ട്രംപിന്റെ ഉപരോധ നീക്കത്തിൽ ‘ചബഹാർ’; ഇളവുകൾ തെറിച്ചേക്കും, ഉലയുമോ മോദി-ട്രംപ് ഫ്രണ്ട്ഷിപ്പ്?

Mail This Article
ഇന്ത്യയുടെ നിയന്ത്രണത്തിൽ ഇറാനിലുള്ള ചബഹാർ തുറമുഖ പദ്ധതിക്ക് നൽകിയ ഉപരോധ ഇളവുകൾ പിൻവലിക്കാൻ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇന്ത്യയെ മധ്യേഷ്യൻ രാജ‍്യങ്ങളുമായി ബന്ധിപ്പിക്കുന്ന ചബഹാർ തുറമുഖത്തിന് ഉപരോധം വന്നാൽ, തുറമുഖത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിൽ നിർണായക പങ്കുള്ള ഇന്ത്യക്കത് കനത്ത അടിയാകും.

ഇറാന്റെ എണ്ണ കയറ്റുമതിക്കുള്ള ഉപരോധം സമ്പൂർണമാക്കാൻ സമ്മർദനയം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ട്രംപ് പുതിയ ഉപരോധക്കരാറിൽ ഒപ്പിട്ടതാണ് ഇന്ത്യക്ക് ലഭിച്ചിരുന്ന ഇളവുകളെയും ബാധിച്ചേക്കുക. ഇറാനുമായി വ്യാപാര ഇടപാടുകളിൽ ഏർപ്പെടുന്നവർ ഉപരോധത്തിന്റെ അപകടസാധ്യത മനസ്സിലാക്കണമെന്ന് മുൻപ് ബൈഡൻ ഭരണകൂടം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ചബഹാർ തുറമുഖം വികസിപ്പിക്കുന്നതിന് ഇന്ത്യക്ക് ഇളവും അനുവദിച്ചിരുന്നു. ഈ ഇളവാണ് ട്രംപ് എടുത്തുകളഞ്ഞേക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച യുഎസ് സന്ദർശിക്കുന്നുണ്ട്. ചബഹാറിനുമേലുള്ള ട്രംപിന്റെ ഉപരോധ നീക്കത്തിൽ ഇന്ത്യയുടെ ആശങ്ക മോദി പങ്കുവച്ചേക്കും. ഇളവുകൾ തുടരാൻ ട്രംപ് തയാറാകുന്നില്ലെങ്കിൽ അതു ഇന്ത്യ-യുഎസ് ബന്ധത്തെയും ഉലച്ചേക്കുമെന്ന ആശങ്കയുമുണ്ട്.
ചബഹാറിൽ ഇന്ത്യയുടെ വൻ നിക്ഷേപം

ഇറാനിലെ സിസ്താൻ-ബലൂചിസ്ഥാൻ പ്രവിശ്യയിലെ ആഴക്കടൽ തുറമുഖമാണ് ചബഹാർ. 2016 മേയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറാൻ സന്ദർശന വേളയിൽ, രാജ്യാന്തര ഗതാഗത ഇടനാഴി (ചബഹാർ കരാർ) സ്ഥാപിക്കുന്നതിനുള്ള ത്രികക്ഷി കരാറിൽ ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും ഒപ്പുവച്ചിരുന്നു. ചബഹാറിലെ ഷാഹിദ് ബെഹെഷ്തി ടെർമിനലിന്റെ ആദ്യഘട്ട വികസനത്തിൽ ഇന്ത്യ നിർണായക പങ്കാളിയുമായി. 2018 മുതൽ ഇന്ത്യ പോർട്സ് ഗ്ലോബൽ ലിമിറ്റഡിനാണ് (ഐപിജിഎൽ) തുറമുഖത്തിന്റെ നിയന്ത്രണവും.
ചബഹാറിന്റെ പ്രവര്‍ത്തന നിയന്ത്രണം ഏറ്റെടുത്തതിലൂടെ പാക്കിസ്ഥാനെ മറികടന്ന് അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും നേരിട്ട് പ്രവേശിക്കുകയുമാണ് ഇന്ത്യ പ്രാഥമികമായി ലക്ഷ്യമിട്ടത്. 2024ൽ ഇന്ത്യ 10 വർഷത്തെ കരാറിലും ഒപ്പുവച്ചു. തുറമുഖ വികസനത്തിൽ 120 മില്യൻ ഡോളറിന്റെ നിക്ഷേപവും ചബഹാറുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി 250 മില്യൻ ഡോളറിന്റെ വായ്പ സൗകര്യവും ഇതിൽ ഉൾപ്പെടുന്നു.
വലയ്ക്കും, ട്രംപിന്റെ നീക്കം

ട്രംപിന്റെ ഉപരോധ പുനഃസ്ഥാപന നീക്കം ഇന്ത്യയുടെ ചബഹാറിലെ വികസന പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കും. ചബഹാറിലെ ഷാഹിദ് ബെഹെഷ്തി ടെർമിനൽ മുഖേന മുംബൈയെയും യുറേഷ്യയെയും രാജ്യാന്തര നോർത്ത്-സൗത്ത് ഗതാഗത ഇടനാഴി വഴി ബന്ധിപ്പിച്ചതായും ഗതാഗത ചെലവും സമയവും കുറച്ചതായും കേന്ദ്രം സാമ്പത്തിക സർവേയിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞവർഷം കപ്പൽ ഗതാഗതത്തിൽ 43 ശതമാനവും കണ്ടെയ്‌നർ നീക്കത്തിൽ 34 ശതമാനവും വർദ്ധനയ്ക്കും ഇതു സഹായിച്ചു.
ഇന്ത്യയുടെ വ്യാപാര വളർച്ചയിൽ ചബഹാർ തുറമുഖത്തിന്റെ പങ്ക് ശക്തമെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ കണക്കുകൾ. പുതിയ ഉപരോധം ഇന്ത്യയുടെ ദീർഘകാല നിക്ഷേപങ്ങളെ അപകടത്തിലാക്കും. തുറമുഖത്തിന്റെ വികസനത്തെയും ബാധിക്കുമെന്നതാണ് ആശങ്ക. 2024-25 വര്‍ഷത്തേക്കും കേന്ദ്രം ചബഹാര്‍ തുറമുഖത്തിന് 100 കോടി രൂപ അനുവദിച്ചിരുന്നു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business