കോഴിയമ്മയും കാക്കയമ്മയും - കുട്ടിക്കഥ

Mail This Article
കോഴിയമ്മയും കാക്കയമ്മയും അടുത്ത കൂട്ടുകാരാണ്. കോഴിയമ്മയുടെ കൂടിനടുത്തുള്ള ആൽമരത്തിലാണ് കാക്കയമ്മയുടെ കൂട്.അവിടെ അടുത്ത് തന്നെ ഒരു മൂർഖൻ പാമ്പ് താമസിച്ചിരുന്നു. പാവം കോഴിയമ്മയും കാക്കയമ്മയും ഇതൊന്നും അറിഞ്ഞതുമില്ല.
അങ്ങനെയിരിക്കെ കാക്കയമ്മ തന്റെ കൂട്ടിൽ മൂന്നു മുട്ടകൾ ഇട്ടു. ഇതറിഞ്ഞപ്പോൾ കോഴിയമ്മയും വലിയ സന്തോഷത്തിലായി. എന്നാൽ കാക്കയമ്മ തീറ്റ തേടാൻ പുറത്ത് പോയ നേരം നോക്കി ആ ദുഷ്ടനായ മൂർഖൻ പാമ്പ് മുട്ടകൾ എല്ലാം അകത്താക്കി.
കാക്കയമ്മ തിരിച്ചു കൂട്ടിൽ എത്തിയപ്പോൾ മുട്ടകൾ ഒന്നും കാണുന്നില്ല. ആരാണ് മോഷ്ടിച്ചതെന്നു കാക്കയമ്മക്ക് മനസിലായതുമില്ല. സങ്കടപ്പെട്ടു കരയുന്ന കാക്കയമ്മയെ ആശ്വസിപ്പിച്ചു കോഴിയമ്മ കൂടെയിരുന്നു.
അധികം വൈകാതെ കോഴിയമ്മയും മുട്ടകൾ ഇട്ടു. കോഴിയമ്മ പുറത്തു പോകുമ്പോളൊക്കെ കാക്കയമ്മ മുട്ടകൾക്കു കാവലിരുന്നു. ഒരു ദിവസം മണം പിടിച്ചു കൂട്ടിലേക്കു വരുന്ന മൂർഖനെ കാക്കയമ്മ കണ്ടു. തന്റെ മുട്ടകളും മോഷ്ടിച്ചത് മൂർഖൻ ആണെന്ന് കാക്കയമ്മക്ക് മനസ്സിലായി. അവൾ മൂർഖന്റെ രണ്ടു കണ്ണുകളും കൊത്തിപൊട്ടിച്ചു. കണ്ണ് കാണാതെ ആ ദുഷ്ടനായ മൂർഖൻ അടുത്തുള്ള പൊട്ട കിണറ്റിൽ വീണു അവന്റെ കഥയും കഴിഞ്ഞു.
പിന്നീടാരും കോഴിയമ്മയെയും കാക്കയമ്മയെയും ഉപദ്രവിക്കാൻ ആ വഴി വന്നിട്ടേയില്ല.
English Summary : Short story- Kozhiyammayum Kakkammayum