ഹെൽത്ത് ഇൻഷുറൻസ്: എൽഐസി ഏതു കമ്പനിയെ ഏറ്റെടുക്കും? 4,000 കോടിയുടെ ഇടപാട്?

Mail This Article
മുംബൈ∙ ആരോഗ്യ ഇൻഷുറൻസ് മേഖലയിലേക്ക് കൂടി ചുവടുവയ്ക്കാനൊരുങ്ങി പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽഐസി. എൽഐസി ഏറ്റെടുക്കാനിരിക്കുന്ന ആരോഗ്യ ഇൻഷുറൻസ് കമ്പനിയെക്കുറിച്ചും കൃത്യമായ ഓഹരി പങ്കാളിത്തത്തെക്കുറിച്ചും 31നു മുൻപു വ്യക്തമാക്കുമെന്ന് സിഇഒ സിദ്ധാർഥ മൊഹന്തി പറഞ്ഞു. ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും വാങ്ങുന്ന തരത്തിലായിരിക്കില്ല ഏറ്റെടുക്കലെന്നും സിഇഒ വ്യക്തമാക്കി. ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെയും നിയന്ത്രണ ഏജൻസികളുടെയും അംഗീകാരം, മറ്റ് അംഗീകാരങ്ങൾ തുടങ്ങിയവ ലഭിച്ച ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. വിപുലീകരണത്തിന്റെ ഭാഗമായാണ് അനുദിനം വളരുന്ന ആരോഗ്യ ഇൻഷുറൻസ് മേഖലയിലേക്കുള്ള എൽഐസിയുടെ പ്രവേശനം.
നിലവിൽ ലൈഫ് ഇൻഷുറൻസ് കമ്പനികൾക്ക് ആരോഗ്യ ഇൻഷുറൻസ് സേവനത്തിനു നിയന്ത്രണങ്ങളുണ്ട്. അതേസമയം, എൽഐസി ഏറ്റെടുക്കുക മണിപാൽസിഗ്‌ന എന്ന ഇൻഷുറൻസ് കമ്പനിയെ ആയിരിക്കുമെന്നും 4,000 കോടിയുടേതാണ് ഇടപാടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എന്നാൽ, മേഖലയിലെ ഒരു കമ്പനിയുമായുള്ള ചർച്ച അവസാന ഘട്ടത്തിലാണെന്നും ഇതുവരെ അന്തിമ കരാറിലെത്തിയിട്ടില്ലെന്നുമാണ് എൽഎഐസി വ്യക്തമാക്കുന്നത്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business