ADVERTISEMENT

ഇരുണ്ട ഭൂഖണ്ഡം എന്ന് ആഫ്രിക്കയെപ്പറ്റി സോഷ്യൽ സ്റ്റഡീസിൽ പഠിച്ചത് ഏതു ക്ലാസിലാണെന്ന് ഓർമയില്ല. അമ്പും വില്ലും പിടിച്ച ആഫ്രിക്കൻ ഗോത്രവർഗക്കാരുടെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രവും അതിൽ ഉണ്ടായിരുന്നു. പിന്നീട് ആ ഇരുളിൻ മുകളിൽ വെളിച്ചം വീശിയെങ്കിലും മനസ്സിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം അങ്ങനെതന്നെ നിന്നിരുന്നു. വായിച്ചും കേട്ടുമറിഞ്ഞ ആ ലോകത്തെ കണ്ടറിയുവാനുള്ള, ഒരവസരം എന്നെ തേടിയെത്തുകയായിരുന്നു; കിഴക്കൻ ആഫ്രിക്കയിലെ രാജ്യമായ ടാൻസാനിയ സന്ദർശനത്തിലൂടെ. പ്രശസ്തമായ ചില ദേശീയ ഉദ്യാനങ്ങൾ, ഗാംഭീര്യമുള്ള കിളിമഞ്ജാരോ പർവതം ഉൾപ്പെടെയുള്ള പ്രകൃതിവിസ്മയങ്ങളാണ് ടാൻസാനിയയ്ക്കു ലോകഭൂപടത്തിൽ പ്രമുഖമായൊരു സ്ഥാനം നൽകിയത്. 

leopard
സെറെൻഗെറ്റിയിലെ പുള്ളിപ്പുലികൾ‌.

ഞങ്ങളുടെ ആറംഗ സംഘം കൊച്ചിയിൽനിന്നു യാത്ര പുറപ്പെട്ടു. ദോഹ വഴി ടാൻസാനിയയിലേക്ക്. ഞങ്ങൾ കിളിമഞ്ജാരോ എയർപോർട്ടിൽ ലാൻഡ് ചെയ്തു. ചെക്ക് ഔട്ട് ചെയ്ത് വരുമ്പോൾ പുറത്ത് ഹൃദയം കൊണ്ട് സ്വാഗതമോതുന്ന ഒരു ചെറുപുഞ്ചിരി മുഖത്തണിഞ്ഞ്, ഗൈഡും ഗാർഡും ഡ്രൈവറും ആയ നിക്സൻ നിൽക്കുന്നുണ്ടായിരുന്നു. ലഗേജുകൾ കയറ്റി യാത്ര തുടങ്ങിയപ്പോൾ, ആദ്യത്തെ പരിചയപ്പെടലിനു ശേഷം ഞാൻ നിക്സനോട് ആ കാര്യം ചോദിച്ചു: ‘‘എവിടെയാണ് കിളിമഞ്ജാരോ അഗ്നിപർവതം?’’ യാത്രാമധ്യേ അങ്ങു ദൂരെ എവിടെയെങ്കിലും കാണാൻ കഴിഞ്ഞേക്കും എന്നൊരു പ്രതീക്ഷയിൽ ആയിരുന്നു ചോദ്യം. എന്നാൽ ഞങ്ങൾ സഞ്ചരിക്കുന്നതിന്റെ എതിർ ദിശയിൽ പോയാൽ മാത്രമെ കാണാൻ കഴിയൂ, അതും മേഘങ്ങളില്ലാത്ത തെളിഞ്ഞ പകലുകളിൽ, എന്നായിരുന്നു മറുപടി.

Team
ലേഖികയും സഹയാത്രികരും.

‘‘മരിച്ച് ജീവിക്കുന്ന, ഹിമപാളികൾ കൊണ്ട് പൊതിഞ്ഞ്, മേഘങ്ങൾക്കിടയിൽ മറഞ്ഞ്, ഭൂമിയിലെ നാലാമത്തെ വലിയ അഗ്നിപർവതമായ, ഞങ്ങളുടെ രജനികാന്തിന്റെയും ഐശ്വര്യ റായിയുടേയും പാദസ്പർശം ഏൽക്കാൻ ഭാഗ്യമില്ലാതെ പോയ അല്ലയോ മഹാനുഭാവാ, താങ്കളെ കാണണം എന്നുള്ള  ആഗ്രഹം തൽക്കാലം ഞാനിവിടെ ഉപേക്ഷിക്കുന്നു’’ എന്നു ഞാൻ പറഞ്ഞില്ല. അവസരങ്ങൾ. അത് എപ്പോൾ വേണമെങ്കിലും വന്നു ചേരാം.

hippopotamus
എൻഗോരോംഗോരോ ക്രേയ്റ്ററിലെ തടാകത്തിൽ കിടക്കുന്ന ഹിപ്പൊപ്പൊട്ടാമസ്.

അന്നത്തെ ഞങ്ങളുടെ താമസം ക്രമീകരിച്ചിട്ടുള്ള മൗണ്ട് മെറൂ ഗെയിം ലോഡ്ജിനെ ലക്ഷ്യമാക്കി യാത്ര തുടർന്നു. അരൂഷ എന്ന് സ്ഥലത്ത് 33 ഏക്കറിൽ പരന്നു കിടക്കുന്ന ഭൂപ്രദേശത്താണ് 1959 ൽ സ്ഥാപിച്ച മൗണ്ട് മെറൂ ഗെയിം ലോഡ്ജ്. ടാൻസാനിയയിൽ റിസോർട്ടുകൾക്ക് ലോഡ്ജ് എന്നാണ് പറയുന്നതെന്നത് എനിക്കു പുതിയ അറിവായിരുന്നു.

ഗേറ്റ് കടക്കുമ്പോൾ ആദ്യം ശ്രദ്ധയിൽ പെട്ടത് ലോഡ്ജിനോടു ചേർന്ന് സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം ആണ്. ചേർന്ന് എന്നുപറഞ്ഞാൻ ഒരു മതിലിന് അപ്പുറം. മതിൽ എന്ന് പറഞ്ഞാലോ, ഒരു അരമതിൽ. അവിടെ വലിയ ഒരു കുളത്തിൽ നീന്തിത്തുടിക്കുന്ന താറാവുകൾ, അതിന്റെ വലതുവശത്ത് നൃത്തമാടുന്ന മയിലുകൾ, സീബ്ര, ആന. ആഹാ, നയനമനോഹരം. അരമതിലിൽ കയറി ഇരുന്നു, ശരീരത്തിനും മനസ്സിനും ഭാരമില്ലാതെ. പിന്നെ സുഖകരമായ കാലാവസ്ഥയും. കൂടാതെ ആധുനിക സൗകര്യങ്ങൾ ഉള്ള കോട്ടേജുകൾ സ്ഥാപിച്ചിരിക്കുന്ന ആ മനുഷ്യനിർമിത വനത്തിൽ വസിക്കുന്ന കൊളൊബസ്സ് കുരങ്ങുകളുടെ ഊഞ്ഞാലാട്ടവും .

zebra
സെറെൻഗെറ്റിയിലെ സീബ്രക്കൂട്ടം

ക്യാംപ് ഫയറിന് ചുറ്റുമിരുന്ന് അത്താഴം കഴിച്ചു. വിഭവ സമൃദ്ധം. സത്യം പറയട്ടെ, ഞങ്ങളിൽ ആരും 'ഫുഡി'കൾ അല്ല. വായ്ക്ക് രുചിയായിട്ട് എന്തെങ്കിലും കഴിക്കണം അത്ര തന്നെ.  പത്ത് ദിവസത്തെ പരിപാടി. സെറെൻഗെറ്റി നാഷനൽ പാർക്ക് വഴി, വടക്കുനിന്ന് തെക്കോട്ട് മൃഗങ്ങളുടെ കുടിയേറ്റം കാണുകയാണ് പ്രധാന ലക്ഷ്യം. കൂടാതെ, മന്യാര നാഷനൽ പാർക്ക്, എൻഗോരോംഗോരോ ഗർത്തം, മസായി വില്ലേജ് ഇവയും ഉൾപ്പെടുത്തിയിട്ടുണ്ട്.  

മന്യാര നാഷനൽ പാർക്ക്       

ഇന്ന് സഫാരിയുടെ ആദ്യ ദിനം. കാഴ്ചകളിലേക്ക് ഇറങ്ങുകയാണ്.  പ്രഭാതഭക്ഷണം കഴിഞ്ഞ് ലോഡ്ജിൽനിന്നു പുറപ്പെട്ടു. ‘‘ഹബാരി സ അസുബുഹി’’ (ഗുഡ് മോണിങ്) ആശംസിച്ചു കൊണ്ട് നിക്സൺ വന്നു. ഇന്നത്തെ യാത്ര മന്യാര നാഷനൽ പാർക്കിലേക്ക് ആണ്. ഒന്നര രണ്ടു മണിക്കൂർ ആണ് പാർക്കിലേക്കുള്ള ദൂരം. ഇരുവശവും കൃഷി സ്ഥലങ്ങൾ. കാപ്പി ആണ് പ്രധാന നാണ്യവിള. അരി, ഗോതമ്പ്, ചോളം, മെയ്സ് എന്നിങ്ങനെ ഭക്ഷ്യവിളകളും ഉണ്ട്. എന്നാൽ വഴിയിൽ കുറച്ച് തിരക്കുള്ള ഭാഗത്ത് (ഒന്നോ രണ്ടോ കടകൾ, വീടുകൾ, ബാർബർ ഷോപ്പ് ഇത്രയുമാണ് തിരക്ക് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്) വഴിയോര കച്ചവടക്കാരുടെ കുട്ടകളിൽ നിറഞ്ഞിരുന്നത് വിവിധ ഇനം വാഴപ്പഴങ്ങളും മധുരക്കിഴങ്ങും ആയിരുന്നു.

Lion
സെറെൻഗെറ്റിയിലെ പുൽമേട്ടിൽ വെയിൽ കായുന്ന സിംഹങ്ങൾ‌.

നല്ല റോഡ്. സുഖകരമായ യാത്ര. ജനവാസം കുറഞ്ഞ മേഖലയും കടന്ന് പോകുകയാണ്, ഞങ്ങൾ. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പുൽമേടുകൾ. ചില സ്ഥലങ്ങളിൽ ഇടതുകയ്യിൽ വടിയുമായി കാലി വളർത്തി നടക്കുന്ന മസായികളെ കാണാം. മന്യാരയിൽ എത്താൻ ഇനിയും സമയം ഉണ്ട്. അതിനിടയിൽ നിക്സണെ പരിചയപ്പെടാം. ലുഥറൻ സഭാവിശ്വാസി ആണ്, അദ്ദേഹം. ഭാര്യയും ഹൈസ്കൂളിൽ പഠിക്കുന്ന രണ്ടു ആൺകുട്ടികളും ഉണ്ട്. ഞങ്ങൾ ഇന്ത്യാക്കാർ ആണ് എന്നറിയാവുന്നത് കൊണ്ടാകണം, ഷെഫ് ആയ തന്റെ ഭാര്യക്ക് ഇന്ത്യൻ വിഭവമായ പനീർ ബട്ടർ മസാല പാചകം ചെയ്യാനറിയാം എന്ന് ചെറിയൊരു പാലം നിക്സൺ ഞങ്ങൾക്കിടയിലേക്ക് വലിച്ചിട്ടത്. 

 മന്യാര പാർക്കിലേക്ക് പ്രവേശിക്കുമ്പോൾ വലിയ വൃക്ഷങ്ങൾ നിറഞ്ഞ വനം ആണ് ആദ്യം. വൃക്ഷം കയറുന്ന സിംഹങ്ങൾക്കു ലോകപ്രസിദ്ധം ആണ് ടാൻസാനിയ. പ്രാണികളുടെ ശല്യത്തിൽനിന്ന് രക്ഷപ്പെടാനും, ഇരയെ കണ്ടെത്താനും വൃക്ഷങ്ങളുടെ ശിഖരങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്ന ഇവയെ കാണണമെങ്കിൽ മുകളിലേക്ക് നോക്കി വേണം യാത്ര ചെയ്യാൻ. നിക്സൺ മുൻകൂർ ജാമ്യം എടുത്തിരുന്നു. ഇടതൂർന്ന വൃക്ഷങ്ങൾ നിറഞ്ഞ കാട്ടിലൂടെയുള്ള മൺറോഡിലൂടെ കുറെ അധികം യാത്ര ചെയ്തിട്ടും വൃക്ഷത്തിന് താഴെയോ മുകളിലോ സിംഹങ്ങളെ കാണുവാൻ കഴിഞ്ഞില്ല. ഞങ്ങൾ പാർക്കിനകത്തേക്കു പോയി.

ലേക്ക് മന്യാര നാഷനൽ പാർക്ക് –350 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ്. ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന വന്യജീവി സംഖ്യ ഉള്ള പ്രദേശങ്ങളിൽ ഒന്നാണിത്. 'ഓപ്പൺ ടോപ്പ് സഫാരി ജീപ്പ്' ആണ് ഞങ്ങളുടെ വാഹനം. ഷൂസ് അഴിച്ചു വച്ച് സീറ്റിൽ കയറി ടോപ്പ് ഓപ്പൺ ചെയ്യുന്ന ഭാഗത്തെ ഗ്രില്ലിൽ പിടിച്ച് എത്ര സമയം വേണമെങ്കിലും നിൽക്കാം. മനോഹരമായ കാഴ്ചകൾ വിശാലമായി കാണാം. 

ഇരുന്നാലും എല്ലാകാഴ്ചയും ആസ്വദിക്കാനാകും. പുള്ളിപ്പുലികളുടേയും ഹൈനയുടേയും രാത്രി സഞ്ചാരം ആസ്വദിക്കാൻ രാത്രി സഫാരികൾ ഇഷ്ടപ്പെടുന്നവരും ഉണ്ട്. പുൽമേടുകളിൽ യഥേഷ്ടം വിഹരിക്കുന്ന ആന, എരുമ, വൈൽഡ് ബീസ്റ്റ്, കലമാൻ വർഗങ്ങൾ, പല ഇനം കുരങ്ങുകൾ, സീബ്ര, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ജിറാഫും. ഇവരുടെ ഇടയിലൂടെ യാത്ര ചെയ്ത് ചതുപ്പുകളിൽ ആണ് എത്തുന്നത്. വറ്റാത്ത നീരുറവകൾ, അവയിൽനിന്ന് ഒഴുകുന്ന നദികൾ, ചെറുതും വലുതുമായ ചതുപ്പുകൾ, ആഴം കുറഞ്ഞ തടാകം. ഇതെല്ലാം ഈ പാർക്കിന്റെ സവിശേഷതകൾ ആണ്. ചൂട് നീരുറവകളും ഉണ്ട് എന്നാണ് ഗൈഡ് പറഞ്ഞത്.

ലക്ഷക്കണക്കിന് ജലപ്പക്ഷികൾ, അതിൽത്തന്നെ വിവിധ ഇനം കൊക്കുകൾ, (ഓരോ കൊക്കിന്റെയും പേര് നിക്സൺ പറയുന്നുണ്ടായിരുന്നു.) മാർച്ച് മുതൽ മേയ് വരെയുള്ള മാസങ്ങളിൽ ഫ്ലെമിംഗോകൾ. ഇവയെല്ലാം കാഴ്ചക്ക് ആനന്ദം പകരുന്നു. പക്ഷിനിരീക്ഷണം പാർക്കിന്റെ മറ്റൊരു പ്രത്യേകതയാണ്. ഹിപ്പോപ്പൊട്ടാമസുകൾക്ക് മാത്രമായി മാറ്റിവച്ചിരിക്കുന്നതാണോ എന്നു തോന്നാവുന്ന തടാകങ്ങൾ കാണാം. മഴക്കാലത്ത് ആഴം കൂടാതെ വിസ്തീർണ്ണം കൂടുന്ന ഈ തടാകത്തിന് അടുത്തേക്ക് സഞ്ചാരം യോഗ്യമല്ല. നോക്കിയാൽ അങ്ങ് ദൂരെ ആഷ് കളറിൽ 'Soda Ash' തടാകം കാണാം.

Wild-beast
നദി കടക്കുന്നതിനിടെ മുതലയുടെ പിടിയിൽപെട്ട വൈൽഡ് ബീസ്റ്റ്

സസ്യസമ്പത്തിനെ കുറിച്ച് പറയാതിക്കാനാവില്ല. മഹാഗണി, അക്കേഷ്യ എന്നിങ്ങനെ പല ഇനം വൃക്ഷങ്ങൾ, വിവിധ ഇനം ഫേൺസ്, പൂച്ചെടികളും നൂറിലധികം ഇനം ചിത്രശലഭങ്ങളും (കാണുവാൻ കഴിഞ്ഞില്ല) ഉണ്ട്.  കണ്ടതെല്ലാം മനസ്സിൽ നിറച്ച് ചിലതെല്ലാം ക്യാമറയിൽ പകർത്തി ഞങ്ങൾ പാർക്കിന് പുറത്തേക്ക്. 

എൻഗോരോംഗോരോ ക്രെയ്റ്റർ

 ആഫ്രിക്കയിലെ ഏഴ് പ്രകൃതി ദത്ത അദ്ഭുതങ്ങളിൽ ഒന്നായ ടാൻസാനിയയിലെ 'എൻഗോരോംഗോരോ ക്രെയ്റ്റ്ർ' സന്ദർശിക്കാനായി ഞങ്ങൾ പുറപ്പെടുകയാണ്. മൂന്ന് ദശലക്ഷം വർഷം മുമ്പ് എൻഗോരോംഗോരോ അഗ്നിപർവതം പൊട്ടിത്തെറിച്ച് തകർന്ന് രൂപപ്പെട്ടതാണ് ഈ ഗർത്തം. ലോകത്തിലെ നിർജീവമായ ഏറ്റവും വലിയ അഗ്നിപർവതം. മൃഗങ്ങളുടെ കഴുത്തിലെ മണിയുടെ ശബ്ദവും താളവും ആണ് എൻഗോരോംഗോരോ എന്ന് ആ ക്രെയ്റ്ററിന് ആദിവാസികൾ പേരിട്ടതിന് പിന്നിൽ ഉള്ള കഥ. 360 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയും കുട്ടകത്തിന്റെ ആകൃതിയും ഉള്ള ഈ ഗർത്തത്തിനു ചുറ്റും ഉയർന്ന മലകളാണ്. അതിലൊരു മല മുകളിൽ ആണ് ഞങ്ങൾ താമസത്തിനായി തിരഞ്ഞെടുത്ത സോപ്പാ ലോഡ്ജ്. ലോബിയുടെ പിൻവശത്ത് ചെറിയ ഒരു നീന്തൽകുളം. അവിടെനിന്ന് നോക്കിയാൽ ദൂരെ താഴെ എൻഗോരോംഗോരോ ക്രെയ്റ്റ്ർ കാണാം . 

സ്വാഗതം പറഞ്ഞു കൊണ്ട് റൂം ബോയ് ലഗേജുകളും എടുത്ത് ഞങ്ങളെ മുറിയിൽ എത്തിച്ചു. ടാൻസാനിയയിൽ എവിടെ ചെന്നാലും കാണുന്ന മാത്രയിൽ അവർ നമ്മെ ചിരിച്ച് കൊണ്ട് സ്വാഹിലി ഭാഷയിൽ സ്വാഗതം ചെയ്യും– ‘‘കരീബു’’ (സ്വാഗതം).

താമസിക്കാൻ ഞങ്ങൾക്ക് കിട്ടിയത് താഴെയും മുകളിലും ഈരണ്ട് മുറികൾ ഉള്ള കോട്ടേജ് ആണ്.  കുന്നിൻമുകളിൽനിന്ന് ഗർത്തത്തിലേക്ക് ഉള്ള ചരുവിൽ ആണ് കോട്ടേജുകൾ. പിൻഭാഗത്ത് വനം. ജനലുകൾ തുറക്കരുതെന്നും പിൻഭാഗത്തേക്ക് വെളിച്ചം അടിക്കരുതെന്നും ഉറക്കെ സംസാരിക്കുകയോ പാട്ടുപാടുകയോ ചെയ്യരുതെന്നും പറഞ്ഞ് അയാൾ പോയി. ഞങ്ങൾക്കും തിരക്കുണ്ട്. ലോബിയിൽ മസായികളുടെ (ടാൻസാനിയയിലെ ആദിവാസികൾ) വെൽകം ഡാൻസ് ഉണ്ട്. അത് കാണണം. വിഭവസമൃദ്ധമായ അത്താഴവും ഞങ്ങളെ കാത്തിരിക്കുന്നു. പാർശ്വ വീക്ഷണത്തിന് സമയം തീരെ ഇല്ല . എങ്കിലും വെറുതെ ഒന്ന് ജനൽ കർട്ടൻ മാറ്റി നോക്കിയപ്പോൾ മാൻ വർഗത്തിൽ പെട്ട മൃഗങ്ങൾ പുല്ലു തിന്നുന്നു. ചെറുതായിട്ട് ഒന്ന് ഞെട്ടാതിരുന്നില്ല .  

പെട്ടെന്ന് ഫ്രെഷ് ആയി ലോബിയിൽ എത്തിയപ്പോഴേക്കും ഡാൻസ് കഴിഞ്ഞ് ഫോട്ടോ സെഷൻ ആണ്. അത്താഴവും കഴിച്ച് നാട്ടിലേക്കു മെസേജും അയച്ച് (ലോബിയിൽ മാത്രമേ വൈഫൈ ലഭിക്കുകയുള്ളു) തിരിച്ചു കോട്ടേജിൽ എത്തി. ക്ഷീണം കൊണ്ട് പെട്ടെന്ന് ഉറങ്ങി. രാവിലെ പുറപ്പെടേണ്ടതാണ്.

Flemingo
മന്യാര നാഷനൽ പാർക്കിലെ ഫ്ലെമിംഗോ കൂട്ടം

ഏഴരയ്ക്ക് പ്രഭാതഭക്ഷണവും കഴിച്ചു ഞങ്ങൾ പുറപ്പെട്ടു. ഉച്ചഭക്ഷണവും കുടിവെള്ളവും എടുക്കുക എന്ന ഉത്തരവാദിത്തം നിക്സന്റേതാണ്. അവിടുത്തെ വെള്ളത്തിൽ ലവണാംശം കൂടുതൽ ആയതുകൊണ്ട് ജലപാനം കുപ്പിവെള്ളത്തെ ആശ്രയിച്ചാണ്. ഗർത്തത്തിലേക്കുള്ള പ്രവേശന കവാടത്തിൽ പാസ് വാങ്ങുക മുതലായവ നിക്സന്റെ ചുമതലയാണ്. 

തുടക്കത്തിൽ വനത്തിന് നടുവിലൂടെ കുന്നിൻ മുകളിൽനിന്ന് താഴേക്കാണ് യാത്ര. കുറ്റിക്കാടുകളും കടന്ന് സമതലത്തിൽ എത്തുമ്പോൾ ചെറിയ പുഴകളും തോടുകളും അരുവികളും തടാകങ്ങളും എല്ലാം ചേർന്നതാണ് ക്രെയ്റ്ററിന്റെ ഭൂപ്രകൃതി. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പുൽമേടുകൾ. വാഹനങ്ങളിൽ സന്ദർശക കൂട്ടങ്ങൾ ഗർത്തത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. വിൻഡോ ഗ്ലാസ് ഒരു കാരണവശാലും താഴ്ത്തരുത് എന്ന് നിർദേശമുണ്ട്. വാഹനത്തിന്റെ മുകൾ ഭാഗം ഉയർത്തി സീറ്റിൽ കയറി നിന്ന് പുറം കാഴ്ചകൾ കാണാം. കൈയും തലയും പുറത്തിടരുത്, ഉയരമുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം എന്നും നിർദേശങ്ങൾ ഉണ്ട്. പുൽമേടുകളിൽ യഥേഷ്ടം വിഹരിക്കുന്ന പക്ഷികളും മൃഗങ്ങളും. കാഴ്ചബംഗ്ലാവിലെ കൂട്ടിലടച്ച മൃഗങ്ങളെപ്പോലെ വാഹനങ്ങൾക്ക് ഉള്ളിൽ സ്വയം അടച്ച് ഇരിക്കുന്ന മനുഷ്യർ . 

വന്യജീവികളുടെ സ്വതന്ത്ര സഞ്ചാരത്തിന് വിഘ്നം വരാതെ നിർമിച്ചിരിക്കുന്ന മൺവഴികളിലൂടെ വളരെ കുറഞ്ഞ വേഗതയിൽ എല്ലാ വാഹനങ്ങളും 'നിശബ്ദമായി ' എന്നുതന്നെ പറയാവുന്ന വിധം സഞ്ചരിക്കുകയാണ്. വാഹനങ്ങളുടെ സാന്നിധ്യം മൃഗങ്ങളിൽ ഭയം ഉണ്ടാക്കുന്നില്ലെങ്കിലും അവ കുറച്ച് അകലേക്ക് നടന്നു മാറും. മൃഗങ്ങളുടെ അംഗ സംഖ്യയിൽ മുന്നിൽ വൈൽഡ് ബീസ്റ്റ് തന്നെ. തൊട്ടുപിന്നിൽ സീബ്രയും. ക്രെയ്റ്ററിലെ മഴയുടെ ലഭ്യത അനുസരിച്ച് ഇവ തെക്കുനിന്ന് വടക്കോട്ടും തിരിച്ചും പലായനം ചെയ്തു കൊണ്ടിരിക്കും. എന്നാൽ പൊതുവേ മറ്റ് മൃഗങ്ങൾ ഇങ്ങനെ ചെയ്യാറില്ല . 

ഹിപ്പൊപ്പൊട്ടാമസ് പകൽ മുഴുവനും ഒരേ ആകൃതിയിൽ ഉള്ള മിനുസമുള്ള കല്ലുകൾ നിരത്തി ഇട്ടതു പോലെ തടകാത്തിന്റെ മുകൾപരപ്പിൽ നിശ്ചലമായി കിടക്കും. സൂര്യാഘാതത്തിൽനിന്നു രക്ഷപ്പെടാനുള്ള മാർഗം. രാത്രിയിൽ ആണ് പുറത്തു വന്ന് ഭക്ഷണം കഴിക്കുന്നത്. ഞങ്ങൾക്കും ഉച്ചഭക്ഷണത്തിന് സമയമായി. കുറച്ച് ന്യൂഡിൽസ്, ഒരു പീസ് ചിക്കൻ, ഒരു ബർഗർ, വെയ്ഫർ ബിസ്ക്കറ്റ്, ഒരു സോഫ്റ്റ് ഡ്രിങ്ക് ഇത്രയും അടങ്ങിയ ഒരു കാർഡ് ബോർഡ് പെട്ടി വീതമാണ് ഓരോരുത്തർക്കും സോപ്പാ ലോഡ്ജിൽനിന്നു കിട്ടിയിരിക്കുന്നത്. ഞങ്ങൾ വാഹനത്തിൽത്തന്നെ ഇരുന്നാണ് ഭക്ഷണം കഴിച്ചത്. ബോക്സുകൾ നിക്സൺ തിരികെ വാങ്ങി. ഭക്ഷണപ്പൊതികൾ, കാലിക്കുപ്പികൾ തുടങ്ങിയവ വലിച്ചെറിയാതിക്കാൻ ഉള്ള കരുതലിൽ ഡ്രൈവർമാർക്കും ഗൈഡുകൾക്കും ഉള്ള മാന്യത എടുത്ത് പറയേണ്ടതാണ്. ക്രെയിറ്ററിൽ പല സ്ഥലത്തും വൃത്തിയുള്ള കംഫർട്ട് സ്റ്റേഷനുകൾ ഉണ്ട്. അവിടെ എല്ലാം ഗാർഡുകളും ഉണ്ട്.

പല വഴികളിലൂടെ പല തരത്തിലുള്ള മൃഗങ്ങളേയും പക്ഷികളേയും കാണിക്കുന്നതിനായി നിക്സൺ ഞങ്ങളേയും കൊണ്ട് പോകുന്നിതിനിടെ വാക്കിടോക്കിയിലൂടെ മറ്റ് ഡ്രൈവർമാരുമായി സംസാരിക്കുന്നുണ്ട്. സിംഹങ്ങളും ഒരു കൂട്ടം കാട്ടുപോത്തുകളും ആയി ഒരു 'ഗെയിം' കാണുന്നതിനും അവസരം ഉണ്ടായി. വാക്കിടോക്കിയിലൂടെ കിട്ടിയ നിർദ്ദേശം അനുസരിച്ച് ആയിരിക്കണം നിക്സൺ പോയത്.  ഞങ്ങളെത്തുമ്പോൾ മൂന്നുനാല് വാഹനങ്ങൾ നിരത്തി നിർത്തിയിട്ടുണ്ട്. കുറച്ചു ദൂരെ ഒരു ചെറിയ തോടിനടുത്ത് കാട്ടുപോത്തുകളുടെ കൂട്ടം. എല്ലാവരും ഒരേ ദിശയിൽ ദൂരേക്ക് നോക്കി നിൽക്കുന്നു. 7 വയസ്സ് പ്രായമുള്ള 5 സിംഹ സഹോദരൻമാർ ആണ് ശത്രുക്കൾ എന്ന് ഗൈഡ് നിക്സൺ. ഉണങ്ങിയ പുല്ലിനുള്ളിൽ ഇവയെ പെട്ടെന്ന് കണ്ടുപിടിക്കാൻ ബുദ്ധിമുട്ട് ആണ്. 7 വയസ്സിൽ അവർക്ക് ഇര പിടിക്കാനുള്ള പ്രായം ആയിട്ടില്ല . പോരാത്തതിന് സിംഹികൾക്കാണ് അതിനുള്ള കഴിവും. 'ശിശുക്കൾ' ആണ് ശത്രുക്കൾ എന്നത് മനസ്സിലാക്കിയത് കൊണ്ടാവാം കാട്ടുപോത്തുകളും എതിരിട്ട് നിന്നു. ഏതാണ്ട് 30 മിനിറ്റ് സമയം അവർ പരസ്പരം പോരാടി എങ്കിലും ആരുമാരും ജയിക്കാതെ പിരിഞ്ഞു . 'ആനിമൽ പ്ലാനറ്റിൽ' മാത്രം മുൻപ് കണ്ടിട്ടുള്ള ആ കാഴ്ച അവിസ്മരണീയം ആണ് . 

tribal-people
ടാൻസാനിയയിലെ ഗോത്രവർഗക്കാർക്കൊപ്പം ലേഖികയും സംഘവും.

ഹൈന, കാണ്ടാമൃഗം, നീലക്കുരങ്ങ്, പലതരം കൊക്കുകൾ തുടങ്ങിയവയെല്ലാം ഗർത്തത്തിൽ ഉണ്ട്.  പല സ്ഥലങ്ങളിലും മൃഗങ്ങളുടെ അസ്ഥികൂടങ്ങളോ തലയോടോ കാണപ്പെടുന്നുണ്ട്. മ്യൂസിയത്തിലേക്ക് ആവശ്യമുണ്ടെങ്കിൽ മാത്രം അവ കൊണ്ടുപോകും. അല്ലെങ്കിൽ പ്രകൃതിദത്തമായിത്തന്നെ സംസ്കരിക്കപ്പെടുകയാണ്. വൈകുന്നേരത്തോടെ ഞങ്ങൾ മടങ്ങി. 

ഓൾഡുവായ് മലയിടുക്ക് 

എൻഗോരംഗോരോ കൺസർവേഷൻ ഏരിയയുടെ പരിധിക്കുള്ളിൽത്തന്നെയാണ് ഓൾഡുവായ് മലയിടുക്ക് എന്ന പുരാവസ്തു സൈറ്റ്.മനുഷ്യ പരിണാമത്തെ കുറിച്ചുള്ള പഠനങ്ങൾക്ക് വേണ്ടിയുള്ള ഖനനങ്ങൾ ആണ് അവിടെ നടക്കുന്നത്. 1959 ൽ ആണ് ഈ പ്രദേശത്ത് ആദ്യകാല മനുഷ്യന്റെ പരിണാമത്തെക്കുറിച്ചുള്ള പഠനങ്ങൾക്ക് സാധ്യതയുണ്ട് എന്ന് പുറംലോകം അറിയുന്നത്. ഖനനം നടക്കുന്നതിനടുത്തുള്ള ഗാലറിയിൽ അൽപനേരം ഇരുന്നു. അവിടത്തെ കാഴ്ചകൾ അക്കാലത്തെ മനുഷ്യരുടെ സാമൂഹിക ഇടപെടലുകളുടേയും ബുദ്ധിപരമായ പ്രവർത്തനങ്ങളുടേയും രീതികൾ മനസ്സിലാക്കുന്നതിന് സഹായിച്ചു. ആദ്യകാല ഹോമിനുകൾ അല്ലെങ്കിൽ മനുഷ്യർ ഭൂരിഭാഗവും പഴവർഗത്തിലും കിഴങ്ങ് വർഗത്തിലും പെട്ട ഭക്ഷണം ആണ് ഉപയോഗിച്ചിരുന്നത്.

ഇതിനോട് ചേർന്നുള്ള മ്യൂസിയത്തിൽ ഖനനത്തിൽ ലഭിച്ച കല്ലുപകരണങ്ങളുടെ ശേഖരം പ്രദർശിപ്പിച്ചിട്ടുണ്ട്. ആഫ്രിക്കയിലെ ഏറ്റവും വലിയ ഓൺസൈറ്റ് മ്യൂസിയങ്ങളിൽ ഒന്നാണിത്. പാർക്കുകളിൽനിന്നു ശേഖരിച്ച മൃഗങ്ങളുടെ അസ്ഥികൂടങ്ങളും മ്യൂസിയത്തിനോട് ചേർന്ന് മറ്റൊരു ഹാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

സെറെൻഗെറ്റി നാഷനൽ പാർക്ക്

അടുത്ത യാത്ര സെറെൻഗെറ്റിയിലേക്കായിരുന്നു. ടാൻസാനിയൻ ടൂറിസ്റ്റ് വ്യവസായത്തിന്റെ നെടുംതൂൺ ആണ് 15000 കിലോമീറ്ററോളം വിസ്തീർണമുള്ള സെറെൻഗെറ്റി നാഷനൽ പാർക്ക്. പടിപ്പുരയിൽ എഴുതി തൂക്കിയിട്ടിരിക്കുന്ന സെറെൻഗെറ്റി നാഷനൽ പാർക്ക് എന്ന ബോർഡിന് കീഴിലൂടെ പോകുമ്പോൾ ലോകപ്രശസ്തമായ, ടിവിയിൽ മാത്രം കണ്ടിട്ടുള്ള വൈൽഡ് ബീസ്റ്റ് കുടിയേറ്റം മനസ്സിലേക്ക് കയറി വന്നു. അകത്തേക്കു കടക്കുമ്പോൾ ചക്രവാളം തൊട്ടുരുമ്മി പരന്ന് കിടക്കുന്ന പുൽമേടുകൾ ആണ് മുന്നിൽ. 

ടാൻസാനിയയിലെ മാരാ, സിറിയു മേഖലകൾ ഉൾപ്പെട്ട പ്രദേശമാണ് ലോകത്തിലെ പത്ത് പ്രകൃതിദത്ത യാത്ര അദ്ഭുതങ്ങളിൽ ഒന്നായ സെറെൻഗെറ്റി. നദീതട വനങ്ങൾ ചതുപ്പുകൾ, പാറക്കൂട്ടങ്ങൾ, പുൽമേടുകൾ, വനപ്രദേശം എന്നിങ്ങനെ വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളുടെ കൂടിച്ചേരലാണത്. നാലു ദശലക്ഷത്തോളം വർഷം മുമ്പ്, അഗ്നിപർവതങ്ങളിൽനിന്ന് ഉരുകിയൊഴുകിയ ധാതുലവണങ്ങളാൽ ഫലഭൂയിഷ്ഠമായ മണ്ണാണ്, അനന്തമായ സമതലം എന്ന അർഥമുള്ള സെറെൻഗെറ്റി നാഷനൽ പാർക്കിലേത്. വൈവിധ്യമാർന്ന ജൈവസമ്പത്താൽ സമ്പുഷ്ടമായ, വളരെ പഴക്കം ചെന്ന ആവാസവ്യവസ്ഥ. സിംഹം, പുള്ളിപ്പുലി, ആഫ്രിക്കൻ ആന, ഹൈന, പോത്ത് കണ്ടാമൃഗം, സീബ്ര, വൈൽഡ് ബീസ്റ്റ്, വിവിധ തരം കുരങ്ങുകൾ, മുതല, ആമ, ഓന്ത്, കഴുകൻ, ഒട്ടകപക്ഷി തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്തത്ര പക്ഷിമൃഗസമ്പത്താണ് ഇവിടെ ഉള്ളത്.

സെൻഗെറ്റിയിലെ രാത്രികൾ രണ്ട് ക്യാംപുകളിൽ ആണ് ഞങ്ങൾ കഴിഞ്ഞത്. 'കിളിക്കൂട്' എന്നർഥം വരുന്ന കിയോട്ട എന്ന ക്യാംപിലും സീബ്ര ക്യാംപിലും. ക്യാംപ് ഒരു കുറ്റിക്കാടിനു നടുവിൽ ആണ്. ലിവിങ്, ഡൈനിങ് ഏരിയയിൽനിന്നു കുറച്ച് മാറിയാണ് കൂടാരം പോലെയുള്ള താൽക്കാലിക താമസസൗകര്യം. അതും ചെറിയ കാട്ടപ്പകളും പുല്ലും നിറഞ്ഞ കുറ്റിക്കാട്ടിൽ. അങ്ങോട്ടുള്ള ഒറ്റയടിപ്പാതകൾ പുല്ലുകൾ നിറഞ്ഞത്. രാത്രി സഞ്ചാരത്തെ സഹായിക്കുന്നതിന് സ്ഥാപിച്ച വിളക്കുകൾ പോലും ഈ പുല്ലിനുള്ളിൽ ആണ്. ഈ കൂടാരത്തിനു ചുറ്റും രണ്ടുമൂന്ന് അടി വീതിയിൽ ചെത്തി വെടിപ്പാക്കിയിട്ടുണ്ട്. തറ കാർപെറ്റ് വിരിച്ച് ഭംഗിയാക്കിയ, രണ്ട് കിടക്കകളുള്ള ആ ഉൾത്തളത്തിൽ ചുവരുകൾ ജനലുകളോട് കൂടിയ കട്ടിയുള്ള ടാർപോളിൻ കൊണ്ടാണ്.  

വാഷ് ഏരിയാ, കുളിമുറി എല്ലാം സൗകര്യപ്രദം ആണ്. സാന്ദ്രത ഏറിയ വെള്ളം കുടിക്കാനുപയുക്തമല്ല. ദന്തശുദ്ധിക്കും കുപ്പിവെള്ളത്തെ തന്നെയാണ് ആശ്രയിച്ചത്. കുളിമുറിയിൽ ചൂട് വെള്ളം ലഭ്യമാണ്. ഷവർ ആണ് വെള്ളത്തിന്റെ ഏക ഉറവിടം. ഒരു ചെയിനിൽ തൂങ്ങി കിടക്കുന്ന ഷവറിൽ തിരശ്ചീനമായി പിടിപ്പിച്ചിരിക്കുന്ന ദണ്ഡിന്റെ അറ്റങ്ങളിൽ തൂങ്ങി നിൽക്കുന്ന ചെയിനിൽ പിടിച്ചു വലിച്ച് ഷവർ തുറക്കുകയും അടക്കുകയും ചെയ്യാം. പക്ഷേ ടാർപോളിൻ വിരിച്ച തറയിൽ ബാലൻസ് തെറ്റാതെ നിൽക്കണം. മേൽക്കൂരയ്ക്ക് മുകളിൽ, കപ്പിയിൽ ബന്ധിപ്പിച്ചിരിക്കുന്ന സംവിധാനത്തിൽനിന്ന് ഒഴുകിവരുന്ന വെള്ളം തീർന്നപ്പോൾ ഞങ്ങൾ മുൻപ് പറഞ്ഞിരുന്ന പ്രകാരം 'ഹോട്ട് വാട്ടർ പ്ലീസ്' എന്ന് വിളിക്കേണ്ട താമസം, കുളിമുറിക്ക് പിന്നിൽ ചൂടു വെള്ളവുമായി ഇരുന്ന ആൾ ക്യാൻ താഴ്ത്തി വെള്ളം നിറച്ച് പഴയത് പോലെ ഉയർത്തി സ്ഥാപിച്ച് തന്നു.

രാത്രിയിൽ യാതൊരു ഭക്ഷണസാധനങ്ങളും കയ്യിൽ വയ്ക്കരുത് എന്ന് നിർദേശം ഉണ്ടായിരുന്നു. ഹൈനകൾ മണം പിടിച്ച് ക്യാംപിലെത്തും. ഇരുട്ടിൽ ദൂരെ, തിളങ്ങുന്ന കണ്ണുകൾ ക്യാംപിന് നേരെ ഉന്നം വയ്ക്കുന്നതു കാണാം. എന്നാൽ സീബ്ര ക്യാംപിന്റെ പരിസരത്ത് രാത്രികാലങ്ങളിൽ കറങ്ങി നടക്കുന്നത് നീർക്കുതിരകൾ ആണ്. പകലെല്ലാം ത്വക്ക് സംരക്ഷണത്തിന് വെള്ളത്തിൽ കിടന്നിട്ട് രാത്രിയാണ് അവ തീറ്റി തേടുന്നത്. രണ്ടിടത്തും ഒരു ടോർച്ച് വെട്ടത്തിനപ്പുറം സെക്യൂരിറ്റികൾ ഉണ്ട്. വെളിച്ചം കണ്ടാൽ ഏതു സമയത്തും സഹായം ഉറപ്പാണ്. 

അതിമനോഹരമായ കാഴ്ചകൾ ആണ് സീബ്ര ക്യാംപിലെ പ്രഭാതം സമ്മാനിച്ചത്. വിളിപ്പാടകലെ വൈൽഡ് ബീസ്റ്റ്, സീബ്ര പറ്റങ്ങൾ പുല്ല് തിന്ന് നടക്കുന്നു. ഒന്ന് ആഞ്ഞു നടന്നാൽ അവയുടെ പിന്നാലെ എത്താം എന്ന് കരുതും. പക്ഷേ അവരും അത് പോലെ കൃത്യ അകലം പാലിച്ച് അകലേക്ക് മാറിക്കൊണ്ടിരുന്നു.

ബലൂൺ യാത്ര

ബലൂൺ യാത്രയായിരുന്നു, അവിസ്മരണീയമായ മറ്റൊരനുഭവം. ദീർഘ ചതുരാകൃതിയിൽ ആറടിയിലധകം നീളവും നാല് അടിയിലധികം വീതിയും ഉള്ള ബലമുള്ള ചൂരൽ കുട്ട. അതിനെ നെടുകെയും കുറുകെയും നാല് കള്ളികൾ ആയി വിഭജിച്ചിരിക്കുന്നു. അതിനു മുകളിൽ ആണ് ബലൂൺ ഘടിപ്പിച്ചിരിക്കുന്നത്. ഞങ്ങൾ ആറു പേരുടേയും ശരീരഭാരം കണക്കാക്കി ഓരോരുത്തരുടെയും ഇടം തീരുമാനിച്ചു, ബാലൻസ് ചെയ്യാൻ മണൽ ചാക്കുകളും വച്ചു. കുട്ടയിൽ എല്ലാവരും കയറി നിന്നതിന് ശേഷം ബലൂണിൽ ഹോട്ട് എയർ നിറയ്ക്കും. സാവധാനം ഉയരുന്ന ബലൂൺ കാറ്റിന്റെ ദിശയ്ക്കും വേഗത്തിനും ഒപ്പം ഒന്നര കിലോമീറ്റർ ഉയരത്തിൽ പറക്കും. താഴെ നോക്കെത്താ ദൂരത്തോളം സെറിൻഗെറ്റി ഉദ്യാനം. അവിടെ വരി വരിയായി പോകുന്ന ഉറുമ്പിൻ പറ്റത്തെ പോലെ വൈൽഡ് ബീസ്റ്റുകൾ. എവിടെ ലാൻഡ് ചെയ്യുമെന്നോ ഏത് ദിശയിൽ പറക്കുമെന്നോ മുൻകൂട്ടി പറയാൻ കഴിയില്ല. കാറ്റിനൊപ്പം പറക്കും. അത്ര മാത്രം. ബലൂൺ റൈഡിന് ശേഷം വിഭവ സമൃദ്ധമായ കോണ്ടിനെന്റൽ പ്രാതൽ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു.

മൺറോഡിലൂടെ, ഗട്ടറുകളിൽ ആടിയുലഞ്ഞാണ് യാത്ര. റോഡിന്റെ ഇടത് വശത്ത്, നാലോ അഞ്ചോ മീറ്റർ ദൂരത്തിൽ ഒരു കൊച്ചു കുളവും അതിൽനിന്നു വെള്ളം കുടിക്കുന്ന സിംഹങ്ങളും. അത്ര അടുത്ത് ഒരു വാഹനം പോകുന്നുണ്ട് എന്നൊരു ഭാവവും ഇല്ല. ഇടതുവശത്ത് ഏതോ മൃഗം തിന്നവശേഷിപ്പിച്ചത് കൊത്തി വലിച്ച് പരിസരം ശുചീകരിക്കുന്ന കഴുകന്മാർ. അതിന് തൊട്ടപ്പുറത്തെ മരക്കൊമ്പിൽ, ആഹാരം കഴിഞ്ഞ് വിശ്രമിക്കുന്ന പുള്ളിപ്പുലികൾ. വീണ്ടും മുന്നോട്ട് പോകുമ്പോൾ ആനക്കൂട്ടം. ഒരു കുട്ടിയാന മുതിർന്ന ആനയുടെ കാലിനിടയിലൂടെ, വയറിനടിയിലൂടെ, മറ്റുള്ളവർക്കൊപ്പം, പുല്ലും  അവർ ഒടിച്ചിട്ടു കൊടുക്കുന്ന ചെറുവൃക്ഷക്കൊമ്പുകളും തിന്നു നടക്കുന്നുണ്ട്. ദൂരെ ഒട്ടകപ്പക്ഷികളെയും കാണാം. എത്ര വിശാലമായ കാഴ്ചാനുഭവം. 

എണ്ണത്തിൽ കൂടുതൽ ഉള്ളത് വൈൽഡ് ബീസ്റ്റ് ആണ്. തൊട്ട് താഴെ സീബ്ര. പോത്തിന്റെ മുഖവും കാളയുടെ ശരീരവും കുതിരയുടെ വാലും ആണ് വൈൽഡ് ബീസ്റ്റ് എന്നാണ് ഒറ്റ നോട്ടത്തിൽ നമുക്ക് മനസ്സിലാകുന്നത്. വൈൽഡ് ബീസ്റ്റ് പ്രധാനമായും രണ്ട് ഇനങ്ങൾ ആണ് ഉള്ളത്. നീലയും കറുപ്പും. സെറെൻഗെറ്റിയിലേത് കുടിയേറുന്ന വിഭാഗക്കാർ ആയ നീല വൈൽഡ് ബീസ്റ്റ് ആണ്. 

അവയുടെ മൈഗ്രേഷൻ ആണ് ഇവിടത്തെ പ്രധാന ആകർഷണം. ലോകത്തിലെ ഏറ്റവും വലിയ കരപ്രദേശ കുടിയേറ്റം. സീബ്ര, മാൻ വർഗത്തിൽപ്പെട്ട ചില മൃഗങ്ങളും ഇങ്ങനെ കുടിയേറുന്നവയിൽ പെടുന്നുണ്ടെങ്കിലും എണ്ണത്തിൽ കൂടുതൽ വൈൽഡ് ബീസ്റ്റ് ആയതു കൊണ്ട് കൂട്ടം കൂട്ടമായി അവ പാലായനം ചെയ്യുന്നത് കാണേണ്ട കാഴ്ച തന്നെ. ജനുവരി മുതൽ മാർച്ച് വരെയാണ് അവയുടെ പ്രജനനകാലം. അരലക്ഷത്തോളം കിടാവുകൾ ആണ് ഈ സമയം ജനിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ അവരുടെ യാത്ര ആരംഭിക്കും. വേട്ടക്കാരായ മൃഗങ്ങൾക്ക് ആഘോഷകാലവും. പട്ടിണിയും ക്ഷീണവും കൊണ്ട് ജീവൻ നഷ്ടപ്പെടുന്നവരും ഉണ്ട്.

മാർച്ച്-ഏപ്രിൽ മാസത്തോടെ ഇവർ സെറൻഗെറ്റിയിൽനിന്നു വടക്കോട്ട് കുടിയേറ്റം ആരംഭിക്കും. മുതലകൾ പതിയിരിക്കുന്ന പുഴ നീന്തിക്കടക്കുമ്പോൾ മുതലകൾക്ക് ഇരയാകാത്തവയും ഒഴുക്കിൽ പെടാത്തവയും ജൂലൈയോടെ വടക്ക് ഭാഗത്തുള്ള കെനിയയിലെ മസായി മാരയിൽ എത്തുന്നു. പിന്നീട് സെറെൻഗെറ്റിയിൽ മഴ തുടങ്ങുമ്പോൾ മടക്കയാത്ര തുടങ്ങും.

സെപ്റ്റംബറിൽ ആയിരുന്നു ഞങ്ങളുടെ യാത്ര. (ഒക്ടോബറോടെ സീസൺ കഴിയും). ഞങ്ങൾ നദീതീരത്ത് എത്തി. ഇരുപതോ മുപ്പതോ മീറ്റർ വീതിയുള്ള നദി. ചില ഭാഗങ്ങളിൽ അതിലും കുറവ് ആണ്. ഉരുണ്ടും നീണ്ടുമുള്ള പാറകളിൽ തട്ടിത്തടഞ്ഞ് നദി ഒഴുകുന്നു. ഒഴുക്ക് കൂടുതലുള്ള ഭാഗങ്ങളും ഉണ്ട്. അക്കരെ വൈൽഡ് ബീസ്റ്റ് കൂട്ടങ്ങൾ നദി മുറിച്ച് കടക്കാൻ കാത്ത് നിൽക്കുന്നു. നിക്സൺ വാഹനം തണൽ നോക്കി പാർക്ക് ചെയ്തു. 

നദിക്കരയിൽ, ഇടിഞ്ഞു വീണ് വഴി രൂപാന്തരപ്പെട്ട ചില ഭാഗങ്ങൾ കാണാം. എന്നാൽ ആ ഭാഗത്ത് കൂടി അവർ നദിയിൽ ഇറങ്ങണം എന്നൊരു നിയമവും ഇല്ല. അപ്പപ്പോൾ സൗകര്യം എന്ന് തോന്നുന്ന ഭാഗത്തുകൂടി മുന്നിലുള്ള മൃഗത്തെ അനുഗമിച്ച് വരിവരിയായി അവർ ഇറങ്ങി നീന്തും.  ഇപ്പോൾ വരി വരിയായി ഇറങ്ങുകയാണ്. ഞങ്ങൾ ക്യാമറകൾ എടുത്ത് റെഡി ആയി. നീണ്ട പാറകൾ എന്ന് വിചാരിച്ചിരുന്നവയിൽ ചിലത് മുതലകൾ ആയിരുന്നു. ആറടി വരെ നീളം ഉള്ള നൈൽ മുതലകൾ. മുതലകൾ പിടിക്കുന്നവ വെള്ളത്തിൽ കിടന്ന് പിടയ്ക്കും. അപ്പോൾ തെറിക്കുന്ന വെള്ളത്തിന് ഇളം ചുവപ്പ് നിറം ആയിരിക്കും. മൃഗം ജീവൻ പോയി പിടച്ചിൽ നിർത്തുമ്പോൾ, അവയുടെ ചുറ്റുമുള്ള വെള്ളത്തിലും ചുവപ്പ് നിറം കലരും. ഇത് പ്രകൃതി നിയമം. "അയ്യോ പാവം" എന്ന് മനസ്സിൽ പറഞ്ഞു, ഇനി ഏത് മൃഗം ആയിരിക്കും അടുത്തതായി മുതലയ്ക്ക് ഭക്ഷണം ആകുക എന്ന് നിരീക്ഷിക്കും, ക്യാമറയിലൂടെ. 

പെട്ടെന്ന് ഒരു നിമിഷം, ശത്രുവിനെ ഭയന്നാകാം, നദി കടക്കുന്നത് നിറുത്തി എല്ലാവരും കരയിൽത്തന്നെ നിലയുറപ്പിക്കും. കുറച്ച് സമയത്തിന് ശേഷം, ബാക്കിയുള്ളവരും ഒന്നിന് പിറകിൽ ഒന്നായി വെള്ളത്തിലേക്ക് ഇറങ്ങും. വീണ്ടും അവയിൽ ചിലത് മുതലകൾക്ക് ഭക്ഷണമായിത്തീരും. 

ഓരോ വൈൽഡ് ബീസ്റ്റിന്റെയും ജീവിതം നിരന്തരമായ യാത്രയാണ്. ഓരോ യാത്രയുടേയും അവസാനം ആ മൃഗത്തിന്റെ ജീവിതത്തിന്റെ അവസാനം ആയിരിക്കും. ജനനം മുതൽ മരണം വരെ ഭക്ഷണം തേടിയുള്ള യാത്ര. ടാൻസാനിയയിലെ ഞങ്ങളുടെ യാത്രയും ഇവിടെ അവസാനിക്കുകയാണ്.

English Summary: Tanzania Safari Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com