ADVERTISEMENT

പണമോ തറവാട്ടു മഹിമയോ സ്ഥാനമാനങ്ങളോ ഒന്നും ഒരാളുടെ മരണാനന്തര ജീവിതത്തിന് മുതൽക്കൂട്ടാകുന്ന ഘടകങ്ങളായി ഇസ്‌ലാം കാണുന്നില്ല. മാത്രമല്ല ദുനിയാവിലെ ഇത്തരം സാധ്യതാകളാൽ അനുഗ്രഹിക്കപ്പെട്ടവർക്ക് മതവീക്ഷണത്തിൽ കൂടുതൽ ഉത്തരവാദിത്തങ്ങളുണ്ട്. മനുഷ്യരെ വിവിധ ഗോത്രങ്ങളും വിഭാഗങ്ങളുമായി തരംതിരിച്ചതിനു പിന്നിൽ പരസ്പരം തിരിച്ചറിയുക എന്ന ഒറ്റ കാരണം മാത്രമാണുള്ളത്. മനുഷ്യരെന്ന നിലയിൽ എല്ലാവർക്കും തുല്യ പരിഗണയാണ് ഇസ്‌ലാം നൽകുന്നത്. വിഭവങ്ങൾ കൂടുതൽ ലഭിച്ചതിന്റെ പേരിൽ അഹങ്കരിക്കുന്നതും എന്തെങ്കിലും അധികാരം ലഭിച്ചതിന്റെ പേരിൽ മറ്റുള്ളവരെ തന്റെ പാദസേവകരായി കാണുന്നതും മതം കണിശമായി വിലക്കിയിട്ടുണ്ട്. വിശുദ്ധ ഖുർആൻ പറയുന്നു: ‘ഭൂമിയിൽ അഹന്തയോ കുഴപ്പമോ ഉദ്ദേശിക്കാത്തവർക്ക് നൽകുന്നതാണ് ആ പാരത്രിക ഭവനം. ഭയഭക്തിയോടെ ജീവിക്കുന്നവർക്കാണ് അന്തിമ വിജയം’. മറ്റൊരിടത്ത് അല്ലാഹു പറയുന്നു: ‘ജനങ്ങളിൽ നിന്ന് മുഖം തിരിച്ചു കളയരുത്. ഭൂമിയിൽ അഹന്ത നടിച്ചു നടക്കരുത്. അഹങ്കാരിയും ദുരഭിമാനിയുമായ ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല’. 

സാധാരണക്കാരുടെ മേൽ അധികാരത്തിന്റെ ഹുങ്ക് പ്രകടിപ്പിച്ച ഫിർഔൻ, ഖാറൂൻ തുടങ്ങിയ ധിക്കാരികളായ ഭരണാധികാരികൾക്ക് നേരിടേണ്ടിവന്ന തിരിച്ചടികളെ സംബന്ധിച്ച് വിശുദ്ധ ഖുർആൻ ആവർത്തിച്ചു പറയുന്നുണ്ട്. പ്രവാചകൻ മുഹമ്മദ് നബി(സ്വ ) ഒരിക്കൽ പറഞ്ഞു: ‘ഒരു അണുമണിതൂക്കം അഹങ്കാരം ഹൃദയത്തിലുള്ളവൻ സ്വർഗത്തിൽ കടക്കുകയില്ല. അപ്പോൾ ഒരാൾ ചോദിച്ചു: ‘ഒരു വ്യക്തി തന്റെ വസ്ത്രവും ചെരുപ്പും നല്ലതാകണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലോ?’. അപ്പോൾ പ്രവാചകൻ പറഞ്ഞു: ‘അല്ലാഹു സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു. സത്യത്തെ ധിക്കരിക്കലും ജനങ്ങളെ അവഗണിക്കലുമാണ് അഹങ്കാരം. ക്രൂരമനസ്കരും അന്യായമായി സ്വത്ത് സമ്പാദിച്ചവരും അഹങ്കാരികളും നരകാവകാശികളണെന്ന് പ്രവാചകൻ വിധിയെഴുതി.

ഒരു സമൂഹത്തിന്റെയാകെ നിയന്ത്രണം കയ്യിൽ വന്നിട്ടും പ്രവാചകരുടെ ജീവിതത്തിൽ തെല്ലുപോലും അഹങ്കാരം കടന്നു വന്നില്ല. ബാല്യകാലത്ത് ആടിനെ മേച്ചു നടന്നതും ലാളിത്യത്തോടെ ജീവിച്ചതും അവിടുന്ന് അഭിമാനത്തോടെ ഓർക്കാറുണ്ടായിരുന്നു. ഭാര്യമാരോടുകൂടെ വീട്ട്ജോലികളിൽ ഏർപ്പെടാറുണ്ടായിരുന്നു. ക്ഷണിതാവിന്റെ മഹത്വം നോക്കാതെ ക്ഷണിക്കപ്പെടുന്ന വിരുന്നുകളിൽ പങ്കെടുക്കാറുണ്ടായിരുന്നു. പ്രവാചക സദസ്സിലേക്ക് ആർക്കും എപ്പോഴും കടന്നുവന്ന് സംസാരിക്കാനും സംശയനിവാരണം നടത്താനും അവസരമുണ്ടായിരുന്നു. ബിലാൽ, സൈദ് തുടങ്ങി ഒരു കാലത്ത് അടിമകളായിരുന്നവർ പ്രവാചക സദസ്സിൽ ഉന്നതമായ പദവികൾ നൽകി ആദരിക്കപ്പെട്ടു.

പ്രവാചകരുടെ ഈ മാതൃക തന്നെയാണ് തുടർന്നുവന്ന ഖലീഫമാരും പിന്തുടർന്നത്. ഖലീഫയായിരിക്കെ തന്നെ അയൽ വീടുകളിലെ ആടുകളെ കറന്നുകൊടുക്കാൻ സന്നദ്ധനായ അബുബകറും കാഴ്ചയില്ലാത്ത വയോധികയുടെ വീട്ട്ജോലികൾ ചെയ്തുകൊടുത്ത ഉമറുമെല്ലാം വിനയത്തിന്റെ മഹത്തായ മാതൃകകളാണ് ലോകത്തിനു സമർപ്പിച്ചത്. ആയതിനാൽ വിനയം വിശ്വാസിയുടെ മുഖമുദ്രയാവണം. വിശപ്പിന്റെ വിലയറിയുന്ന, പാവപ്പെട്ടവന്റെ വേദനയറിയുന്ന റമസാനിൽ അഹങ്കാരം വെടിഞ്ഞ് വിനയാന്വിതരായി ജീവിക്കാൻ പരിശീലിക്കണം. എങ്കിലേ ശാശ്വത വിജയം സാധ്യമാകൂ.

English Summary:

Humility is paramount in Islam, especially during Ramadan. The Quran and Prophet Muhammad's teachings strongly condemn arrogance and emphasize the importance of piety for achieving eternal success.

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com