ADVERTISEMENT

യാത്രകൾ ഏതൊരാള്‍ക്കും ലഭിക്കാവുന്ന ഏറ്റവും മികച്ച വിദ്യാഭ്യാസമാണ്, വെറുതെ സ്ഥലങ്ങൾ സന്ദർശിക്കുന്നതും ആളുകളെ കണ്ടുമുട്ടുന്നതും അവരുടെ സംസ്കാരങ്ങളെക്കുറിച്ച് പഠിക്കുന്നതും എല്ലാം വിദ്യാഭ്യാസമാണെന്നു ചിന്തിക്കുന്ന ഒരാൾ എന്ന നിലയിൽ എന്റെ യാത്രകള്‍ എന്നും വൈവിധ്യങ്ങൾ നിറഞ്ഞതായിരിക്കണം എന്ന് എനിക്കു നിർബന്ധമുണ്ട്. പുസ്തകങ്ങൾ വായിച്ചോ സിനിമകൾ കണ്ടോ നമ്മുടെ ജീവിതം ചെലവഴിക്കാം, എന്നാൽ നമ്മൾ യഥാർഥത്തിൽ ആ ലഭിക്കുന്ന അറിവിലൂടെ നമ്മുടെ ഇന്ദ്രിയങ്ങൾ ഉത്തേജിപ്പിക്കപ്പെടുന്നില്ല. എന്നാൽ സ്പർശനത്തിലൂടെയും നേരനുഭവത്തിലൂടെയും നമുക്ക് ലഭിക്കുന്ന അറിവുകൾ വിവരണാതീതമാണ്. എന്റെ ഏറ്റവും വലിയ അഭിലാഷം എന്റെ വിഡിയോയിലൂടെ കൂടുതൽ ആളുകളെ അവരുടെ കംഫർട്ട് സോൺ വിട്ട് ലോകത്തെ അനുഭവവേദ്യമാക്കാൻ പ്രചോദിപ്പിക്കുക എന്നതാണ്. യാത്രകൾ നമ്മളെ ബുദ്ധിമാനും പക്വതയുള്ളവനും വിദ്യാസമ്പന്നനുമാക്കുന്നു.

ഈ ചിന്തകളാവാം ഈ പ്രാവശ്യത്തെ ഞങ്ങളുടെ യാത്ര മൊറോക്കൻ നഗരമായ മരക്കേഷിലേക്ക് തിരിഞ്ഞത്. വായിച്ചും കേട്ടും അറിഞ്ഞ റെഡ് സിറ്റി എന്നറിയപ്പെടുന്ന മൊറോക്കോയിലെ നാലാമത്തെ വലിയ പട്ടണമായ മരക്കേഷിന്റെ മനോഹാരിതയിൽ മനം നിറഞ്ഞ ഞങ്ങൾക്ക് മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല അങ്ങോട്ട് കുടുംബസമേതം യാത്ര തിരിക്കാൻ. ലണ്ടനിൽ നിന്നും മൂന്നര മണിക്കൂർ യാത്ര ചെയ്തു മൊറോക്കോയിലെ മരക്കേഷ് എയർപോർട്ടിൽ വൈകിട്ടോടെ ഞങ്ങൾ എത്തിച്ചേർന്നു. എയർപോർട്ടിൽ നിന്നും ഞങ്ങൾ എയർ ബിഎൻബി വഴി ബുക്ക് ചെയ്തിരുന്ന ഹോംസ്റ്റേയിൽ എത്തിച്ചേർന്നു. അന്ന് അവിടെ വിശ്രമിച്ചതിനു ശേഷം പിറ്റേദിവസം രാവിലെ ഞങ്ങൾ മരക്കേഷിലെ വിവിധ വിനോദ കേന്ദ്രങ്ങൾ, ചരിത്രപരമായ സ്ഥലങ്ങൾ എന്നിവ കാണുന്നതിനായി പുറപ്പെട്ടു.

marrakech-01
ചിത്രങ്ങൾ: അബിൽ അൻസാരി

ഞങ്ങൾ ആദ്യം മരക്കേഷിലെ വലിയ സിറ്റികളിൽ ഒന്നായ ജമാ അൽ ഫിന എന്ന വാണിജ്യചത്വരത്തിലേക്ക് പോകുന്ന വഴിയിലെ ഒരു പ്രധാന ആകർഷണ കേന്ദ്രമായ കുത്തുമ്പിയ മോസ്ക് കാണുന്നതിനായിട്ടാണ് പോയത്. കുത്തുമ്പിയ മസ്ജിദിന്റെ ആകർഷകമായ മിനാരത്തിന്റെ ഗംഭീരമായ വാസ്തുവിദ്യ ഈ മസ്ജിദിനെ വേറിട്ട ഭംഗിയിൽ കാണാൻ സാധിക്കുന്നു. പക്ഷേ ഞങ്ങളുടെ ഈ യാത്രയിൽ ഞങ്ങൾക്ക് മസ്ജിദിനകത്തു പ്രവേശിക്കാൻ സാധിച്ചില്ല. കഴിഞ്ഞവർഷം ഉണ്ടായ ഭൂകമ്പം മൂലം പള്ളിക്ക് സംഭവിച്ച കേടുപാടുകളുടെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പള്ളിക്കകത്തേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. എങ്കിലും പുറമേ നിന്ന് ഭംഗി ആസ്വദിക്കുകയും ഞങ്ങൾ ചിത്രങ്ങൾ പകർത്തുകയും ചെയ്തു. മസ്ജിദിന് പിന്നിലായി ഈന്തപ്പന തോട്ടങ്ങളും ശാന്തമായി ഇരുന്നു ചിന്തിക്കാനും ആസ്വദിക്കാനും പറ്റിയ പൂന്തോട്ടങ്ങളും കാണാം. മസ്ജിദിൽ അമുസ്ലിങ്ങൾക്ക് പ്രവേശനം ഇല്ലെങ്കിലും ചിത്രങ്ങൾ എടുക്കുന്നതിനും മറ്റും തടസ്സങ്ങൾ ഒന്നുമില്ല.

marrakech-02
ചിത്രങ്ങൾ: അബിൽ അൻസാരി

തുടർന്ന് ഞങ്ങൾ ജമാ അൽ ഫിന എന്നറിയപ്പെടുന്ന വാണിജ്യ ചത്വരം കാണന്നതിനായിട്ടാണ് പോയത്. കുത്തുമ്പിയ മസ്ജിദിന്റെ എതിർവശത്തായി കാണുന്ന ജമാ അൽ ഫിന എന്നറിയപ്പെടുന്ന വാണിജ്യ ചത്വരം മരക്കേഷ് യാത്രയിൽ നിന്ന് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ്. മരക്കേഷിന്റെ മധ്യഭാഗത്ത് സമ്പന്നമായ മൊറോക്കൻ സംസ്കാരത്തിന്റെ പ്രതിഫലനം ആയിട്ടാണ് ജമാ അൽ ഫിന അറിയപ്പെടുന്നത്. ജമാ അൽ ഫിന ഒരു പൗരാണിക സാംസ്കാരിക വാണിജ്യ കേന്ദ്രം കൂടിയാണ്. ഇവിടെ എത്തുന്ന സന്ദർശകർക്ക്, പാരമ്പര്യ മൊറോക്കൻ വേഷധാരികൾ മൃഗത്തിന്റ തുകലിൽ തീർത്ത പാത്രങ്ങളിൽ നിന്ന് വെള്ളം പകർന്ന് നൽകുന്ന കാഴ്ച കൗതുകം ഉണർത്തുന്ന ഒന്നാണ്. സന്ദർശകരിൽ നിന്ന് ചെറിയ തുകകൾ പ്രതിഫലമായി ഇവർ വാങ്ങാറുണ്ട്. യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് അതും ഒരു ആസ്വാദനമാണ്.

marrakech-04
ചിത്രങ്ങൾ: അബിൽ അൻസാരി

ഈ ചത്വരത്തിന്റെ നടുഭാഗത്തായി വിവിധ മൃഗങ്ങളുടെ കച്ചവടങ്ങൾ നമുക്ക് കാണാൻ കഴിയും. പാമ്പാട്ടികൾ പാമ്പിനെ മയക്കി കൂട്ടിലടച്ചിട്ട് അവയെ ഉപയോഗിച്ച് ആളുകളെ ആകർഷിക്കുന്ന ഒരു പ്രധാന വിനോദമാണ് തുടക്കത്തിലെ തന്നെ കാണാൻ സാധിക്കുക. പാമ്പിനെ ലാളിക്കുന്ന മന്ത്രവാദികളും കുരങ്ങിനെ കൈകാര്യം ചെയ്യുന്ന വിദഗ്ധരും നമ്മളിൽ അൽപം കൗതുകം സൃഷ്ടിക്കും. ചിലരുടെ അമിതമായ പ്രകടനങ്ങൾ നമുക്ക് അവരെ ഒഴിവാക്കുവാനും മനസ്സിൽ തോന്നും. ജമാ അൽ ഫിനായിൽ നമ്മൾ ഏറ്റവും രസകരമായി ആസ്വദിക്കേണ്ട ഒന്ന് വൈവിധ്യങ്ങൾ നിറഞ്ഞ ഭക്ഷണശാലയാണ്. 50 ലധികം ഭക്ഷണശാലകൾ ഒരുക്കി ഇരിക്കുന്നതിനാൽ രുചി വൈവിധ്യങ്ങൾക്ക് അവസാനമില്ല. ഇത് സന്ധ്യാസമയത്ത് തുറക്കുന്നതു കൊണ്ട് നമുക്ക് വളരെ മനോഹരമായ ദൃശ്യഭംഗി ആസ്വദിച്ച് രുചി വൈവിധ്യങ്ങള്‍ ആസ്വദിക്കുന്നതിന് കഴിയുന്നു. മാംസം കൊണ്ടുള്ള വിവിധങ്ങളായ വിഭവങ്ങൾ, ഗ്രിൽ ചെയ്ത പച്ചക്കറികൾ, വ്യത്യസ്തയിനം ചിക്കൻ ബാർബിക്യു, മത്സ്യം, ചിപ്സ് തുടങ്ങിയ പറഞ്ഞാൽ തീരാത്ത അത്രയും വിഭവങ്ങൾ ഒരുക്കിയിരിക്കുന്ന ഭക്ഷണശാലകൾ അവിടത്തെ ആകർഷണ കേന്ദ്രമാണ്. വളരെ പ്രധാനപ്പെട്ട ഒരു ഭക്ഷണവിഭവമാണ് മൊറോക്കൻ കുബൂസ് (ബ്രഡ്). ഈ പ്രദേശത്തെ മികച്ച 2 പാനീയങ്ങളാണ് പുതിയ ചായയും ഫ്രഷ് ഓറഞ്ച് ജ്യൂസും. ഇരുന്ന് ആസ്വദിച്ച് കുടിക്കാൻ പറ്റിയ രുചിയേറിയ പാനീയങ്ങളാണ് ഇവ രണ്ടും. ഭക്ഷണപാനീയങ്ങൾ പോലെ തന്നെ രസകരമായ വിനോദങ്ങളും ഈ ചത്വരത്തെ ചലനാത്മകമാക്കുന്നു.

marrakech-03
ചിത്രങ്ങൾ: അബിൽ അൻസാരി

വെള്ളിയാഴ്ച ആയതിനാൽ ഞങ്ങൾക്ക് ഈ ചത്വരത്തിൽ തന്നെ ജുമാ നമസ്കാരം നിർവഹിക്കുവാനും സാധിച്ചു. കാർഡ്ബോർഡുകൾ റോഡിൽ വിരിച്ച് അതിലായിരുന്നു ഞങ്ങളുടെ ജുമാ നമസ്കാരം. എങ്കിലും അതൊരു വേറിട്ട അനുഭവമായിരുന്നു ഞങ്ങൾക്ക്.

marrakech-05
ചിത്രങ്ങൾ: അബിൽ അൻസാരി

ആയിരക്കണക്കിന് വിനോദസഞ്ചാരികളും നാട്ടുകാരും ഓരോ ദിവസവും മാർക്കറ്റിലൂടെയും സ്റ്റാളുകളിലൂടെയും കടന്നുപോകുന്നതിനാൽ ജമാ അൽഫെന വളരെ തിരക്കേറിയ ഒന്നായി മാറുകയാണ്. എല്ലായിടത്തും ഉള്ളതുപോലെ കുറച്ച് അഴിമതിക്കാരും പോക്കറ്റടിക്കാരും എല്ലാം ഇതിനിടയിലൂടെ കടന്നുപോകുന്നുണ്ട്. അവരെ നിരീക്ഷിക്കുന്നതിനായി പൊലീസ് സംവിധാനങ്ങൾ ഉണ്ട് എങ്കിലും നമ്മളുടെ വസ്തുക്കൾ സൂക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കാണ് എന്നുള്ള ഒരു ചിന്ത ഏതൊരു യാത്രയിലും ഉള്ളത് നല്ലതാണ്. അനുവാദമില്ലാതെ പ്രദർശനത്തിനായി തയാറാക്കിയിരിക്കുന്ന കുരങ്ങുകളുടെയോ മറ്റു മൃഗങ്ങളുടെയോ ചിത്രങ്ങൾ എടുക്കാൻ പാടില്ല എന്നുള്ളതും അവിടെ ശ്രദ്ധിക്കേണ്ട ഒന്നാണ്. അവരറിയാതെ എടുത്ത ചിത്രങ്ങൾ അവരുടെ ശ്രദ്ധയിൽപ്പെട്ടാൽ അവരത് നശിപ്പിച്ചു കളയുന്നതിനും അല്ലാത്ത പക്ഷം ഫൈൻ നൽകി അവ വാങ്ങുന്നതിനും അവര്‍ നമ്മെ നിർബന്ധിക്കും.

ഒരു കാര്യം നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും. വൈവിധ്യങ്ങളായ ഭക്ഷണപാനീയങ്ങളും മൃഗങ്ങളുടെ വിവിധങ്ങളായ പ്രകടനങ്ങളും മൊറോക്കൻ സംസ്കാരത്തെ വിളിച്ചുണർത്തുന്ന തരത്തിലുള്ള മൊറോക്കോക്കാരുടെ പ്രകടനങ്ങളും എല്ലാം ഈ ചത്വരത്തെ മധുര മനോഹര സുന്ദരഭൂമിയാക്കി മാറ്റുകയാണ്. 

ജമാ അൽ ഫെന എന്ന ഈ ചത്വരത്തിന്റെ ചരിത്രം അൽപം ദുരൂഹമാണ്. കൂടുതൽ വ്യക്തമല്ല എങ്കിലും ഏകദേശം പന്ത്രണ്ടാം നൂറ്റാണ്ടിൽ കുറ്റവാളികളെ തൂക്കിക്കൊല്ലുന്നതിനും സൈനിക പരേഡുകൾ നടത്തുന്നതിനും ഈ ചത്വരം ഉപയോഗിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്.

പതിനേഴാം നൂറ്റാണ്ടിൽ, സാദിയൻ സുൽത്താൻ അഹമ്മദ് എൽ മന്‍സൂർ ‘സന്തോഷത്തിന്റെ മസ്ജിദ്’ എന്നർഥം വരുന്ന ഡിജെമാ എൽഫ്ന എന്ന ഒരു മസ്ജിദ് നിർമ്മിക്കുകയും പിന്നീട് ഈ മസ്ജിദ് വാണിജ്യത്തിന്റെയും വിനോദത്തിന്റെയും സ്ഥലമായ Jemaa el-Fna എന്ന പേരിൽ പരിവർത്തനം ചെയ്യുകയും ചെയ്തു. 2001–ൽ യുനെസ്കോ ഈ സ്ക്വയർ മാനവികതയുടെ അദൃശ്യമായ സാംസ്കാരിക പൈതൃകത്തിന്റെ സ്ഥലമായി പ്രഖ്യാപിച്ചു.

മരക്കേഷിന്റെ മനോഹാരിത ആസ്വദിക്കാൻ എത്തുന്നവർക്കായി ഒരുപാട് വൈവിധ്യങ്ങളായ കാഴ്ചകളും അവിടെ നമുക്ക് കാണാൻ കഴിയും. അതുകൂടി കണ്ടാൽ മാത്രമേ മരക്കേഷിലേക്കുള്ള യാത്ര പൂർണമാകൂ. കുറച്ച് സ്ഥലങ്ങൾ ഈ യാത്രയിൽ പരിചയപ്പെടാം.

Bahia Palace

8000 ചതുര മീറ്റർ വിസ്തീർണ്ണം ഉള്ള, തറ മുതൽ മുകൾഭാഗം വരെ മരം കൊണ്ടും പ്ലാസ്റ്റർ ഓഫ് പാരീസ് കൊണ്ടും ഇറ്റാലിയൻ കരാരാ മാര്‍ബിൾ കൊണ്ടും ഡിസൈൻ ചെയ്ത അതിമനോഹരമായ കൊട്ടാരം ഇവിടത്തെ മറ്റൊരു ഹൈലൈറ്റ് ആണ്. 8 ഹെക്ടറിലായി 150 മുറികളോടു കൂടി നിർമ്മിച്ചിരിക്കുന്ന ഈ അതിമനോഹരമായ കൊട്ടാരത്തിന്റെ ഒരു ഭാഗം മാത്രമേ ജനങ്ങൾക്കായി തുറന്നു കൊടുത്തിട്ടുള്ളൂ.

ജാർഡിൻ മജോറെല്ല

1924ൽ ആരംഭിച്ച ജാർഡിൻ മജോറെല്ല (Jaardin Majorelle) എന്ന ഉദ്യാനത്തിൽ അഞ്ചു ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 300 ഇനം സസ്യങ്ങളുടെ ഒരു പ്രപ‍ഞ്ചം തന്നെ സൃഷ്ടിച്ചിരിക്കുന്നു. 1980 ൽ ഈ ഉദ്യാനം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. ഉദ്യാനത്തിന്റെ ഹൃദയഭാഗത്ത് ഫ്രഞ്ച് ലാൻഡ് സ്കേപ്പ് ചിത്രകാരനും ഇതിന്റെ യഥാർഥ ഉടമയുമായ ജാക്വസ് മജോറില്ലിന്റെ ഇലക്ട്രിക് ബ്ലൂ ആർട്ട് സ്റ്റുഡിയോ സ്ഥിതി ചെയ്യുന്നു. ജാര്‍ഡിൻ മജോറെല്ലില്‍ മനോഹരമായ ഒരു കോർട്ട്‌യാർഡ് കഫേ, ഒരു ചെറിയ പുസ്തകശാല, ഫൊട്ടോഗ്രാഫി ഷോപ്പ്, മജോറെല്ലെ ബ്ലൂ സ്ലിപ്പറുകള്‍, തുണിത്തരങ്ങൾ, വിവിധ ഡിസൈനുകളിലുള്ള ആഭരണങ്ങൾ എന്നിവ വിൽക്കുന്ന ഒരു ബോട്ടിക് എന്നിവയും ഉണ്ട്.

മൊറോക്കോയിലെ തദ്ദേശവാസികളുടെ 600 ലധികം പുരാവസ്തുക്കൾ പ്രദർശിപ്പിക്കുന്ന ബർബെ മ്യൂസിയം ഇപ്പോൾ മൊറോക്കോയിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാര കേന്ദ്രമായി ഇത് റാങ്ക് ചെയ്യപ്പെടുന്നു, പ്രതിവർഷം 900,000 സന്ദർശകർ. ഇപ്പോഴും മാന്ത്രിക ഉദ്യാനങ്ങളും ആർട്ട് ഡെക്കോ വാസ്തുവിദ്യയും മികച്ച മ്യൂസിയവും ഉള്ള വളരെ സ്റ്റൈലിഷ് സ്ഥലമാണ് ബർബെ മ്യൂസിയം.

സാദിയൻ ശവകുടീരങ്ങൾ

മൊറോക്കോയുടെ സമ്പന്നമായ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും അതിശയകരമായ ഉദാഹരണമാണ് മരക്കേഷിലെ സാദിയൻ ശവകുടീരങ്ങൾ(Saadian Tombs). പതിനാറാം നൂറ്റാണ്ടിൽ സാദിയൻ സുൽത്താൻ അഹമ്മദ് അൽ മന്‍സൂർ അദഹ്ബി നിർമ്മിച്ച ഈ ശവകുടീരങ്ങൾ സാദിയൻ രാജവംശത്തിന്റെ ശക്തിയുടെയും മഹത്വത്തിന്റെയും തെളിവാണ്. സങ്കീർണ്ണമായ കല്ലിൽ തീർത്ത കൊത്തുപണികള്‍, വർണാഭമായ ടൈലുകൾ, അലങ്കരിച്ച തൂക്കുവിളക്കുകൾ എന്നിവ ഉൾക്കൊള്ളുന്ന ശവകുടീരങ്ങൾ അവയുടെ തനതായ വാസ്തുവിദ്യയ്ക്കും രൂപകൽപ്പനയ്ക്കും പേരുകേട്ടതാണ്. സന്ദർശകർക്ക് ഭൂതകാലത്തിന്റെ ഒരു നേർക്കാഴ്ചയും സങ്കീർണമായ വാസ്തുവിദ്യയുടെ രൂപകൽപ്പന പര്യവേക്ഷണം ചെയ്യാനുള്ള അവസരവും ആണ് നമുക്ക് ഈ കാഴ്ചയിലൂടെ ലഭിക്കുന്നത്. ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ സാദിയൻ ശവകുടീരങ്ങൾ ഒരു പ്രധാന സാംസ്കാരിക നാഴികക്കല്ലാണ്.

മൊറോക്കൻ കാഴ്ചകൾ ഇവിടെ പൂർണ്ണമാകുന്നില്ല. കാഴ്ചയുടെ വൈവിധ്യങ്ങൾ നിറഞ്ഞ മരക്കേഷിൽ നിന്നും ഞങ്ങൾ മൊറോക്കോയുടെ തലസ്ഥാനമായ കാസാബ്ലാങ്കെയിലേക്ക് യാത്ര തിരിക്കുകയാണ്. 

English Summary:

Unveiling the Magic of Marrakech: A Journey Through the Red City.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com