കുംഭത്തിൽ ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയുന്നു; സമ്പൂർണ മാസഫലം

Mail This Article
കുംഭം 01 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.
അശ്വതി: വിവാഹ വിഷയങ്ങളിൽ തീർപ്പുണ്ടാകും. ഇഷ്ടപ്പെട്ട വിവാഹ ഐശ്വര്യ ലബ്ധി കാണുന്നു. ജോലി സംബന്ധമായി ബന്ധപ്പെട്ട പരീക്ഷകളിൽ വിജയം ലഭിക്കും. കരാറുകാർക്ക് കിട്ടാനുള്ള ധനം ലഭിക്കുകയും പുതിയ കരാറുകൾ വന്നു ചേരുകയും ചെയ്യും. ഊഹകച്ചവടക്കാർക്ക് ധാരാളം അവസരം ലഭിക്കും. കലകളുമായി ബന്ധപ്പെട്ടു നിൽക്കുന്നവർക്കും ഗുണവർധനവ് ഉണ്ടാകും.
ഭരണി: ഈ മാസം വളരെ ഗുണപ്രദമായ കാലമായിരിക്കും. ആഗ്രഹസഫലതയും ആശാവഹമായ മുന്നേറ്റങ്ങളും ലഭിക്കുന്നതാകുന്നു. തൊഴിൽ രംഗത്ത് അത്ഭുതാവഹമായ മാറ്റങ്ങളോ നേട്ടങ്ങളോ ഉണ്ടാക്കാൻ സാധിക്കും. വിദ്യാർഥികൾക്ക് പഠന കാര്യങ്ങളിൽ പുരോഗതി കാണും. ഭൂമി വാങ്ങുകയോ കരാറായി ഏറ്റെടുക്കുകയോ ചെയ്യാൻ സാധിക്കും.
കാർത്തിക: ഇന്റർവ്യൂകളിൽ വിജയം വരിക്കുന്നതും പ്രതീക്ഷിച്ചതിലുപരി ഉദ്യോഗം ലഭിക്കുന്നതുമാകുന്നു. വിവാഹാലോചനകൾ നടക്കുന്നതും ആഗ്രഹിച്ച പങ്കാളികളെ ലഭിക്കാനിടയുണ്ടാകുന്നതുമാകുന്നു. ഗൃഹനിർമാണം, വസ്തു വാങ്ങൽ എന്നിവയ്ക്കുള്ള യോഗം കാണുന്നു. പുതിയ കരാറുകളിൽ ഒപ്പു വയ്ക്കും. കിട്ടാനുള്ള പണം തിരികെ ലഭിക്കും. എല്ലാ രംഗങ്ങളിലും അഭിവൃദ്ധി ഫലം.
രോഹിണി: ആത്മവിശ്വാസം വർധിക്കും. അപ്രതീക്ഷിതമായ സ്ഥലങ്ങളിൽ നിന്നും ധനസഹായം ഉണ്ടാകുന്നതാണ്. മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണും. മുടങ്ങി കിടന്നിരുന്ന തൊഴിൽ സംരംഭങ്ങൾ കാര്യക്ഷമതയോടെ പ്രവർത്തിച്ചു തുടങ്ങും. പുതിയ സുഹൃദ് ബന്ധങ്ങൾ സ്ഥാപിക്കുവാനിടയുണ്ട്.
മകയിരം: വിനയം, ക്ഷമ, ആദരവ് തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ വേണം. സ്നേഹം നടിച്ച് അടുത്തു കൂടുന്നവരെ ശ്രദ്ധിക്കണം. സാമ്പത്തിക ബാധ്യത വരുന്ന പ്രവർത്തനങ്ങളിൽ നിന്നും പിന്തിരിയണം. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന പ്രവണത അപകടങ്ങൾക്ക് വഴിയൊരുക്കും. ധനപരമായ ഇടപാടുകൾ സൂക്ഷിച്ചു ചെയ്തില്ലെങ്കിൽ ദു:ഖിക്കേണ്ടി വരും.
തിരുവാതിര: മുൻകോപം നിയന്ത്രിക്കണം. ആലോചന കൂടാതെയുള്ള പ്രവൃത്തികൾ അപവാദത്തിനിടവരുത്തും. യാത്രാവേളയിൽ ധനനഷ്ടം വരാതെ സൂക്ഷിക്കണം. സ്വന്തം ഉത്തരവാദിത്വങ്ങൾ അന്യരെ ഏൽപ്പിക്കരുത്. അഹങ്കാരം വെടിയണം. അഹങ്കാരം വൻ ആപത്ത് വരുത്തി വെക്കും. പ്രവൃത്തിക്കൊത്ത അംഗീകാരം ലഭിക്കുകയില്ല. നന്നായി ഈശ്വരപ്രാർഥന ചെയ്യുക.
പുണർതം: വരവും ചെലവും പൊരുത്തപ്പെട്ടു പോകുവാൻ വളരെ പ്രയാസപ്പെടും. പ്രതികാര ബുദ്ധി ഉപേക്ഷിക്കുന്നത് നന്നായിരിക്കും. വിമർശനങ്ങളോ ശാസനകളോ കേൾക്കേണ്ടതായി വരുന്നതാണ്. ആരോഗ്യകാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം. മേലുദ്യോഗസ്ഥരുടെ പ്രീതി നേടിയെടുക്കാൻ ശ്രമിക്കണം. എല്ലാത്തിനെയും മന:സംയമനം കൊണ്ട് നേരിടും.
പൂയം: മനസ്സും ശരീരവും അസ്വസ്ഥമാകുന്നതാണ്. യാത്രാവേളകൾ കൂടുതൽ കരുതലോടെയാവണം. ആരോഗ്യശ്രദ്ധ വേണം. ആരേയും അമിതമായി വിശ്വസിക്കരുത്. പണമിടപാടുകളിൽ വാഗ്ദാനം നിറവേറ്റാൻ കഴിയാതെ വരും. സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യണം. അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കണം.
ആയില്യം: ആരോഗ്യ ശ്രദ്ധ നന്നായി വേണം. അപവാദങ്ങളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കുക. ചെലവുകൾ അധികരിക്കും. മുൻകോപം മൂലം പല അനർഥങ്ങൾക്കും ഇടവരുന്നതാണ്. പ്രവർത്തന വിജയത്തിന് നല്ല അധ്വാനം വേണ്ടി വരും. സത്യസന്ധമായ പ്രവൃത്തികൾ ലക്ഷ്യപ്രാപ്തിയിൽ എത്തിച്ചേരും. അനാവശ്യമായി മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപ്പെട്ട് ശത്രുത സമ്പാദിക്കരുത്.
മകം: കുടുംബത്തിൽ അപസ്വരങ്ങൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ നന്നായി ശ്രദ്ധിക്കണം. ദമ്പതികൾ വിട്ടു വീഴ്ചകൾ ചെയ്യണം. ശാരീരികമായി ചില വൈഷമ്യങ്ങൾക്ക് ഇടവരും. യാത്രകൾ വളരെ ശ്രദ്ധിക്കണം. ചെലവുകൾ അധികരിക്കും. പരാജയഭീതികൾ നന്നായി അലട്ടും. എല്ലാത്തിനോടും വിമുഖത ഉണ്ടാവും. നന്നായി ഈശ്വര പ്രാർഥന ആവശ്യമായ സമയമെന്ന് അറിയുക.
പൂരം: ഹൃദ്രോഗം അനുഭവിക്കുന്നവർ കരുതലോടെ ഇരിക്കണം. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യ ജോലിഭാരം, യാത്രാ ക്ലേശങ്ങൾ ഇവ അനുഭവപ്പെടാം. വാക്ക് ദോഷം വരാതെ നോക്കണം. ആചാരപരമായുള്ള ഈശ്വര പ്രാർഥനകളാൽ നീങ്ങുക.
ഉത്രം: സുതാര്യതയുള്ള പ്രവർത്തനങ്ങളാൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിയും. ജീവിത പങ്കാളിയുടെ നിർദേശങ്ങൾ അംഗീകരിക്കും. ക്ഷിപ്രകോപം പല അനിഷ്ടങ്ങൾക്കും വഴിയൊരുക്കും. വരുമാനം കൂടുമെങ്കിലും ചെലവ് അധികരിക്കും. മാതാപിതാക്കളുടെ അനുഗ്രഹത്തോടു കൂടി ചെയ്യുന്ന എല്ലാ കാര്യങ്ങളും ശുഭകരമായിരിക്കും.
അത്തം : കുടുംബ സ്വത്തുക്കൾ ലഭിക്കാൻ യോഗമുള്ള സമയം. സർക്കാർ ധനസഹായങ്ങളോ, ചിട്ടി, ലോൺ ഇവയുടെ ലഭ്യതയോ കാണുന്നുണ്ട്. സാമ്പത്തിക സ്ഥിതി വളരെ മെച്ചപ്പെട്ടതായിരിക്കും. കുടുംബാംഗങ്ങളുമായി സംഗമിക്കാൻ ഇടവരും. കുടുംബത്തിൽ മംഗള കർമങ്ങൾ നടക്കും. ഭാഗ്യാന്വേഷകർക്ക് അനുകൂല സമയം.
ചിത്തിര:ആരേയും അന്ധമായി വിശ്വസിക്കരുത്. ഊഹകച്ചവടം നഷ്ടത്തിൽ കലാശിക്കും. തുടങ്ങിവെച്ച കാര്യങ്ങൾ പൂർത്തികരിക്കുവാൻ ഏറെ പരിശ്രമിക്കേണ്ടി വരും. വാഹനയാത്ര കഴിയുന്നതും ഒഴിവാക്കുക. അക്ഷീണ ശ്രമം മൂലം നഷ്ടങ്ങൾ ഒഴിവാകും. ഔദ്യോഗിക രംഗത്ത് വിട്ടുവീഴ്ചകൾ ചെയ്യേണ്ടതായി വരും.
ചോതി: സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് പല വിട്ടുവീഴ്ചകളും വേണ്ടി വരും. സ്വാർഥ താല്‍പര്യങ്ങൾക്കു വേണ്ടി ഉറ്റമിത്രങ്ങളെപ്പോലും തള്ളി പറയും. ഉദരരോഗം അലട്ടും. ആരോഗ്യ ശ്രദ്ധവേണം. ആരോപണ വിധേയനാകുവാൻ ഇടയുണ്ട്. സ്വന്തം സഹോദരങ്ങളുടെ എതിർപ്പുകളെ നേരിടേണ്ടതായി വരും. ശത്രുക്കളെ കരുതിയിരിക്കുക.
വിശാഖം: ആത്മാർഥതയെ ചോദ്യം ചെയ്യപ്പെടുന്നു എന്ന തോന്നൽ പലപ്പോഴും ഉണ്ടാകും. വഞ്ചിതരാകാൻ ഇടയുള്ളതു കൊണ്ട് എല്ലാ കാര്യങ്ങളിലും ശ്രദ്ധ ഉണ്ടാവണം. വെട്ടിത്തുറന്നുള്ള സംസാരങ്ങൾ ഒഴിവാക്കുന്നത് നന്നായിരിക്കും. സന്താനങ്ങളുടെ പ്രവൃത്തികൾ മനോദുഃഖത്തിനിടവരുത്തും. ഈശ്വര ചിന്ത കൈ വെടിയരുത്.
അനിഴം: സാമ്പത്തിക കടബാധ്യത വരുത്തുന്ന പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിയണം. തന്റേതല്ലാത്ത കാരണങ്ങളാൽ മറ്റുള്ളവരിൽ നിന്നുള്ള എതിർപ്പുകൾ നേരിടേണ്ടുന്ന സാഹചര്യങ്ങൾ ഉണ്ടാകും. വ്യക്തി ബന്ധങ്ങൾ നിലനിർത്താൻ വിട്ടുവീഴ്ചകൾ ചെയ്യണം. ആരോഗ്യ ശ്രദ്ധ വേണം. ഈശ്വരാനുഗ്രഹം ഉള്ളതിനാൽ ബുദ്ധിമുട്ടുകളെ തരണം ചെയ്യും.
തൃക്കേട്ട: സഹപ്രവർത്തകരുമായി അകൽച്ച വരാതെ നോക്കണം. അഗ്നിഭയം ഉണ്ടാകുവാനിടയുണ്ട്. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ വിശ്വസ്തരുമായി ആലോചിക്കേണ്ടതാണ്. കാര്യക്ഷമമായി പ്രശ്നങ്ങളെ നേരിടുകയും അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കുകയും വേണം. പിതാവിന് മനോദുഃഖമുണ്ടാക്കുന്ന പ്രവൃത്തികൾ ചെയ്യരുത്.
മൂലം: തൊഴിൽ രംഗത്ത് വൻ നേട്ടം കാണുന്നു. ശത്രുദോഷം കുറയും. തീരുമാനങ്ങളിൽ ഔചിത്വം കാണിക്കും. വസ്തുവകകൾ വാങ്ങുവാനുള്ള ഭാഗ്യം കാണുന്നു. മറ്റുള്ളവരുടെ എതിർപ്പിനെ അതിജീവിക്കുന്നതാണ്. പൂർവിക സ്വത്തുക്കൾ കൈവശം വന്നു ചേരും. സന്താന ഭാഗ്യവും സന്താനങ്ങൾക്ക് മേൻമയുള്ള തൊഴിൽ ലഭിക്കുവാനും ഇടയുണ്ട്. രോഗങ്ങളിൽ നിന്നും മുക്തി ഉണ്ടാകും.
പൂരാടം: സാമ്പത്തിക നേട്ടം ഉണ്ടാകും. കുടുംബബന്ധങ്ങളിലെ അകൽച്ച മാറിക്കിട്ടും. കടബാധ്യതകളിൽ നിന്നും മോചനം ഉണ്ടാകും. കോടതി കേസുകളിൽ അനുകൂല വിധി പ്രതീക്ഷിക്കാവുന്നതാണ്. ദാനധർമങ്ങൾ ചെയ്യും. ആത്മവിശ്വാസവും കാര്യനിർവഹണ ശക്തിയും വർധിക്കും. ഭാര്യഭർതൃ ബന്ധം കൂടുതൽ ദൃഢമാകും.
ഉത്രാടം: മാനസിക പിരിമുറുക്കം കുറയ്ക്കാൻ കുടുംബസമേതം ക്ഷേത്രദർശനം സംഘടിപ്പിക്കും. മറച്ചു വെച്ചു പ്രവർത്തിക്കുന്ന പല കാര്യങ്ങളിലും അബദ്ധങ്ങൾ പിണയാനും തെറ്റിദ്ധാരണകൾക്കും ഇടയാക്കും. ചില ബന്ധങ്ങൾ മൂലം അപവാദങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്.
തിരുവോണം: ചിലരുടെ സ്വാർഥ താല്‍പര്യത്തിനു വേണ്ടി വഴങ്ങുന്നതു മൂലം സമയനഷ്ടവും മാനസിക പിരിമുറുക്കവും അനുഭവപ്പെടും. ദൂരയാത്രകൾ മൂലം ധനനഷ്ടവും അസുഖങ്ങളും പിടിപെടാൻ സാധ്യത. ആരോഗ്യ ശ്രദ്ധ വേണം. ഉദരസംബന്ധമായ പ്രശ്നങ്ങൾ അലട്ടും. പ്രണയ ബന്ധങ്ങൾ മൂലം വിദ്യാർഥികൾക്ക് പഠനരംഗത്ത് ശ്രദ്ധ നഷ്ടപ്പെടും.
അവിട്ടം: അനാവശ്യ വാഗ്ദാനങ്ങൾ നൽകരുത്. ബാധ്യത വരുന്ന കാര്യങ്ങളിൽ നിന്നും തന്ത്രപൂർവം മാറി നിൽക്കുന്നതാണ്. അപവാദങ്ങളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം. ആരോഗ്യ ശ്രദ്ധ വേണം. അറിവുള്ളവരുടെ ഉപദേശങ്ങൾ തള്ളിക്കളയരുത്. അസുഖങ്ങളെ അവഗണിക്കരുത്.
ചതയം: കുടുംബത്തിൽ ചില അപസ്വരങ്ങളുണ്ടാകുവാനിടയുണ്ട്. ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തീകരിക്കുവാൻ നന്നെ പ്രയാസപ്പെടും. ആലോചിക്കാതെയുള്ള എടുത്തു ചാട്ടങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണമാകും. സഹായ വാഗ്ദാനങ്ങൾ പാലിക്കപ്പെടുകയില്ല. അസുഖങ്ങളെ അവഗണിക്കരുത്.
പൂരൂരുട്ടാതി: സാമ്പത്തിക നേട്ടങ്ങൾക്കു വേണ്ടി ചെയ്യുന്ന പ്രവൃത്തികൾ ഉദ്ദേശിച്ച ഫലം കാണുകയില്ല. അനാവശ്യ തർക്കങ്ങളിൽ ഇടപെട്ട് ധനനഷ്ടം വരാതെ നോക്കണം. ജീവിത പങ്കാളിയുമായുള്ള അഭിപ്രായം വ്യത്യാസം ഒഴിവാക്കിയാൽ നല്ലത്. മുൻകോപവും ക്ഷമയില്ലായ്മയും ദോഷം ചെയ്യും. അനാവശ്യ അഭിപ്രായ സംഘട്ടനങ്ങൾ ഗൃഹാന്തരീക്ഷം ദോഷമാക്കും.
ഉത്തൃട്ടാതി: അനാവശ്യ ചിന്തകൾ ഉണ്ടാകും. അന്യസ്ത്രീകളോട് അടുപ്പം കുറയ്ക്കേണ്ടതാണ്. അനർഹരെ ഒഴിവാക്കിയില്ലെങ്കിൽ കർമരംഗത്ത് തിരിച്ചടി നേരിടും. രോഗകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. പല രംഗങ്ങളിലും എടുത്തു ചാടുവാനുള്ള പ്രവണത ഉണ്ടാകും. അഭിമാനത്തിന് ക്ഷതം സംഭവിക്കുന്ന ഇടപാടുകളിൽ ഉൾപ്പെടരുത്.
രേവതി: സാമ്പത്തിക ഇടപാടുകൾ കരുതലോടു കൂടി ചെയ്യണം. പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ശത്രുക്കൾ ശ്രമിക്കും. സഹപ്രവർത്തകരുമായി അകലുവാനിടയുണ്ട്. സ്ഥലം സ്വന്തമാക്കുന്നതിന് കാലതാമസം വരും. മറ്റുള്ളവരുടെ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കരുത്. വന്നു ചേരുന്ന അവസരങ്ങൾ വേണ്ട വിധം ഉപയോഗിച്ചില്ലെങ്കിൽ പിന്നീട് ദുഃഖിക്കേണ്ടി വരും.
ലേഖിക
ജ്യോതിഷി പ്രഭാസീന സി.പി.
ഹരിശ്രീ
പി ഒ മമ്പറം
വഴി: പിണറായി
കണ്ണൂർ ജില്ല
ഫോ: 9961442256
EmilID:prabhaseenacp@gmail.com