രാമരാജ്യം- നന്മയുടെ വിളനിലം
Mail This Article
രാക്ഷസീയതയുടെ പത്തു തലകളുമായെത്തിയ രാവണനും സാത്വികതയുടെ മൂർത്തരൂപമായ ശ്രീരാമദേവനു മുന്നിൽ ഒന്നുമല്ലാതായി. ഉത്തമസ്ത്രീത്വത്തിന്റെ കരുത്തുറ്റ പ്രതീകമായ സീതാദേവി അങ്ങനെ, പുരുഷോത്തമനായി അവതരിച്ച ശ്രീരാമദേവന്റെ ശക്തിയായി, വീണ്ടും.
പിന്നെ, അയോധ്യയിൽ ശ്രീരാമപട്ടാഭിഷേകവും നടന്നു.
പൈങ്കിളി പാടുന്നു:
'ജാനകീദേവിയോടും കൂടി രാഘവ-
നാനന്ദമുൾക്കൊണ്ടു രാജഭോഗാന്വിതം
അശ്വമേധാദിയാം യാഗങ്ങളും ചെയ്തു
വിശ്വപവിത്രയാം കീർത്തിയും പൊങ്ങിച്ചു
നിശ്ശേഷസൌഖ്യം വരുത്തി പ്രജകൾക്കു
വിശ്വമെല്ലാം പരിപാലിച്ചരുളിനാൻ.'
പ്രജകൾക്കു പരിപൂർണസൌഖ്യം പകർന്ന് ശ്രീരാമദേവൻ വിശ്വം പരിപാലിച്ചു എന്നാണു കിളിമകൾ പാടുന്നത്.
അച്ഛൻ മക്കളെ പാലിക്കുന്നതു പോലെയാണു ശ്രീരാമദേവൻ പ്രജകളെ പരിപാലിച്ചത്.
'വൈകുണ്ഠലോകഭോഗത്തിനു തുല്യമായ്
ശോകമോഹങ്ങളകന്നു മേവീടിനാർ...' എന്നു കൂടി കിളിമകൾ പാടുന്നു. ദുഃഖങ്ങളില്ലാത്ത വൈകുണ്ഠലോകം പോലെയായി രാജ്യം എന്ന്. നന്മയുടെ വിളനിലമായ രാമരാജ്യം തന്നെയായിരുന്നു അത്.
English Summary : Ramayana Parayanam Day 30 By Raveendran Kalarikkal