ഇനി ഒന്നല്ല, ബാങ്ക് നിക്ഷേപങ്ങൾക്ക് 4 നോമിനികൾ : ബാങ്കിങ് ഭേദഗതി ബിൽ ലോക്സഭയിൽ പാസാക്കി
Mail This Article
ന്യൂഡൽഹി∙ ബാങ്ക് നിക്ഷേപങ്ങൾക്കും ലോക്കറുകൾക്കും ഒരേ സമയം 4 നോമിനികളെ (അവകാശികളെ) വരെ വയ്ക്കാൻ അവസരം നൽകുന്ന ബാങ്കിങ് ഭേദഗതി ബിൽ ലോക്സഭയിൽ പാസാക്കി. ബാങ്കിങ്ങുമായി ബന്ധപ്പെട്ട 1934ലെ ആർബിഐ നിയമം, 1949ലെ ബാങ്കിങ് നിയന്ത്രണ നിയമം, 1955ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയമം, 1970ലെയും 1980ലെയും ബാങ്കിങ് കമ്പനീസ് നിയമം എന്നിവയിലാണ് ഇതടക്കമുള്ള ഭേദഗതികൾ അവതരിപ്പിച്ചിരിക്കുന്നത്.
നിലവിൽ ലോക്കർ, ഡിപ്പോസിറ്റ് അക്കൗണ്ട് എന്നിവയ്ക്ക് ഒരു നോമിനിയാണ് അനുവദിച്ചിരിക്കുന്നത്. അവകാശികളില്ലാത്ത നിക്ഷേപങ്ങൾ പെരുകുന്നതടക്കം ഒഴിവാക്കാനാണു നടപടിയെന്നു കേന്ദ്രമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ വ്യക്തമാക്കി.
സഹകരണ ബാങ്കുകളുടെ ചെയർമാൻ ഒഴികെയുള്ള ഡയറക്ടർമാരുടെ കാലാവധി 8 വർഷം വരെയായിരുന്നത് 10 വർഷമാക്കും. കേരളത്തിലും മറ്റും ഒരു തവണ 5 വർഷമാണ് കാലാവധി. രണ്ടു തവണ ഡയറക്ടറാകുന്ന വ്യക്തി എട്ടാം വർഷത്തിൽ സ്ഥാനമൊഴിയേണ്ട അവസ്ഥയുണ്ടായിരുന്നത് ഒഴിവാകും. അർബൻ സഹകരണ ബാങ്കുകളിലും കേരള ബാങ്കിലും ഇത് ബാധകമാകും.
ബാങ്കിങ് റഗുലേഷൻ ആക്ട് ആണ് ഇതിനായി ഭേദഗതി ചെയ്യുന്നത്.രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ സുരക്ഷിതമാണെന്നും ആരോഗ്യകരമായ രീതിയിലാണു പ്രവർത്തിക്കുന്നതെന്നും കേന്ദ്രമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറു മാസം തന്നെ 85,520 കോടി രൂപയുടെ ലാഭം ബാങ്കുകൾ നേടിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.