ചെറുകിട കർഷകർക്ക് ഇനി ഈടില്ലാതെ നേടാം 2 ലക്ഷം വരെ വായ്പ; പ്രവാസികളുടെ എഫ്ഡിക്ക് ഇനി ഇരട്ടിമധുരം, പലിശ കൂട്ടി
Mail This Article
അടിസ്ഥാന പലിശനിരക്ക് കുറച്ചില്ലെങ്കിലും ചെറുകിട കർഷകർക്കും പ്രവാസികൾക്കും ഗുണകരമായ പ്രഖ്യാപനങ്ങളുമായി റിസർവ് ബാങ്കിന്റെ പണനയം. ചെറുകിട കർഷകർക്ക് ഈടില്ലാതെ നേടാവുന്ന വായ്പയുടെ പരിധി നിലവിലെ 1.6 ലക്ഷം രൂപയിൽ നിന്ന് രണ്ടുലക്ഷം രൂപയാക്കി. 2019ന് ശേഷം ആദ്യമായാണ് ഈടുരഹിത കാർഷിക വായ്പയുടെ പരിധി ഉയർത്തുന്നത്. അന്ന് ഒരുലക്ഷം രൂപയിൽ നിന്നാണ് പരിധി 1.6 ലക്ഷം രൂപയാക്കിയത്.
കാർഷികോൽപാദന ചെലവിലുണ്ടായ വർധന, മൊത്തത്തിലുള്ള പണപ്പെരുപ്പം എന്നിവ കണക്കിലെടുത്താണ് വായ്പാപരിധി വീണ്ടും ഉയർത്തുന്നതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. പരിധി കൂട്ടിയതോടെ, മുൻഗണനാ വിഭാഗത്തിൽപ്പെടുന്ന കാർഷിക മേഖലയ്ക്ക് കൂടുതൽ വായ്പ നൽകാനാകുമെന്നത് ബാങ്കുകൾക്കും നേട്ടമാകും.
പ്രവാസികൾക്കും നേട്ടം
ഫോറിൻ കറൻസി നോൺ-റസിഡന്റ് ബാങ്ക് (ബി) അഥവാ എഫ്സിഎൻആർ (ബി) അക്കൗണ്ടിൽ സ്ഥിരനിക്ഷേപത്തിന്റെ പലിശനിരക്ക് ഉയർത്തിയ റിസർവ് ബാങ്കിന്റെ തീരുമാനം പ്രവാസികൾക്കും നേട്ടമാകും. ഒരുവർഷം മുതൽ മൂന്നുവർഷത്തിൽ താഴെ വരെ കാലാവധിയുള്ള നിക്ഷേപം പുതിയനിരക്കിൽ സ്വീകരിക്കാമെന്നാണ് ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകിയ നിർദേശം. ഇതിന്മേലുള്ള പലിശനിരക്ക് നിലവിലെ ഓവർനൈറ്റ് ഓൾട്ടർനേറ്റീവ് റഫറൻസ് റേറ്റ് (എആർആർ) + 2 ശതമാനം എന്നതിൽ നിന്ന് എആർആർ+4 ശതമാനമാക്കാനും റിസർവ് ബാങ്ക് തീരുമാനിച്ചു.
പ്രവാസികൾക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ സ്ഥിരനിക്ഷേപം (എഫ്ഡി) നടത്താവുന്ന അക്കൗണ്ടാണിത്. കറൻസികളുടെ വിനിമയനിരക്കിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ബാധിക്കില്ലെന്നതാണ് എഫ്സിഎൻആർ (ബി) അക്കൗണ്ടിന്റെ നേട്ടം. 3 മുതൽ 5 വർഷം വരെ കാലാവധിയുള്ള എഫ്സിഎൻആർ (ബി) അക്കൗണ്ടുകളുടെ നിരക്ക് എആർആർ+3% എന്നതിൽ നിന്ന് എആർആർ+5% ആയും ഉയർത്തി. 2025 മാർച്ച് 31 വരെയാണ് പുതിയ നിരക്കുകൾ ബാധകം. പലിശ കൂട്ടിയതോടെ ഈ അക്കൗണ്ടുകളിലേക്ക് കൂടുതൽ വിദേശ കറൻസി നിക്ഷേപം എത്തുമെന്നാണ് പ്രതീക്ഷകൾ.
ഇന്ത്യയിലേക്ക് ഡോളറിൽ ഉൾപ്പെടെ വിദേശനിക്ഷേപം ഒഴുകുന്നത് രാജ്യത്തിന്റെ വിദേശനാണയ ശേഖരം വർധിക്കാനും സഹായിക്കും.