ഇനി അതിവേഗ സ്റ്റാർലിങ്ക് ഇന്റർനെറ്റ്: ഒപ്പം കൂടാൻ ജിയോയും എയർടെല്ലും; സ്പീഡ്, നിരക്കുകള്‍ അറിയേണ്ടതെല്ലാം

Mail This Article
വർഷങ്ങളായി നാം പറഞ്ഞുകേൾക്കുന്ന, ഇലോൺ മസ്കിന് കീഴിലുള്ള ആഗോള ഇന്റര്‍നെറ്റ് പദ്ധതിയായ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് ഇപ്പോൾ ഇന്ത്യയിലേക്കും വന്നെത്തുകയാണ്. സാറ്റലൈറ്റ് സേവനങ്ങൾക്കുള്ള സ്പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മുൻ തർക്കം മറന്ന് എയർടെൽ കരാറൊപ്പിട്ടതിന് പിന്നാലെ ജിയോയും സ്റ്റാർലിങ്കുമായി സഹകരിക്കാൻ തീരുമാനിച്ചിരിക്കുന്നു.
കരാർ പ്രകാരം, ജിയോ അതിന്റെ റീട്ടെയിൽ സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും സ്റ്റാർലിങ്ക് ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം ഇൻസ്റ്റലേഷൻ പിന്തുണയും നൽകും. രാജ്യത്ത് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് സ്റ്റാർലിങ്ക് സർക്കാർ അനുമതി നേടിയാൽ മാത്രമേ രണ്ട് ഡീലുകളും ബാധകമാകൂ. ഗ്രാമപ്രദേശങ്ങൾ ഉൾപ്പെടെ, ഇന്റർനെറ്റ് ആക്‌സസ് ഉറപ്പാക്കുന്നതിന് ജിയോയുടെയും എയർടെലിന്റെയും വിപുലമായ മൊബൈൽ നെറ്റ്‌വർക്കും സ്റ്റാർലിങ്കിന്റെ ഉപഗ്രഹ സാങ്കേതികവിദ്യയും സഹായകമാകും.

സ്റ്റാർലിങ്ക് ഇപ്പോള്‍ 32 രാജ്യങ്ങളില്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് നല്‍കുന്നുണ്ട്. ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാനായി കമ്പനി 2021ല്‍ സബ്‌സ്‌ക്രിപ്ഷന്‍ വരെ സ്വീകരിച്ചിരുന്നു. എന്നാല്‍ ലൈസന്‍സ് നേടാതെ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനെതിരെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍ (ഡോട്ട്) മുന്നറിയിപ്പുമായി രംഗത്തെത്തിയതോടെയാണ് ഇത്രയും വൈകിയത്.
സ്റ്റാർലിങ്ക് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
ഭൂഗർഭ ഫൈബർ കേബിളുകളെയോ സെല്ലുലാർ ടവറുകളെയോ ആശ്രയിക്കുന്ന പരമ്പരാഗത ബ്രോഡ്‌ബാൻഡ് സേവനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇന്റർനെറ്റ് ആക്‌സസ് നൽകുന്നതിന് സ്റ്റാർലിങ്ക് ലോ-എർത്ത് ഓർബിറ്റ് (LEO) ഉപഗ്രഹങ്ങളുടെ ഒരു ശൃംഖല ഉപയോഗിക്കുന്നു.2018 ഫെബ്രുവരിയിലാണ് ആദ്യ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് വിക്ഷേപിച്ചത്. ഇതുവരെ ഏഴായിരത്തോളം ഉപഗ്രഹങ്ങളിലുടെയാണ് മസ്കിന്റെ സ്റ്റാർ ലിങ്ക് രാജ്യാന്തര ഇന്റർനെറ്റ് വിതരണം ചെയ്യുന്നത്.
എങ്ങനെ ബന്ധിപ്പിക്കുന്നു?

∙ ഉപയോക്താക്കൾക്ക് ഒരു സ്റ്റാർലിങ്ക് ഡിഷും റൂട്ടറും ആവശ്യമാണ്, അത് ഭൂമിയെ ചുറ്റുന്ന ഉപഗ്രഹങ്ങളിൽനിന്നുള്ള സിഗ്നൽ സ്വീകരിക്കും.
∙ഡിഷ് ഏറ്റവും അടുത്തുള്ള സ്റ്റാർലിങ്ക് സാറ്റലൈറ്റ് ക്ലസ്റ്ററുമായി ചേർന്നു പ്രവർത്തിക്കുകയും തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുകയും ചെയ്യുന്നു.
* നിശ്ചിത സ്ഥാന ഉപയോഗത്തിനായി സ്റ്റാർലിങ്ക് രൂപകൽപ്പന ചെയ്‌തിട്ടുണ്ടെങ്കിലും, അധിക ഹാർഡ്‌വെയർ ഉപയോഗിച്ച്, ചലിക്കുന്ന വാഹനങ്ങൾ, ബോട്ടുകൾ, വിമാനങ്ങൾ എന്നിവയിൽ ഇന്റർനെറ്റ് ആക്‌സസ് പിന്തുണയ്ക്കാനും ഇതിന് കഴിയും.
സ്റ്റാർലിങ്ക് പ്ലാനുകളും വേഗതയും: ഇന്ത്യയ്ക്ക് എന്ത് പ്രതീക്ഷിക്കാം?

ഇന്ത്യയ്ക്കായുള്ള സ്റ്റാർലിങ്കിന്റെ പദ്ധതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, പ്രതീക്ഷിക്കാവുന്ന ഒരു റഫറൻസായി അയൽ രാജ്യങ്ങളിലെ നിരക്കുകൾ പരിശോധിക്കാം.23 എംബിപിഎസ് മുതല്‍ 110 എംബിപിഎസ് വരെയുള്ള ലൈറ്റ് പ്ലാനുകൾക്ക് മാസം ഏകദേശം 3000 രൂപയാണ് ഭൂട്ടാനിൽ വരുന്നത്.
പരിധിയില്ലാത്ത ഉപയോഗം അനുവദിക്കുന്ന പ്ലാനുകൾക്ക് മാസം നാലായിരം രൂപയിലധികം നൽകണം. അതേസമയം നികുതി ഉൾപ്പെടെ ഏകദേശം 5000 രൂപയായിരിക്കും ഇന്ത്യയിലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബിസിനസ് പ്ലാനുകൾക്കായി 8000 മുതൽ ആരംഭിക്കുന്ന പ്ലാനുകള്‍ ആയിരിക്കും ഉണ്ടായിരിക്കുക.
നിലവിൽ, സ്റ്റാർലിങ്കിന്റെ ഹാർഡ്‌വെയർ ചെലവ് 25,000-35,000 രൂപ വരെയും കണക്കാക്കപ്പെടുന്നു. പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ വ്യാപകമായ സ്വീകാര്യതയ്ക്കായി, സ്‌പെയ്സ് എക്‌സ് ഇന്ത്യയ്ക്ക് പ്രത്യേകമായ വിലനിർണയം അവതരിപ്പിക്കുകയോ സർക്കാർ പിന്തുണയുള്ള ഡിജിറ്റൽ പ്രോഗ്രാമുകളുമായി പങ്കാളികളാകുകയോ ചെയ്യേണ്ടിവരും.
പ്രാദേശിക ഡാറ്റാ സംഭരണ നിയന്ത്രണങ്ങൾ, സുരക്ഷാ ക്ലിയറൻസുകൾ എന്നിങ്ങനെ കടമ്പകളിലൂടെ കടന്നുപോകേണ്ടതുണ്ട്. ആവശ്യമായ ലൈസൻസുകൾ നേടുന്നതിന് മുമ്പ് പ്രീ-ബുക്കിങുകൾ സ്വീകരിച്ചതിന് കമ്പനി മുമ്പ് ഇന്ത്യയിൽ തിരിച്ചടി നേരിട്ടിരുന്നു, ഇത് അവരുടെ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിന് കാരണമായി.
നിലവിൽ സ്റ്റാർലിങ്കിന് ഇന്ത്യയുടെ നിയന്ത്രണപരമായ നൂലാമാലകൾ മറികടന്ന് സാധാരണക്കാർക്ക് സ്വീകാര്യമായ വിലയിൽ സേവനം നൽകാൻ കഴിയുമോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം. അങ്ങനെയാണെങ്കിൽ, രാജ്യത്തിന്റെ ഡിജിറ്റൽ ലാൻഡ്‌സ്‌കേപ്പ് എന്നെന്നേക്കുമായി മാറിയേക്കാം.