ADVERTISEMENT

ഇറ്റലിയിൽ കടൽത്തീരത്തോടു ചേർന്നു കിടക്കുന്ന ഒരു അടിപൊളി ബീച്ച് സ്പോട്ട്. പിന്നിൽ പച്ചപ്പ് നിറഞ്ഞ മലഞ്ചെരിവുകൾ. തുറമുഖത്ത് ആടിയുലഞ്ഞു കിടക്കുന്ന ഉല്ലാസ നൗകകൾ. അന്തരീക്ഷത്തിൽ അലിഞ്ഞുചേരുന്ന കാപ്പിയുടെ സുഗന്ധം. മനോഹരമായ പ്രകൃതിദൃശ്യങ്ങൾ മാത്രമല്ല ഇറ്റലിയിലെ പോർട്ടോഫിനോയിലേക്കു സഞ്ചാരികളെ ആകർഷിക്കുന്ന വേറെയും ഒരുപാട് കാര്യങ്ങളുണ്ട്. ഇതിലൂടെ കാൽനടയാത്ര നടത്തിക്കൊണ്ട് അതിമനോഹരമായ ഒരു തീരദേശയാത്ര സാധ്യമാക്കാം. ഈ ഇറ്റാലിയൻ കടൽത്തീരത്ത് ഒരു വേനൽക്കാലം ചെലവഴിച്ചു കഴിഞ്ഞാൽ ജീവിതത്തിൽ ഒരിക്കലും ഇത്ര മനോഹരമായ വേനൽക്കാലം നിങ്ങൾക്ക് ലഭിക്കില്ല.

Image Credit: portofino_italy/instagram
Image Credit: portofino_italy/instagram

ഒരു ജലഛായ ചിത്രം പോലെ മനോഹരമാണ് പോർട്ടോഫിനോ. പുരാതനമായ ഒലിവ് തോട്ടങ്ങളും മുന്തിരിത്തോട്ടങ്ങളും പാസ്റ്റൽ നിറത്തിലുള്ള വീടുകളും കുന്നിൻ ചെരിവിൽ പറ്റിപ്പിടിച്ചിരിക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ കലാകാരൻമാരും പ്രഭുക്കൻമാരും മുതൽ ഇന്നത്തെ ആധുനിക സഞ്ചാരികൾ വരെ പോർട്ടോഫിനോയെ നെഞ്ചോട് ചേർത്തവരാണ്. 500 താമസക്കാർ മാത്രമാണ് ഇവിടെയുള്ളത്. ബോട്ട് യാത്രകളും ഹൈക്കിങ് തുടങ്ങി നിരവധി കാര്യങ്ങളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. 

Image Credit: portofino_italy/instagram
Image Credit: portofino_italy/instagram

പോർട്ടോഫിനോയിൽ ചരിത്രസ്നേഹികളെ കാത്തിരിക്കുന്നത് നിരവധി കാര്യങ്ങൾ

ചരിത്രത്തിന്റെ സമ്പന്നമായ ഭൂതകാലത്തിലേക്ക് ആഴ്ന്നിറങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നിരവധി കഥകളുണ്ട് പോർട്ടോഫിനോയിൽ. പോർട്ടസ് ഡെൽഫിനി എന്നായിരുന്നു പോർട്ടോഫിനോയുടെ ആദ്യത്തെ പേര്. റോമൻ സാമ്രാജ്യത്തിന്റെ നിർണായകമായ ഔട്ട് പോസ്റ്റ് മുതൽ ഒരു മാരിടൈം ഹബ്ബ് ആയി പോർട്ടോഫിനോ വളർന്നു. വ്യാപാരികളെയും നാവികരെയും കലാകാരൻമാരെയും പോർട്ടോഫിനോ തന്നിലേക്ക് ആകർഷിച്ചു. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് പതിനാറാം നൂറ്റാണ്ടിലെ കോട്ടയായ കാസ്റ്റെല്ലോ ബ്രൗൺ. പതിനാലാം നൂറ്റാണ്ട് മുതലുള്ള കോട്ടയിലുള്ള മ്യൂസിയോ ഡെൽ പാർകോയും വ്യത്യസ്തമായ ഒരു കാഴ്ചയാണ് ഒരുക്കുന്നത്. റോമൻ കാലഘട്ടത്തിലെ അപൂർവ കലാരൂപങ്ങൾ ഉൾപ്പെടെയുള്ള പ്രദർശനങ്ങൾ ഇവിടെ ഉണ്ടാകാറുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിൽ പണി കഴിപ്പിക്കപ്പെട്ട റോമൻ കാത്തലിക് ദേവാലയമായ സാൻ ജിയോർജിയോയും ഇവിടുത്തെ പ്രധാന ആകർഷണ കേന്ദ്രങ്ങളിൽ ഒന്നാണ്. ആർട് ഗാലറികൾ കണ്ടും കഫേകളിൽ നിന്ന് എസ്പ്രെസ്സോ നുണഞ്ഞും തുറമുഖത്ത് ഇളകി കൊണ്ടിരിക്കുന്ന ഉല്ലാസ നൗകകളും കണ്ട് പോർട്ടോഫിനോയുടെ സൗന്ദര്യം ആസ്വദിക്കാം. 

Image Credit: portofino_italy/instagram
Image Credit: portofino_italy/instagram

പ്രകൃതിസ്നേഹിയാണോ, പോർട്ടോഫിനോയിൽ കാത്തിരിക്കുന്നത് ഇക്കാര്യങ്ങൾ

പോർട്ടോഫിനോ റീജിയണൽ പാർക്കിൽ നിരവധി കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. 1400 ഏക്കറിൽ അധികമായി വ്യാപിച്ചു കിടക്കുന്ന ഈ പാർക്കിൽ ചെങ്കൂത്തായ പാറക്കെട്ടുകളും മലനിരകൾക്കിടയിലുള്ള ആഴമുള്ള ഉൾക്കടലും അഴിമുഖങ്ങൾ, അപൂർവയിനം ഓർക്കിഡുകൾ, ഇരപിടിയൻ പക്ഷികൾ, കാട്ടുപന്നികൾ, മാൻ എന്ന് തുടങ്ങി നിരവധി വ്യത്യസ്തമായ കാഴ്ചകളുണ്ട്. ഇടതൂർന്ന വനപ്രദേശങ്ങളും ഒലിവ് തോട്ടങ്ങളും പാറക്കെട്ടുകളുമെല്ലാം പ്രകൃതി സ്നേഹികൾക്ക് വിസ്മയകരമായ കാഴ്ചയാണ് ഒരുക്കുന്നത്. അതുമാത്രമല്ല, പൂക്കളുടെ സുഗന്ധവും ഉപ്പുരസമുള്ള കടൽക്കാറ്റും കിളികളുടെ നാദവുമെല്ലാം സഞ്ചാരികളെ ആകർഷിക്കുന്നു. പരമ്പരാഗതമായ മത്സ്യബന്ധന ഗ്രാമങ്ങളും ചരിത്രപ്രാധാന്യമുള്ള പള്ളികളും ഇവിടെ സഞ്ചാരികൾക്ക് കാണാൻ കഴിയും.

അണ്ടർ വാട്ടർ, ഓവർ വാട്ടർ സാഹസികത ആസ്വദിക്കാം

അന്തർജല പര്യവേക്ഷണങ്ങൾക്കും ഇവിടെ അവസരമുണ്ട്. 13 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള സമുദ്ര സംരക്ഷിത പ്രദേശത്തിന്റെ ജൈവവൈവിധ്യവും ജലാന്തർ ഭാഗത്തെ ആവാസവ്യവസ്ഥയും പര്യവേക്ഷണം ചെയ്യാം. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് പവിഴപ്പുറ്റുകളുടെ ലോകത്തിലേക്ക് ഡൈവ് ചെയ്യാവുന്നതാണ്. കടൽപ്പുൽമേടുകൾ, മത്സ്യം, നീരാളി , കടലാമ തുടങ്ങി നിരവധി കാഴ്ചകൾ കാണാം. ജലാന്തർഭാഗത്തെ ഏറ്റവും വലിയ ആകർഷണം എന്നു പറയുന്നത് ക്രൈസ്റ്റ് ഓഫ് ദ അബിസിന്റെ പ്രതിമയാണ്. 17 മീറ്റർ താഴ്ചയിലാണ് പ്രതിമ സ്ഥിതി ചെയ്യുന്നത്. 1954ലാണ് ഇത് വെള്ളത്തിൽ മുങ്ങിയത്. ചെറിയ സാഹസികത ഇഷ്ടപ്പെടുന്നവർക്ക് കയാക്കിങ് ചെയ്യാനുള്ള അവസരവുമുണ്ട്. 

ഭക്ഷണപ്രിയർക്ക് പറ്റിയ ഇടമായി മാറുന്ന പോർട്ടോഫിനോ 

ലിഗൂറിയൻ വിഭവങ്ങളാണ് ഇവിടെ ഭക്ഷണപ്രിയർക്ക് പരീക്ഷിക്കാൻ പറ്റിയത്. പുതിയതും ലളിതവുമായ ചേരുവകളും വ്യത്യസ്തമായ രുചിയുമാണ് ഇതിന്റെ പ്രത്യേകത. ഈ നാടിന്റെ രുചി അറിയാനുള്ള അസുലഭ മുഹൂർത്തം കൂടിയാണ് ഇത്. ഫ്രഷ് ആയിട്ടുള്ള സീഫുഡ് ഉപയോഗിച്ചാണ് വിഭവങ്ങൾ ഉണ്ടാക്കുന്നത്. വ്യത്യസ്ത രീതിയിലുള്ള പാസ്ത, ഫ്രിറ്റോ മിസ്റ്റോ തുടങ്ങി വൈവിധ്യം നിറഞ്ഞ ലിഗൂറിയൻ കുസീൻ പരീക്ഷിക്കാം.

ഷോപ്പിങ് ഹരമാണോ, വമ്പൻ ബ്രാൻഡുകൾ ഷോപ്പ് ചെയ്യാം ഇവിടെ

ഷോപ്പിങ്ങിൽ താൽപര്യമുള്ള സഞ്ചാരികൾക്ക് ഉയർന്ന നിലവാരമുള്ള ബുട്ടീക്കുകളും ഡിസൈനർ ഷോപ്പുകളും  ഇവിടെയുണ്ട്. ഗൂച്ചി, പ്രാഡ, ഡോൾസ് & ഗബ്ബാന തുടങ്ങി ഉയർന്ന ബ്രാൻഡുകളുടെ ഒരു പറുദീസയാണ് പോർട്ടോഫിനോ. അർമാനി, വെർസേസ്, ബൾഗാരി തുടങ്ങിയ ഡിസൈനർമാരിൽ നിന്നുള്ള വസ്ത്രങ്ങൾ, ആഭരണങ്ങൾ, ആക്സസറികൾ എന്നിവയും ഇവിടെ ലഭ്യമാണ്. ഉയർന്ന നിലവാരമുള്ള വൈനുകൾ, ഒലിവ് ഓയിൽ, കൈ കൊണ്ട് നിർമിച്ച പാസ്ത എന്നിവയും വാങ്ങാം. 

English Summary:

Experience the Magic of Portofino: History, Nature, and Luxury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com