ബിസിനസ് പൊളിയുകയോ! വാടക വാങ്ങി പുട്ടടിക്കുക

Mail This Article
കേരളത്തിലാകെ കമേർഷ്യൽ സ്പേസിന് ആവശ്യക്കാരുണ്ട്.ദേശീയരംഗത്തെ വമ്പന്മാരും ബഹുരാഷ്ട്രക്കമ്പനിക്കാരും കോഫിഷോപ്പുകാരുമെല്ലാം സ്ഥലം നോക്കി നടക്കുന്നു.പടങ്ങൾ പിടിച്ചു പലതും പൊട്ടി വൻ നഷ്ടം വന്ന് ഇതികർത്തവ്യതാമൂഢനായിനിന്നപ്പോഴാണ് സിനിമാ നിർമാതാവിന് ഒരു ഐഡിയ തലയിലുദിച്ചത്. പാരമ്പര്യമായിക്കിട്ടിയ പഴയ കുടുംബവീട് റോഡരികിൽ കണ്ണായ സ്ഥലത്താണ്.
പാരമ്പര്യ പൊങ്ങച്ചംകൊണ്ടിരിക്കാതെ വീട് ഇടിച്ചുനിരത്തി. സ്ഥലം ഈടുവച്ച് ബാങ്കുവായ്പയെടുത്ത് കൂറ്റൻ ഷോപ്പിങ് കോംപ്ലക്സ് പണിതു. ഭാഗ്യത്തിന് വലിയൊരു ബിസിനസ് ഗ്രൂപ്പ് വാടകയ്ക്കെടുത്തു. മാസം 50 ലക്ഷം! പടംപിടുത്തം നിർത്തി. സ്വസ്ഥം!ബിസിനസിൽ അനേകം പേർ പിന്തുടരുന്ന രീതിയാണിത്. നിങ്ങളുടെ ഷോറൂം ഇട്ടിരിക്കുന്ന കടയോ കെട്ടിടമോ സ്വന്തമാണോ? കച്ചവടം നിർത്തി വാടകയ്ക്കു കൊടുക്കുക. മാസം വാടക വാങ്ങി പുട്ടടിച്ചു കഴിയാം. ഇന്നത്തെക്കാലത്ത് തലവേദനകളില്ല.അതാണുഭേദം

സ്വർണക്കടക്കാർപോലും ഇപ്പോഴിതു ചെയ്യുന്നുണ്ട്. വൻനഗരത്തിൽ ജ്വല്ലറി നടത്തിയിരുന്നപ്പോൾ മത്സരം ഭയങ്കരം. പരസ്യവും ശമ്പളവും മറ്റും കഴിഞ്ഞാൽ നിസാര ലാഭം. പുത്തൻകൂറ്റുകാർ വന്ന് മത്സരിച്ചു വിജയിക്കുന്നു. പാരമ്പര്യമായി ബിസിനസ് കുടുംബമായിരുന്നതിനാൽ ആ ലെവലിലേക്കു താഴാനും വയ്യ. ജ്വല്ലറി നടത്തിയിരുന്ന കട വാടകയ്ക്കു നൽകി. മാസം 52 ലക്ഷം വാടക. പരമസുഖം! കേരളത്തിലാകെ കമേർഷ്യൽ സ്പേസിന് ആവശ്യക്കാരുണ്ട്. ദേശീയരംഗത്തെ വമ്പന്മാരും ബഹുരാഷ്ട്രക്കമ്പനിക്കാരും കോഫിഷോപ്പുകാരുമെല്ലാം സ്ഥലം നോക്കിനടക്കുന്നു. റെഡിമെയ്ഡ് വസ്ത്രക്കടകൾക്കുതന്നെ ആവശ്യക്കാരേറെ. റോഡ് ഫ്രണ്ടേജും പാർക്കിങ് സ്ഥലവും ഉണ്ടായിരിക്കണമെന്നു മാത്രം.
ലാസ്റ്റ്പോസ്റ്റ്: കൊച്ചിയിൽ ബിസിനസ് രംഗത്തെ വമ്പൻ സ്രാവ് ഒരു ഷോപ്പിങ് മാൾ കം ഓഫിസ് കെട്ടിടം തുടങ്ങി. അൾട്രാ മോഡേൺ. മാളിൽ റീട്ടെയ്‌ൽ കടകളിൽ ആളില്ല. അതുകൂടി ഓഫിസ് സ്ഥലമാക്കി. ഇന്റർനാഷനൽ കമ്പനികളാണ് സ്ഥലം ചോദിച്ചുവരുന്നത്.∙
പ്രമുഖ ഫിനാൻഷ്യൽ ജേണലിസ്റ്റും കോളമിസ്റ്റുമാണ് ലേഖകൻ
മാർച്ചിലെ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ച ലേഖനം