രാക്ഷസീയതയും തോൽക്കും, ഉത്തമസ്ത്രീത്വത്തിനു മുന്നിൽ
Mail This Article
ശ്രീരാമദേവന്റെ അവതാരോദ്ദേശ്യമായ രാവണവധം നടന്നുകഴിഞ്ഞു. അശോകവനികയിലെ ശിംശപാവൃക്ഷത്തിനു താഴെ ദുഃഖാകുലയായി കഴിഞ്ഞിരുന്ന സീതാദേവി ശ്രീരാമസവിധത്തിലെത്തി അഗ്നിയിൽ പ്രവേശിക്കുകയാണു ചെയ്തത്. പിന്നീട് അഗ്നിദേവനാണു സാക്ഷാൽ സീതാദേവിയെ ശ്രീരാമദേവനു നൽകുന്നത്. ആ സന്ദർഭത്തെപ്പറ്റി പൈങ്കിളി പാടുന്നത് ഇങ്ങനെ:
'ലങ്കേശനിഗ്രഹാർഥം വിപിനത്തിൽനി-
ന്നെങ്കലാരോപിതയാകിയ ദേവിയെ
ശങ്കാവിഹീനം പരിഗ്രഹിച്ചീടുക
സങ്കടം തീർന്നു ജഗത്ത്രയത്തിങ്കലും.
പാവകനെപ്രതി പൂജിച്ചു രാഘവൻ
ദേവിയെ മോദാൽ പരിഗ്രഹിച്ചീടിനാൻ.'
രാക്ഷസരാജാവായ രാവണൻ ലങ്കയിലേക്ക് അപഹരിച്ചുകൊണ്ടുപോയതു സാക്ഷാൽ സീതാദേവിയെയല്ല, മായാസീതയെ ആയിരുന്നു എന്നാണു തുഞ്ചത്താചാര്യന്റെ പൈങ്കിളി പാടുന്നത്. അഗ്നിശുദ്ധിയുടെ തേജസ്സാർന്ന സാക്ഷാൽ സീതാദേവിയെ ശ്രീരാമദേവൻ, രാവണവധം എന്ന ദൗത്യം പൂർത്തിയാക്കി സന്തോഷത്തോടെ സ്വീകരിച്ചു എന്നാണു കിളിമൊഴി.
അഗ്നിതുല്യമായ ഉത്തമസ്ത്രീത്വത്തെ ആർക്കും അപഹരിക്കാനാകില്ല. അതിന്റെ മായാരൂപത്തെപ്പോലും കളങ്കപ്പെടുത്താൻ രാക്ഷസീയതയ്ക്കു കഴിയില്ല എന്നാണു പൈങ്കിളി നമ്മെ പാടിക്കേൾപ്പിച്ചത്.
English Summary : Ramayana Parayanam Day 29 By Raveendran Kalarikkal