അസ്വസ്ഥത നിറഞ്ഞ ജോലിയാണോ?; കരിയർ തീർച്ചയായും ഉയരത്തിലെത്തുമെന്ന് വനിതാ സിഇഒ

Mail This Article
മറ്റാര്‍ക്കും വേണ്ടാത്ത ജോലി ഏറ്റെടുക്കാന്‍ മടിക്കരുത്- സ്ത്രീകള്‍ക്ക് കോറി ബാരി നല്കുന്ന ഉപദേശമാണിത്. ലോകത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് റീടെയ്ലിങ് കമ്പനിയായ ബെസ്റ്റ് ബൈ യുടെ ആദ്യത്തെ ചീഫ് എക്സിക്യുട്ടീവ് ഓഫിസറാണ് കോറി ബാരി. ലോകത്തെ ഏറ്റവും പ്രശസ്തമായ കമ്പനികളുടെ തലപ്പത്തിരിക്കുന്ന 44 സ്ത്രീകളില്‍ പ്രമുഖ. 44 -ാം വയസ്സില്‍ ഉന്നതസ്ഥാനത്തെത്തുക വഴി ഈ പദവിയില്‍ എത്തുന്ന പ്രായം കുറഞ്ഞ വനിത എന്ന റെക്കോര്‍ഡും സ്വന്തമാക്കിയ വ്യക്തി.
സ്വസ്ഥതയ്ക്കു പകരം അസ്വസ്ഥത നിറഞ്ഞ നിമിഷങ്ങളെ അതിജീവിക്കാന്‍ ശ്രമിക്കൂ എന്നും കോറി ബാരി വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളോടായി പറയുന്നു. അസ്വസ്ഥത നിറഞ്ഞ നിമിഷങ്ങളായിരിക്കും വളരാന്‍ ഏറ്റവും നല്ലത്. ആശ്വാസപ്രദമല്ലാത്ത ജോലികള്‍, കഠിനമായ ദിവസങ്ങള്‍. മറ്റാര്‍ക്കും വേണ്ടാത്ത ജോലി. അവയിലൂടെ ഒരു സ്ത്രീക്ക് ലോകത്തിന്റെ ഉന്നതങ്ങളിലേക്ക് നടന്നുകയറാന്‍ കഴിയും- കോറി ബാരി പറയുന്നു.
ഡെലോട്ട് ആന്‍ഡ് ടച്ച് എന്ന സ്ഥാപനത്തില്‍ രണ്ടു വര്‍ഷം ഓഡിറ്ററായി ജോലി നോക്കിയതിനുശേഷം ബാക്കിവര്ഷങ്ങളിലെല്ലാം ബെസ്റ്റ് ബൈ എന്ന സ്ഥാപനത്തില്തന്നെയായിരുന്നു കോറി ബാരി. രണ്ടു ദശകം നീണ്ട കരിയറില്‍ ബെസ്റ്റ് ബൈയില്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ഉള്‍പ്പെടെ പതിനഞ്ചോളം വ്യത്യസ്ത പോസ്റ്റുകളിലും അവര്‍ ജോലി ചെയ്തു.
ഒരുമേഖലയില്‍ മാത്രം ഒതുങ്ങിനില്ക്കാതെ, വിവിധ മേഖലളില്‍ ജോലി ചെയ്യാന്‍ കഴിഞ്ഞതാണ് തന്റെ നേട്ടത്തിനു കാരണമെന്നു പറയുന്നു ബാരി. ബെസ്റ്റ് ബൈയുടെ സാമ്പത്തിക രംഗത്തു കുറച്ചുനാള്‍ ജോലി ചെയ്തു. പിന്നീട് ഫീല്‍ഡ് ജോലി. സേവന മേഖലയിലും ഇടയ്ക്കൊരു കൈ നോക്കി. സാങ്കേതിക മേഖലയിലായിരുന്നു പിന്നീട് ജോലി ചെയ്തത്.
ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍ ഒട്ടും ജനപ്രിയമല്ലാത്ത അഭിപ്രായങ്ങള്‍ പറയാന്‍ മറക്കരുത്. കാരണം അവയായിരിക്കും നിങ്ങളെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തയാക്കുന്നതും വളര്‍ച്ചയ്ക്കുള്ള ചവിട്ടുപടി ഒരുക്കുന്നതും. പലപ്പോഴും അസ്വസ്ഥകരമായ നിമിഷങ്ങളുണ്ടായേക്കാം. പക്ഷേ, ആ നിമിഷങ്ങള്‍ വളര്‍ച്ചയിലേക്കുള്ള ആദ്യപടിയാണ്.
ബെസ്റ്റ് ബൈയുടെ തലപ്പത്തിരുന്നവര്‍ കോറി ബാരി ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനും അവ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനും ശ്രമിച്ചു എന്ന വസ്തുതയും എടുത്തുപറയണം. സിഇഒ പദവി ബാരിക്കു കൈമാറിയതിനുശേഷം നടന്ന ഒരു ചടങ്ങില്‍ മുന്‍ സിഇഒ ഹ്യുബര്‍ട്ട് ജോളി സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് രസകരമായി പറയുകയും ചെയ്തിരുന്നു.
‘ ഒരു പുരുഷന് സ്ഥാനക്കയറ്റത്തിന് 80 ശതമാനം യോഗ്യനാണെങ്കില്ത്തന്നെ, ഞാന്‍ തയാര്‍ എന്നായിരിക്കും പറയുക. സ്ത്രീ സ്ഥാനക്കയറ്റത്തിന് 125 ശതമാനം യോഗ്യയാണെങ്കില്ക്കൂടി എനിക്കതു കഴിയുമോ എന്ന സംശയത്തിലുമായിരിക്കും. ഇത് എല്ലാവരും മനസ്സിലാക്കണം. സ്ഥാപനത്തിലെ യോഗ്യരായ സ്ത്രീകളെ പിന്തുണച്ച് മുന്നോട്ടുകൊണ്ടുവരാന്‍ ശ്രമിക്കണം. കോറീ..നിങ്ങള്‍ക്കതു കഴിയും. നിങ്ങള്‍ തയാറാണ്. തീര്‍ച്ചയായും എന്റെ പിന്തുണയുണ്ടാകും... എന്ന വാക്കുകളോടെ സ്ത്രീകളെ മുന്‍ നിരയിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കേണ്ടത് പുരുഷന്മാര് തന്നെയാണ്’.
ബെസ്റ്റ് ബൈയുടെ 13 ബോര്‍ഡ് മെംബര്‍മാരില്‍ ഏഴുപേര്‍ സ്ത്രീകളാണ്. ഇക്കൂട്ടത്തില്‍ അവസാനം നിയമിക്കപ്പെട്ട നാലുപേരും കറുത്ത വര്‍ഗക്കാരാണെന്ന പ്രത്യേകതയുമുണ്ട്. ഹ്യുബര്‍ട്ട് ജോളിയുടെ അഭിപ്രായത്തില്‍ കരിയറില്‍ താന്‍ നേരിട്ട രണ്ടു പ്രശ്നങ്ങളിലൊന്ന് നിറത്തിന്റെ പേരിലുള്ള വിവേചനവും മറ്റൊന്ന് സ്ത്രീകള്‍ക്കെതിരായ വിവേചനവുമാണ്. പ്രധാനപ്പെട്ട മിക്ക തീരുമാനങ്ങളും കൈക്കൊണ്ടിരുന്നത് സ്ത്രീകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.