവാന്‍ ചോദിക്കുന്നു. 

ഇത്തരം എഐ അവതാറുകള്‍ക്ക് ഓരോന്നിനും സ്വന്തം ലാര്‍ജ് ലാങ്ക്വേജ് മോഡല്‍(എല്‍എല്‍എം) ഉണ്ടായിരിക്കും. ചാറ്റ് ജിപിടി പോലുള്ള സാങ്കേതികവിദ്യയും സേവനങ്ങളും ഉപയോഗിച്ച് ഇത്തരം എഐ അവതാറുകളുടെ സംസാരവും സ്വഭാവരീതികളും നിശ്ചയിക്കാനാവും. ഇതോടെ തികച്ചും വ്യക്തിപരമായ ചോദ്യങ്ങള്‍ക്കു പോലും കൃത്യമായ ഉത്തരങ്ങള്‍ നല്‍കാന്‍ എഐ അവതാറുകള്‍ക്ക് സാധിക്കും. ഇനി ടെക്‌സ്റ്റ് ട്രാന്‍സ്‌ക്രിപ്റ്റ് നല്‍കിയാല്‍ അത് പ്രസംഗമാക്കി മാറ്റാനും ഇത്തരം എഐ അവതാറുകള്‍ക്ക് സാധിക്കും. ഇതെല്ലാം എഐ അവതാറുകളെ വ്യക്തികളുടെ ഡിജിറ്റല്‍ പകര്‍പ്പുകളാക്കി മാറ്റാന്‍ സഹായിക്കും. 

അതേസമയം ഇത്തരം സാങ്കേതിക വിദ്യ പ്രായോഗികമല്ലെന്ന വാദം ഉയര്‍ത്തുന്നവരുമുണ്ട്. എഐ വിദഗ്ധനായ സൈമണ്‍ വില്യംസണ്‍ അത്തരക്കാരില്‍ ഒരാളാണ്. 'എനിക്കു തോന്നുന്നത് ഇത് സയന്‍സ് ഫിക്ഷനില്‍ മാത്രം സാധ്യമായ ഒരു ആശയമാണിതെന്നാണ്. ഏതെങ്കിലും വ്യക്തികളുടെ ഡിജിറ്റല്‍ അവതാറിനെ എല്‍എല്‍എം വഴി നിര്‍മിക്കാനായെന്നു കരുതി നിങ്ങളുടെ ജോലികളെല്ലാം ഇത്തരം ഡിജിറ്റല്‍ അവതാറുകള്‍ ചെയ്യുമെന്ന് കരുതാനാവില്ല. പ്രത്യേകിച്ചും തീരുമാനമെടുക്കേണ്ട സന്ദര്‍ഭങ്ങളില്‍ ഇത്തരം ടൂളുകള്‍ വന്‍ പരാജയമാണ്. അതുതന്നെയാണ് അവയെ എതിര്‍ക്കാനുള്ള കാരണം' സൈമണ്‍ വില്യംസണ്‍ പറഞ്ഞു.

യഥാര്‍ഥ എഐ അവതാറിനേയും വ്യാജ എഐ അവതാറിനേയും തിരിച്ചറിയാനാവില്ലെന്ന ആശങ്കയും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. ഓണ്‍ലൈന്‍ വെരിഫിക്കേഷനുകള്‍ ഇത്തരം എഐ അവതാറിന്റെ വരവോടെ കൂടുതല്‍ സങ്കീര്‍ണമാവുമെന്നാണ് സൈബര്‍ സുരക്ഷാ കമ്പനിയായ 1പാസ്‌വേഡിന്റെ ചീഫ് പ്രൊഡക്ട് ഓഫീസര്‍ സ്റ്റീവ് വണ്‍ ഓര്‍മിപ്പിക്കുന്നത്.

English Summary:

AI Avatars Will Soon Attend Your Work Meetings, Claims Tech CEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com