സൈബർതട്ടിപ്പിനെതിരെ പുതിയ നടപടി;ഏപ്രിലിനു ശേഷം ബാങ്കുകൾക്ക് പുതിയ വെബ്സൈറ്റ് വിലാസം

Mail This Article
ന്യൂഡൽഹി ∙ ഏപ്രിലിനു ശേഷം രാജ്യത്തെ ബാങ്കുകളുടെ വെബ്സൈറ്റ് വിലാസം മാറും. സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ഇനി എല്ലാ ഇന്ത്യൻ ബാങ്കുകളുടെയും വിലാസം bank.in എന്ന രൂപത്തിലായിരിക്കും അവസാനിക്കുക. ഉദാഹരണത്തിന് കനറാ ബാങ്കിന്റെ വിലാസം canarabank.com എന്നാണ് നിലവിൽ. ഒരുപക്ഷേ ഇനിയിത് canarabank.bank.in എന്നോ canara.bank.in എന്നോ മാറിയേക്കാം.
ബാങ്കുകളുടെ വെബ്സൈറ്റിനോട് സാദൃശ്യം തോന്നിക്കുന്ന പേജുകളും വെബ്‍വിലാസവും ഉപയോഗിച്ച് നടത്തുന്ന സൈബർതട്ടിപ്പുകൾ (ഫിഷിങ്) തടയാനാണ് നീക്കം. bank.in എന്നവസാനിക്കുന്ന വെബ്‍വിലാസം പരിശോധിച്ചുറപ്പാക്കിയാൽ തട്ടിപ്പിൽനിന്ന് രക്ഷതേടാമെന്നതാണ് മെച്ചം.

ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളുടെ വിലാസത്തിന്റെ ഒടുവിൽ fin.in എന്ന് ചേർക്കും. bank.in, fin.in എന്നീ വിലാസങ്ങൾ മറ്റാർക്കും വാങ്ങി ഉപയോഗിക്കാനാകില്ല.ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡവലപ്മെന്റ് ആൻഡ് റിസർച് ഇൻ ബാങ്കിങ് ടെക്നോളജി (ഐഡിആർബിടി) എന്ന സ്ഥാപനത്തിനായിരിക്കും വെബ്‍വിലാസങ്ങളുടെ ചുമതല.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business