പൊന്നാവാൻ വെള്ളി; സ്വർണവില കുതിച്ചപ്പോൾ കേരളത്തിൽ പുതിയ ട്രെൻഡ്, വിവാഹത്തിനും വെള്ളിത്തിളക്കം

Mail This Article
കൊച്ചി ∙ സ്വർണവിലയിലെ വൻ വർധന നയിക്കുന്നത് വെള്ളി വില വർധനയിലേക്ക്. കഴിഞ്ഞ ഒരു വർഷത്തിനിടെ വെള്ളിക്ക് 40% വില കൂടി. സ്വർണം പൂശിയ വെള്ളി ആഭരണങ്ങൾക്കും ആവശ്യക്കാരേറി. കഴിഞ്ഞ ഒരു വർഷത്തിനിടെ വെള്ളി ആഭരണ വിൽപനയിൽ 40% വരെ വർധന ഉണ്ടെന്ന് വ്യാപാരികൾ പറയുന്നു.
സ്വർണം പോലെ രാജ്യാന്തരവിലയ്ക്കനുസരിച്ചാണ് ഇന്ത്യയിൽ വെള്ളിയുടെയും വില. അടുത്ത കാലത്തായി വെള്ളിയുടെ വ്യവസായ ആവശ്യം വർധിക്കുകയും ചെയ്തു. സ്വർണം പോലെ വെള്ളിയിലേക്കും നിക്ഷേപം ഒഴുകുന്നുണ്ട്. സിൽവർ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലും നിക്ഷേപം എത്തുന്നു.

ട്രംപ് അധികാരത്തിൽ വന്നതോടെ സ്വർണ ഇറക്കുമതിക്ക് ചുങ്കം വന്നാലോ എന്നു പേടിച്ച് അമേരിക്കൻ നിക്ഷേപകർ ലണ്ടനിൽ നിന്നും മറ്റും സ്വർണം വാങ്ങിക്കൂട്ടുന്നതു പോലെ വെള്ളിയും വാങ്ങുന്നു. ഫെഡറൽ റിസർവ് പലിശ നിരക്ക് ഇനിയും കുറച്ചേക്കുമെന്ന കണക്കുകൂട്ടലും വെള്ളിനിക്ഷേപത്തെ ബാധിക്കുന്നുണ്ട്.
കിലോഗ്രാമിന് 1,12000 രൂപയാണു നിലവിലെ വില. ജനുവരി ഒന്നിന് 98000 രൂപയായിരുന്നു. 14000 രൂപ വർധന. ഈ മാസം ഒന്നിനു ശേഷം 7000 രൂപയുടെ വർധനയുണ്ട്. വെള്ളി ആഭരണങ്ങളുടെ വിൽപന വർധിച്ചതും വില കൂടാൻ കാരണമായി. സ്വർണത്തിന് വില കയറിയപ്പോൾ വിവാഹത്തിനും മറ്റും സമ്മാനമായി സ്വർണാഭരണം കൊടുക്കുന്നതു കുറഞ്ഞു, പകരം വെള്ളി ആഭരണങ്ങളായി.
ഹോൾമാർക്കിങ് ഉള്ളതിനാൽ സ്വർണക്കടകൾ സ്വർണം പോലെ വെള്ളിയും തിരിച്ചെടുക്കും. 500 രൂപയുടെ വെള്ളി കമ്മലോ മറ്റോ സ്വർണം പൂശിയതാണെങ്കിൽ വില 2000–3000 വരെ എത്തുമെങ്കിലും സ്വർണവുമായി താരതമ്യം ചെയ്യുമ്പോൾ പോക്കറ്റിന് ഇണങ്ങുന്നതാണ്. കിലോ, അരക്കിലോ എന്നിങ്ങനെ വെള്ളിക്കട്ടികളും ലഭിക്കും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
സൗരോർജ പാനലിനും കരുതലിനും വെള്ളി
വെള്ളിയുടെ രാജ്യാന്തര വില വർധനയ്ക്കുള്ള കാരണങ്ങൾ: 1. സൗരോർജ പാനലുകൾ നിർമിക്കുന്നതിന് വെള്ളി വേണം. ചൈനയിൽ വൻ തോതിൽ ഇവ നിർമിക്കുന്നതിനാൽ അങ്ങോട്ട് വെള്ളി കയറ്റി അയയ്ക്കുന്നു. 2. ഇലക്ട്രോണിക് ഉൽപന്നങ്ങളിലും ബാറ്ററികളിലും വെള്ളിയുടെ ഉപയോഗമുണ്ട്. 3. വെള്ളി ഖനികളുടെ ശേഷി കൂടുന്നില്ലെന്നു മാത്രമല്ല ഉൽപാദനം കുറയുകയും ചെയ്തു. 4. റഷ്യ ഉൾപ്പെടെ ചില കേന്ദ്ര ബാങ്കുകൾ കരുതൽ സ്വർണം പോലെ വെള്ളിയും വാങ്ങുന്നു.