ദേശീയപാത വികസനം, ഏറ്റവും ഗുണം ടൂറിസം മേഖലയ്ക്ക്: മന്ത്രി പിഎ മുഹമ്മദ് റിയാസ്
Mail This Article
ദേശീയപാത 66 വികസനം ഏറ്റവും കൂടുതൽ ഗുണം ചെയ്യുക കേരളത്തിലെ ടൂറിസം മേഖലയെന്ന് കേരള ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മലപ്പുറം ജില്ലയിലെ ദേശീയപാതാ നിർമാണ പുരോഗതി വിലയിരുത്താനെത്തിയ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ഒപ്പം സഞ്ചരിക്കാൻ അവസരം കിട്ടിയ മലപ്പുറം സ്വദേശി ഹക്കിം പുറത്തുവിട്ട വിഡിയോയിലാണ് മന്ത്രിയുടെ പരാമർശം.
ദേശീയ പാത വികസനം ഏറ്റവും ഗുണം ടൂറിസം മേഖലയ്ക്ക്....
‘‘ടൂറിസം മേഖലയിൽ വലിയ കുതിപ്പാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. കേരളം ഉണ്ടായതിനു ശേഷമുള്ള ആഭ്യന്തര സഞ്ചാരികൾ ഇന്ത്യയിലെ മറ്റു സംസ്ഥാനത്തു നിന്നു കേരളത്തിലേക്കു വരുന്ന സഞ്ചാരികളുടെ എണ്ണം സർവകാല റെക്കോർഡാണ് 2023 ൽ. നേരത്തെ ഉണ്ടായിരുന്ന ഒരു പ്രശ്നം കേരളത്തിൽ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ യാത്ര ചെയ്ത് എത്താൻ പറ്റില്ല എന്നായിരുന്നു. ദേശീയപാത 66 ന്റെ വികസനം വരുന്നതോടു കൂടി അത് പരിഹരിക്കുകയാണ്. ഇതിന് ഏറ്റവും ഗുണം ടൂറിസം മേഖലയ്ക്കാണ്. ടൂറിസം മേഖലയുമായി ദേശീയ പാതയെ കണക്ട് ചെയ്യാവുന്ന സംവിധാനങ്ങളെന്തൊക്കെ പറ്റും എന്നുള്ളത് ഞങ്ങൾ പരിശോധിക്കും. എവിടെയൊക്കെ പറ്റും എന്നുള്ളത് പരിശോധിച്ച് ഇടപെടാൻ ഞങ്ങൾ ശ്രമിക്കും.’’
തീരദേശ ഹൈവേ, കേരളത്തിന്റെ സ്വപ്ന പദ്ധതി
കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ് തീരദേശ ഹൈവേ. അതുപോലെ തന്നെ ഒരു സ്വപ്ന പദ്ധതിയാണ് മലയോര ഹൈവേ. തീരദേശ ഹൈവേ 9 ജില്ലകളിലൂടെയാണ്. മലയോര ഹൈവേ 13 ജില്ലകളിലൂടെ. മലയോര ഹൈവേ 1200 കിലോമീറ്ററാണ്. തീരദേശ ഹൈവേ 600 കിലോമീറ്ററാണ്. രണ്ടും കേരളത്തിന്റെ വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെയാണ്. ഒന്നു മലയോര മേഖലയിലൂടെ മറ്റൊന്ന് തീരദേശ മേഖലയിലൂടെ. ഈ രണ്ടു ഹൈവേ വരുന്നതോടു കൂടി കേരളത്തിൽ ഇടനാട് ദേശീയ പാത ഒരു ഭാഗത്തു വരുന്നു. ഇപ്പുറത്ത് തീരദേശ ഹൈവേ വരുന്നു. അപ്പുറത്ത് മലയോര ഹൈവേ വരുന്നു.
കേരളം മാറി. അതിൽ മലയോര ഹൈവേയിലുള്ള പ്രശ്നം വനഭൂമിയാണ് പലയിടങ്ങളിലും വനഭൂമിയുടെ ഭാഗമായിട്ടുള്ള പ്രശ്നങ്ങൾ കേരളത്തിലെ ഗവൺമെന്റ് മാത്രം വിചാരിച്ചാൽ പരിഹരിക്കപ്പെടുന്നതല്ല. അത് സെൻട്രൽ ഫോറസ്റ്റ് മിനിസ്ട്രിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അതും വേഗത്തിലാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ചില ജില്ലകളിൽ ഈ പ്രശ്നമുണ്ട്. ആ പ്രശ്നങ്ങൾ പരിഹരിക്കാൻ അവിടുത്തെ ജനപ്രതിനിധികൾ, സാമൂഹികപ്രവർത്തകർ എല്ലാവരുമായി ചേർന്നു നിന്നുകൊണ്ടുള്ള ഇടപെടലാണ് നടത്തുന്നത്. എത്രയും വേഗത്തിൽ ഇതൊക്കെ പരിഹരിച്ച് എൻഎച്ച് 66 തീരദേശ ഹൈവേ, മലയോര ഹൈവേ എന്നിവ പൂർത്തീകരിച്ചൊരു കേരളം... ഒന്നു കണ്ണടച്ചു കണ്ണുതുറന്നു നോക്കൂ...
അങ്ങനെയൊരു കേരളമാണ് ഇനി വരാൻ പോകുന്നത്. ആ കേരളം വന്നു കഴിഞ്ഞാൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ എപ്പോൾ വേണമെങ്കിലും എങ്ങനെവേണമെങ്കിലും വേഗത്തിൽ എത്താൻ പറ്റും. എന്നാലും വാഹനപ്പെരുപ്പം കൂടുതലാണ്. ഇനിയും വണ്ടികൾ കൂടും. ഇതുകൊണ്ട് മാത്രം പ്രശ്നം പരിഹരിക്കാൻ പറ്റില്ല. അതുകൊണ്ടാണ് സിൽവർ ലൈൻ വേണമെന്ന് ആവശ്യപ്പെടുന്നത്. എന്തായാലും വലിയൊരു ആശ്വാസമാണ് തീരദേശ ഹൈവേ മലയോര എൻഎച്ച്66 ഹൈവേ.