തെറ്റായ അക്കൗണ്ടിലേയ്ക്ക് പണമയച്ചാലെന്ത് ചെയ്യും?

Mail This Article
ബാങ്കുകൾ വഴിയും മറ്റു പേയ്‌മെന്റ് പ്ലാറ്റ് ഫോമുകൾ വഴിയും ഉള്ള ഡിജിറ്റൽ പണമിടപാടുകൾ 2013 നും 2024 നും ഇടയിൽ കുതിച്ച് ഉയർന്നു. 2013 ൽ നടത്തിയ ഇടപാടുകളുടെ എണ്ണം 222 കോടിയായിരുന്നു. 2024 ആയപ്പോൾ ഇത് 20,787 കോടിയായി. ഡിജിറ്റൽ ഇടപാടുകളുടെ തുകയിലും ഈ കാലയളവിൽ വലിയ വർധനവ് ഉണ്ടായി. 2013 ലെ 7.72 ലക്ഷം കോടി രൂപയിൽ നിന്ന് ഉയർന്ന് 2024ൽ അത് 27.58 ലക്ഷം കോടി ആയി. ആകെ ഇടപാടുകളുടെ 85 ശതമാനവും UPI പേയ്‌മെന്റുകൾ ആണ്.
തട്ടിപ്പുകൾ പെരുകുന്നു

ഡിജിറ്റൽ, ഓൺലൈൻ ഇടപാടുകൾ കൂടുന്ന മുറയ്ക്ക് ഓൺലൈൻ തട്ടിപ്പുകളും വർധിച്ചത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. പലരീതികളിൽ നടക്കുന്ന ഇത്തരം തട്ടിപ്പുകളിൽ വലുപ്പ ചെറുപ്പമില്ലാതെ ആളുകൾ അകപ്പെടുന്നു. പണം നഷ്ടപ്പെടുന്നു. 2020 നും 2024 നും ഇടയിൽ 5.82 ലക്ഷം ഓൺലൈൻ തട്ടിപ്പ് കേസുകളാണ് സൈബർ പോലീസിന് റിപ്പോർട്ട് ചെയ്തത്. റിപ്പോർട്ട് ചെയ്ത കേസുകളിൽ മാത്രം 3207 കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ട്.
റിപ്പോർട്ട് ചെയ്യാത്ത കേസുകൾ എത്രയോ വേറെ കാണും. ഫോൺ ചെയ്തും മെസ്സേജുകൾ അയച്ചും കള്ള നിക്ഷേപ മാർഗ്ഗങ്ങൾ നിർദ്ദേശിച്ചും ഡിജിറ്റൽ അറസ്റ്റ് ചെയ്തും മറ്റും നിരന്തരമായി ഇത്തരം തട്ടിപ്പുകൾ തുടരുന്നു. കേന്ദ്ര സർക്കാരും റിസർവ് ബാങ്കും ബാങ്കുകളടമുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങളും സാങ്കേതിക സംവിധാനങ്ങൾ മെച്ചപ്പെടുത്തിയും മറ്റു സാധ്യമായ മാർഗങ്ങൾ വഴിയും ഓൺലൈൻ തട്ടിപ്പുകൾ തടയാൻ വേണ്ട പരിശ്രമത്തിലാണ്. ഇതിന്റെ തുടർച്ചയാണ് ഇത്തവണ മോണിറ്ററി പോളിസി തീരുമാനങ്ങളോടൊപ്പം റിസർവ് ബാങ്ക് പ്രഖ്യാപിച്ച യൂണിഫോം ഇന്റർനെറ്റ് ഡൊമൈൻ (Internet Domain).
ബാങ്കുകൾക്ക് പുതിയ ഡൊമൈൻ (Internet Domain for Banks)
ഇതനുസരിച്ച് ഏപ്രിൽ 2025 മുതൽ ബാങ്കുകളുടെ വെബ് സൈറ്റ് ഡൊമൈൻ എല്ലാം "bank.in"എന്നായിരിക്കും. ഇത് സൈബർ സുരക്ഷ വർദ്ധിപ്പിക്കും. ഇതേ തുടർന്ന് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഡൊമൈൻ "fin.in"എന്നാക്കുവാനും ആലോചനയുണ്ട്. IDRBT (The Institute for Development and Research in Banking Technology) ആണ് ഇതിന്റെ റജിസ്ട്രാർ.
കാർഡ് ഓൺലൈൻ ഇടപാടുകൾക്ക് വിദേശത്തും അധിക സുരക്ഷ
കൂടാതെ കാർഡ് സ്വൈപ് (swipe) ചെയ്യേണ്ടാത്ത ഓൺലൈൻ ഇടപാടുകൾക്ക് (Card not present transactions) ഇപ്പോൾ ഇന്ത്യയിൽ നിലവിലുള്ള അധിക ഓതെന്റിക്കേഷൻ സംവിധാനം (Additional Factor of Authentication – AFA) ഇന്ത്യക്ക് പുറത്തുള്ള ഓൺലൈൻ ഇടപാടുകൾക്കും ബാധകമാക്കാനുള്ള ആലോചനയിലാണ്. ഇത് സംബന്ധിച്ച കരട് നയരേഖ ഉടൻ തയാറാക്കി ബാങ്കുകളുടെയും മറ്റും അഭിപ്രായങ്ങൾ സ്വീകരിച്ച് നടപ്പിലാക്കും.
തെറ്റായ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചാൽ

∙ഓൺലൈൻ, ഡിജിറ്റൽ ബാങ്കിങ് ഇടപാടുകളിലൂടെ പണം നഷ്ടപ്പെടുന്നത് അധികവും ഇടപാടുകാരുടെ അശ്രദ്ധയോ അജ്ഞതയോ മൂലമാണ്.
∙ധൃതിപിടിച്ച് പണമിടപാടുകൾ നടത്തരുത്.
∙ഓൺലൈൻ വഴി പണം അയക്കുമ്പോൾ ബാങ്ക് അക്കൗണ്ട് നമ്പർ തെറ്റല്ലെന്ന് വീണ്ടും ഉറപ്പ് വരുത്തണം.
∙ഓൺലൈൻ വഴി അയക്കുന്ന പണം അക്കൗണ്ട് നമ്പർ മാത്രം നോക്കിയാണ് അക്കൗണ്ടിൽ ചേർക്കുന്നത്.
∙തെറ്റ് പറ്റിയാൽ പിന്നെ പണം ചെന്ന് വീണ അക്കൗണ്ടിന്റെ ഉടമസ്ഥന്റെ സമ്മതമില്ലാതെ അത് തിരിച്ച് അയക്കില്ല.
∙മാത്രമല്ല ഇതിനെല്ലാം അതിന്റേതായ നടപടി ക്രമങ്ങൾ പാലിക്കേണ്ടതുണ്ടുതാനും.
∙പണം ലഭിച്ച ആൾ ആ തുക ഉടനെ എടുത്താൽ പിന്നെ, അത് പിടിച്ചെടുക്കുവാൻ പോലും കഴിയില്ല.
∙ഏതെങ്കിലും കാരണവശാൽ അക്കൗണ്ട് നമ്പർ തെറ്റായി പണം അയച്ചു എന്ന് മനസിലാക്കിയാൽ എത്രയും പെട്ടെന്ന് സ്വന്തം ബാങ്കിൽ വിവരം അറിയിക്കുക.
∙അങ്ങനെയെങ്കിൽ പണം പിൻവലിക്കുന്നത് തടയാൻ കഴിയും.
∙പണം തിരിച്ചു കിട്ടാനുള്ള നടപടികൾ ബാങ്കുകൾ ചെയ്യും.
ലേഖകൻ ബാങ്കിങ് വിദഗ്ധനാണ്