ഏകാന്ത ദേശങ്ങളെ പ്രണയിക്കുന്നവരുടെ സ്വപ്ന ലക്ഷ്യമാണ് ഈ ദ്വീപുകൾ
Mail This Article
ആള്പെരുമാറ്റം കുറഞ്ഞ പ്രകൃതി സുന്ദരമായ ഒറ്റപ്പെട്ട സ്ഥലങ്ങള്‍ സഞ്ചാരികളില്‍ വലിയൊരു വിഭാഗത്തിനും ഏറെ പ്രിയപ്പെട്ടതാണ്. ലോകത്തിലെ തന്നെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലമാണു നിങ്ങള്‍ക്കു വേണ്ടതെങ്കില്‍ അങ്ങനെയും ഒരു സ്ഥലമുണ്ട്. അതാണ് ട്രിസ്റ്റന്‍ ഡാ കുന്‍ഹ. തെക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തിലെ ഈ അഗ്നിപര്‍വത ദ്വീപുകളിലാണ് പ്രധാന വന്‍കരയില്‍ നിന്നും ഏറ്റവും അകലെ സമുദ്രത്തില്‍ മനുഷ്യവാസമുള്ളത്.
ഏറ്റവും അടുത്തുള്ള വന്‍കര ഭാഗമായ ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലേക്ക് ട്രിസ്റ്റന്‍ ഡാ കുന്‍ഹയില്‍ നിന്നും 2,787 കിലോമീറ്റര്‍ ദൂരമുണ്ട്. 2018 വരെയുള്ള കണക്കുകള്‍ പ്രകാരം ട്രിസ്റ്റന്‍ ഡാ കുന്‍ഹയില്‍ ആകെ 250 സ്ഥിര താമസക്കാര്‍ മാത്രമാണുള്ളത്. ട്രിസ്റ്റന്‍ ഡാ കുന്ഹക്കു പുറമേ ഗോ ഐലന്‍ഡ്, ഇന്‍ആക്സസബിള്‍ ഐലന്‍ഡ് എന്നിവയിലാണ് മനുഷ്യരുള്ളത്. നൈറ്റിംങ്ഗേല്‍ ഐലന്‍ഡില്‍ മനുഷ്യവാസമില്ല. പ്രധാന ദ്വീപില്‍ നിന്നും 350 കിലോമീറ്റര്‍ അകലെയുള്ള ഗോഫ് ദ്വീപാണ് പ്രധാന ദ്വീപില്‍ നിന്നും ഏറ്റവും അകലെയുള്ളത്.
ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള പ്രദേശമാണ് ട്രിസ്റ്റന്‍ ഡാ കുന്‍ഹ. വിമാനമാര്‍ഗം ഇവിടേക്കു പോവാനാവില്ല. കേപ്ടൗണില്‍ നിന്നും ആറു ദിവസത്തെ സമുദ്ര യാത്രക്കൊടുവിലാണ് ട്രിസ്റ്റന്‍ ഡാ കുന്‍ഹയിലേക്ക് എത്തിച്ചേരാനാവുക. കപ്പലുകളും മത്സ്യബന്ധന ബോട്ടുകളുമാണ് ഈ യാത്രയ്ക്ക് ആശ്രയിക്കാനാവുന്നത്. കപ്പലിനേക്കാള്‍ ചെലവു കുറവാണ് ബോട്ടുകളിലെ യാത്രകള്‍ക്ക്. ആറു ദിവസത്തെ യാത്രാ സമയം കാലാവസ്ഥ പ്രതികൂലമാണെങ്കില്‍ പിന്നെയും വര്‍ധിക്കും. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെ ട്രിസ്റ്റന്‍ ഡാ കുന്‍ഹയിലേക്ക് ക്രൂസ് കപ്പലുകളും എത്താറുണ്ട്.
ബ്രിട്ടീഷ് ഓവര്‍സീസ് ടെറിട്ടറീസ് സിറ്റിസന്‍ഷിപ്പാണ് ട്രിസ്റ്റന്‍ ഡാ കുന്‍ഹയിലെ താമസക്കാര്‍ക്കുള്ളത്. ട്രിസ്റ്റന്‍ ഡാ കുന്‍ഹയും ഒരു അഗ്നിപര്‍വത ദ്വീപാണെങ്കിലും ക്യൂന്‍സ് മേരി കൊടുമുടിയാണ് അഗ്നിപര്‍വതങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ഉയരത്തിലുള്ളത്. സമുദ്ര നിരപ്പില്‍ നിന്നും 6,765 അടി ഉയരത്തിലാണ് ക്യൂന്‍സ് മേരി കൊടുമുടിയുള്ളത്.
പോര്‍ച്ചുഗീസ് സമുദ്ര പര്യവേഷകനായ ട്രിസ്റ്റോ ഡാ കുന്‍ഹയാണ് 1506ല്‍ ഈ ദ്വീപ സമൂഹങ്ങളെ ആദ്യം കണ്ടെത്തുന്നത്. സമുദ്രത്തിനു നടുവിലായി ഒറ്റപ്പെട്ടു കിടക്കുന്നതിനാല്‍ പിന്നീടും നൂറ്റാണ്ടുകളോളം ഈ ദ്വീപില്‍ മനുഷ്യ വാസമുണ്ടായിരുന്നില്ല. 1816ല്‍ ഒരു കൂട്ടം ബ്രിട്ടീഷ് സൈനികരാണ് ഇവിടെ താമസം ആരംഭിക്കുന്നത്. പട്ടാളക്കാര്‍ക്കൊപ്പം കുട്ടികളും സ്ത്രീകളും അടങ്ങുന്ന സാധാരണക്കാരും ഇവിടേക്കെത്തിയിരുന്നു.
ജൈവ വൈവിധ്യത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഗോ ഐലന്‍ഡും ഇന്‍ആക്സസബിള്‍ ഐലന്‍ഡും ലോക പൈതൃക കേന്ദ്രമായി യുനെസ്കോ അംഗീകരിച്ചിട്ടുണ്ട്. കടല്‍പക്ഷികളുടെ ഇവിടുത്തെ കോളനികളും മഞ്ഞ മൂക്കുള്ള കടല്‍കാക്കകളും നോര്‍ത്തേണ്‍ റോക്ഹോപര്‍ പെന്‍ഗ്വിനുകളും ഇവിടെയുണ്ട്.
ട്രിസ്റ്റന്‍ ഡാ കുന്ഹയിലേക്കു പോവാന്‍ വീസ ആവശ്യമില്ലെങ്കിലും യാത്രികര്‍ക്ക് ഐലന്‍ഡ് കൗണ്‍സിലിന്റെ അനുമതി ആവശ്യമാണ്. പാസ്പോര്ട്ടില് ഐലന്‍ഡ് കൗണ്‍സില്‍ രേഖപ്പെടുത്തുകയും ചെയ്യും. ഇവിടേക്കു പോകാന്‍ ആഗ്രഹിക്കുന്നവര്‍ എപ്പോഴാണ് യാത്രയെന്നും എത്ര ദിവസം തങ്ങുമെന്നും എവിടെയാണ് താമസിക്കുന്നതെന്നും യാത്രയുടെ ലക്ഷ്യം എന്താണെന്നും വിവരിച്ചുകൊണ്ട് അപേക്ഷ നല്‍കേണ്ടതുണ്ട്. പുറം ലോകത്ത് സുലഭമായ പല സൗകര്യങ്ങളും ഇവിടെയില്ല. പ്രത്യേകിച്ചും ഇന്റര്‍നെറ്റിന് ഒച്ചിഴയുന്ന വേഗത മാത്രമാണുള്ളത്. വിദൂരതയിലെ ഏകാന്ത ദേശങ്ങളെ പ്രണയിക്കുന്നവരുടെ സ്വപ്ന ലക്ഷ്യമാണ് ട്രിസ്റ്റന്‍ ഡാ കുന്‍ഹ.