യൂറോപ്പിൽ ഒരു വീടുണ്ടാക്കാൻ എത്ര മാസത്തെ ശമ്പളം വേണം?

Mail This Article
സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഏതറ്റം വരെയും പോകാൻ മലയാളികൾ തയാറാണ്. അത് കേരളത്തിൽ വീട് വയ്ക്കുന്ന കാര്യത്തിൽ മാത്രമല്ല, യൂറോപ്പിൽ വീട് വാങ്ങുന്ന കാര്യമാണെങ്കിലും മലയാളികൾ അമാന്തം വിചാരിക്കാറില്ല. കൂടുതൽ മലയാളികൾ വിദേശങ്ങളിലേക്ക് കുടിയേറുന്ന ഇക്കാലത്ത് യൂറോപ്പിൽ ഒരു വീട് വാങ്ങാൻ എത്ര മാസം അധ്വാനിക്കണമെന്ന് അറിയാമോ?
പഠനം പറയുന്നത്
ഭക്ഷണം, താമസം, ശിശു സംരക്ഷണം മറ്റ് ചെലവുകൾ, എന്നിവയെല്ലാം കണക്കിലെടുത്ത് നടത്തിയ ഒരു പഠനത്തിന്റെ റിപ്പോർട്ട് നോക്കാം. BestBrokers.com ന്റെ അടുത്തിടെ ഇറക്കിയ റിപ്പോർട്ട് അനുസരിച്ച് ഡെന്മാർക്കിൽ താമസിക്കുന്നവർക്കാണ് യൂറോപ്പിൽ ഒരു വീടിനായി ഏറ്റവും കുറഞ്ഞ സമയം ആവശ്യമുള്ളത്.
ലോകത്തിലെ 62 രാജ്യങ്ങളിൽ ഉള്ള ഭവന വിലകൾ, ശരാശരി അറ്റ പ്രതിമാസ വരുമാനം, പണപ്പെരുപ്പം, പണപ്പെരുപ്പത്തിനൊപ്പം മോർട്ട്ഗേജ് പലിശ നിരക്കുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ പഠനം നടത്തിയിരിക്കുന്നത്. വിലയും വരുമാനവും ഒരു രാജ്യത്തും കാര്യമായ വ്യത്യാസമുള്ളതിനാൽ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ ഒരു വീട് വാങ്ങാൻ എത്ര മാസത്തെ ശമ്പളം ആവശ്യമാണെന്ന് പഠനം നടത്തി, റിയൽ എസ്റ്റേറ്റ് വിപണിയുടെ വിലയിലുള്ള ഏറ്റക്കുറച്ചിലുകൾ കണക്കിലെടുത്താണ് BestBrokers റിപ്പോർട്ട് തയ്യാറാക്കിയത്. അവരുടെ കണ്ടെത്തലുകൾ അനുസരിച്ച്, 100 ചതുരശ്ര മീറ്റർ പ്രോപ്പർട്ടിയുടെ ശരാശരി വില ഡെൻമാർക്കിലെ 114 മാസത്തെ അറ്റ ശമ്പളത്തിന് തുല്യമാണ്. മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ ഒരു വീട് വാങ്ങാൻ എത്ര മാസത്തെ ശമ്പളം വേണം?
ഡെന്മാർക്, അയർലണ്ട്, സ്വീഡൻ, സ്പെയിൻ എന്നിവിടങ്ങളിലാണ് ഏറ്റവും താങ്ങാവുന്ന വിലയിൽ വീടുകൾ വാങ്ങാൻ സാധിക്കുന്നത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ബെൽജിയം, സൈപ്രസ്, നോർവേ, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളാണ് അടുത്തതായി ലിസ്റ്റിൽ വരുന്നത്. 123 മാസത്തെ ശമ്പളം വേണം അയർലണ്ടിൽ വീട് വാങ്ങാൻ. സ്വീഡനിൽ ഇത് 129 മാസത്തെ ശമ്പളമാകും. 132 മാസത്തെ ശമ്പളമുണ്ടെങ്കിലേ സ്പെയിനിൽ വീട് വാങ്ങാൻ സാധിക്കൂ. ബെൽജിയത്തിൽ വീട് വാങ്ങാനും 132 മാസത്തെ ശമ്പളം വേണം. സൈപ്രസിൽ ഇത് 139 മാസത്തേയും,നോർവേയിൽ 140 മാസത്തേയും, നെതെർലാൻഡ്സിൽ 154 മാസത്തേയും ശമ്പളം വേണ്ടി വരും.
എന്തുകൊണ്ട് വില ഉയരുന്നു?
വിലക്കയറ്റം, ജീവിതച്ചെലവ്, സാമ്പത്തിക സ്ഥിതി എന്നിവയിൽ പല യൂറോപ്യന്മാരും ആശങ്കാകുലരാണ്. 2024 ജൂലൈ മുതലുള്ള യൂറോബാരോമീറ്റർ സർവേ അനുസരിച്ച് യൂറോപ്യൻ തിരഞ്ഞെടുപ്പുകളിൽ പോലും വോട്ടുചെയ്യാൻ ആളുകളെ പ്രേരിപ്പിച്ച പ്രധാന കാരണങ്ങൾ ഇവയാണ്.
10 വർഷത്തിനുള്ളിൽ 2015 നും 2023 നും ഇടയിൽ, യൂറോപ്പിലെ വീടുകളുടെ വില ശരാശരി 48 ശതമാനം വർധിച്ചു. ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത് ഹംഗറിയിലാണ്. 173 ശതമാനമാണ് ഇവിടെ ഉയർന്നത്. ഉയർന്ന കെട്ടിടച്ചെലവും മോർട്ട്ഗേജ് നിരക്കും, നിർമ്മാണത്തിലെ കുറവ്, ഡിമാൻഡിനനുസരിച്ച് വീടുകൾ ഇല്ലാത്തതും, അധിക വരുമാനം ഉണ്ടാക്കുന്നതിനുള്ള നിക്ഷേപമെന്ന നിലയിൽ വസ്തുവകകൾ വാങ്ങുന്നതിലെ വർദ്ധനവുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണങ്ങൾ.
യൂറോപ്യൻ യൂണിയനിലെ വാടകയും ചെലവേറിയതായി മാറി. 2010-നും 2022-നും ഇടയിൽ, വാടകയിൽ ശരാശരി 18 ശതമാനം വർധനയുണ്ടായി. ഹ്രസ്വകാല വാടകയിലെ വർധനവാണ് ഇതിന്റെ പകുതി കാരണം. കൂടിയ വാടക മൂലം പല യൂറോപ്യൻ നഗരങ്ങളിൽ നിന്നും ആളുകൾ സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകുന്നതിനും 2024 സാക്ഷ്യം വഹിച്ചു.