വീണ്ടും ഉഷാറായി വയനാട്, കോവിഡിൽ അടച്ച വിനോദ സഞ്ചാര കേന്ദ്രങ്ങള് തുറന്നു
Mail This Article
വയനാട്ടിൽ വിനോദ സഞ്ചാരത്തിന് ഉണർവായി വനത്തിനുള്ളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറക്കുന്നു. 2 വർഷത്തിലേറെയായി അടഞ്ഞ് കിടക്കുന്ന സൂചിപ്പാറ വെള്ളച്ചാട്ടം, ചെമ്പ്ര പീക്ക്, മീൻമുട്ടി വെള്ളച്ചാട്ടം, കുറുവ ദ്വീപ് എന്നിവ തുറക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് വയനാട് ഫോറസ്റ്റ് ഡിവിഷനുകളിലെ 4 കേന്ദ്രങ്ങൾ അടച്ചത്. കോവിഡ് പ്രതിന്ധിയിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചതെല്ലാം ഇപ്പോൾ തുറന്നു.
സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട വനത്തിലെ കേന്ദ്രങ്ങൾ തുറക്കുന്നതോടെ സന്ദർശകർ കൂടുതലായി ജില്ലയിലേക്കെത്തുമെന്നാണ് കരുതുന്നത്. നിലവിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി സംസ്ഥാന അതിർത്തികളിൽ നിയന്ത്രണമുണ്ടായതിനാലും ചുരം റോഡ് നിർമാണ പ്രവർത്തികളും സന്ദർശകരുടെ എണ്ണം കുറയുന്നതിന് കാരണമായിരുന്നു. എന്നാൽ വീണ്ടും വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം സജീവമായി വരികയായിരുന്നു. അതിനിടയിൽ ഇൗ കേന്ദ്രങ്ങൾ കൂടെ തുറക്കാനുള്ള വിധി വന്നത് ജില്ലയ്ക്ക് നേട്ടമാകും.
2019 ലാണ് പ്രകൃതി സംരക്ഷണ സമിതിയുടെ പരാതിയെ തുടർന്ന് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടാൻ തീരുമാനമായത്. ജില്ലയിൽ കൂടുതൽ വിനോദ സഞ്ചാരികളെത്തുകയും സന്ദർശകർക്ക് ഏറെ പ്രിയപ്പെട്ട കേന്ദ്രങ്ങളുമായിരുന്നു ഇവ. വനഭൂമി വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുന്നതിന് കേന്ദ്രസർക്കാരിന്റെ അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രകൃതി സംരക്ഷണ സമിതി പരാതി നൽകിയതിനെ തുടർന്നാണ് നടപടിയുണ്ടായത്. പിന്നീട് അപേക്ഷ നൽകുകയും അംഗീകാരം നേടിയെടുക്കുകയും ചെയ്തു. കേന്ദ്രങ്ങൾ അടച്ചതോടെ നിരവധി ജീവനക്കാരും ബന്ധപ്പെട്ട് ജീവിതം മുൻപോട്ട് കൊണ്ടുപോയവരും പ്രതിസന്ധിയിലായിരുന്നു. തുറക്കുന്നത് ഇവർക്കും ആശ്വാസമാകും. ൃ
സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കും
കോവിഡിന്റെ അടക്കം പശ്ചാത്തലത്തിൽ 4 കേന്ദ്രങ്ങളിലേക്കും പ്രവേശിക്കുന്നവരുടെ എണ്ണവും നിശ്ചയിട്ടുണ്ട്. കേന്ദ്രങ്ങൾ ദീർഘകാലം അടച്ചിട്ടതിനാൽ അറ്റകുറ്റ പണികളെല്ലാം നടത്തിയതിന് ശേഷം മാത്രമേ വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കുകയുള്ളു.പ്രവേശിപ്പിക്കുന്ന ആളുകളുടെ എണ്ണം
∙ കുറുവ ദ്വീപ് -1150
∙ ചെമ്പ്ര പീക്ക് -200
∙ മീൻമുട്ടി വെള്ളച്ചാട്ടം -1200
∙ സൂചിപ്പാറ വെള്ളച്ചാട്ടം -1200
English Summary: Wayanad Tourist places