കന്നിമാസ ആയില്യം ഒക്ടോബർ 9ന്; സർപ്പപ്രീതിയിലൂടെ സന്താന സൗഭാഗ്യവും ഐശ്വര്യവും
Mail This Article
ഭാരതീയ വിശ്വാസ പ്രകാരം നാഗാരാധനയ്ക്ക് പ്രമുഖ സ്ഥാനമാണുള്ളത്. സർപ്പപ്രീതിയിലൂടെ സന്താന സൗഭാഗ്യവും സന്താന അഭിവൃദ്ധിയും ലഭിക്കുമെന്നാണ് പുരാണങ്ങളിലും ജ്യോതിഷ ഗ്രന്ഥങ്ങളിലും പറയുന്നത്. പ്രത്യക്ഷ ദൈവമായ നാഗങ്ങളുടെ ജന്മദിനമാണ് കന്നിമാസത്തിലെ ആയില്യം. കൂടാതെ നാഗങ്ങൾ ചാതുർമാസ്യ വ്രതത്തിൽ നിന്ന് ഉണരുന്ന ദിനവുമാണ്. സർപ്പപ്രീതിക്ക് ഏറ്റവും ഉത്തമമായ ദിനം .ഈ ദിവസം ഒരിക്കലോടെ വ്രതം അനുഷ്ഠിച്ചാൽ സർപ്പപ്രീതി ലഭിക്കും.
ഈ വർഷത്തെ കന്നിമാസ ആയില്യം വരുന്നത് ഒക്ടോബർ 9 തിങ്കളാഴ്ചയാണ് . നാഗദേവതാപ്രാധാന്യമുള്ള ഒട്ടേറെ ക്ഷേത്രങ്ങളിൽ ആയില്യം പൂജ നടക്കും. പ്രസിദ്ധമായ മണ്ണാറശാല ആയില്യം ആചരിക്കുന്നത് തുലാമാസത്തിലെ ആയില്യം നാളിലാണ്. കന്നി ആയില്യം തൊഴുതാൽ ഒരു വർഷം ആയില്യം പൂജ തൊഴുന്നതിന് തുല്യമാണെന്നാണ് വിശ്വാസം. ആയില്യവ്രതം ആരംഭിക്കേണ്ട മാസവും കന്നിമാസമാണ്. ഈ വ്രതാനുഷ്ഠാനത്തിലൂടെ സർപ്പദോഷങ്ങളുടെ കാഠിന്യം കുറയ്ക്കാം. ആയില്യവ്രതം ഏകാദശിവ്രതം പോലെ ആചരിക്കാവുന്നതാണ്. ശൈവവും വൈഷ്‌ണവവുമായിട്ടുള്ള സകല നാമങ്ങളും ആയില്യവ്രതത്തിനു ജപിക്കാം എന്ന പ്രത്യേകതയുണ്ട്. പ്രഭാതത്തിൽ കുളിച്ചു ശുദ്ധിയായി ഗായത്രി ജപത്തിനു ശേഷം നാഗരാജ ഗായത്രി ജപിക്കുന്നത് ശ്രേഷ്ഠമാണ്.
നാഗരാജ ഗായത്രി
ഓം സർപ്പരാജായ വിദ്മഹെ
പത്മഹസ്തായ ധീമഹി
തന്നോ വാസുകി പ്രചോദയാത്....
ഭഗവൻ വിഷ്ണു അനന്തനെന്ന നാഗത്തിൽ ശയിക്കുന്നു. ജഗദീശ്വരനായപരമശിവന്റെ കണ്‌ഠത്തിലും ജടയിലും കൈത്തണ്ടയിലും കാൽത്തളയിലും സർപ്പങ്ങൾ ആഭരണമായി വിളങ്ങുന്നു. പൊതുവെ ശൈവചെതന്യമായ വാസുകിയെയും വൈഷ്ണവ ചൈതന്യമായ അനന്തനെയും നാഗരാജാക്കന്മാരായും ദേവീചൈതന്യത്തെ നാഗയക്ഷി ഭാവത്തിലും ആരാധിക്കുന്നു. നാഗാരാധനയുടെ കാര്യത്തിൽ എല്ലാ മാസത്തിലെയും ആയില്യം പ്രധാനമാണെങ്കിലും കന്നിമാസത്തിലെ ആയില്യം പ്രധാനമാണ്. സന്താനസൗഭാഗ്യത്തിനു പുറമേ കുടുംബൈശ്വര്യം, രോഗപീഡകളിൽ നിന്നു മോചനം, ഉദ്ദിഷ്ടകാര്യസിദ്ധി തുടങ്ങിയ ഫലങ്ങളും സർപ്പങ്ങളുടെ അനുഗ്രഹത്തിലൂടെ ലഭിക്കും എന്നാണു വിശ്വാസം.