ADVERTISEMENT

അരയ്ക്കു കൈ കൊടുത്ത് ഇവരെല്ലാം എങ്ങോട്ടാണീ ഓടുന്നത് എന്നറിയാമോ? ‘അർജന്റ് റൺ’ അഥവാ ‘അടിയന്തര ഓട്ടം’ എന്ന പ്രചാരണമാണിത്. ലോകമെങ്ങുമുള്ള ജനങ്ങൾക്ക് വൃത്തിയുള്ള ശുചിമുറികൾ ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇതു നടത്തുന്നത്. എല്ലാ വർഷവും ലോക ശുചിമുറി ദിനമായ നവംബർ 19ന് ലോകത്തിലെ വിവിധ മഹാനഗരങ്ങളിൽ ഈ ഓട്ടം നടക്കുന്നു. 

 

ലോക ശുചിമുറി ദിനം 

 

ലോകമെമ്പാടും 230 കോടി ആളുകൾ ഇപ്പോഴും അടിസ്ഥാന ശുചീകരണ സൗകര്യങ്ങളില്ലാതെ ജീവിക്കുന്നുണ്ടെന്നാണ് കണക്ക്. അതായത് ലോക ജനസംഖ്യയുടെ മൂന്നിലൊന്ന്! ഓരോ ദിവസവും എണ്ണൂറോളം കുട്ടികൾ ശുചിത്വമില്ലായ്മ കാരണമായുള്ള രോഗങ്ങളാൽ മരിക്കുന്നു. 5 വയസ്സിന് താഴെയുള്ള കുട്ടികൾക്കിടയിലെ മരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് വയറിളക്കമാണ്. ഇതിനെല്ലാം ഒരു അറുതി വരുത്തുക എന്ന ലക്ഷ്യത്തോടയാണ് ഐക്യരാഷ്ട്ര സംഘടന (യുഎൻ) 2013ൽ ‘എല്ലാവർക്കും ശുചിത്വം’ എന്ന പ്രമേയം പാസാക്കിയത്. ഇതിന്റെ ഭാഗമായി നവംബർ 19 ലോക ശുചിമുറി ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു. 

 

തുടക്കം സിംഗപ്പുരിൽ 

 

സിംഗപ്പുർ ആസ്ഥാനമായുള്ള ‘വേൾഡ് ടോയ്‌ലറ്റ് ഓർഗനൈസേഷൻ’ 2001 മുതൽ ലോക ശുചിമുറി ദിനം ആചരിക്കുന്നുണ്ട്. പിന്നീട് സിംഗപ്പുർ സർക്കാരിന്റെ നിർദ്ദേശത്തോടെ ഐക്യരാഷ്ട്ര സംഘടന ഇത് ഏറ്റെടുക്കുകയായിരുന്നു. യുഎൻ–വാട്ടർ ഏജൻസിയാണ് ലോകമെങ്ങുമുള്ള ശുചിമുറി ദിനാചരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഓരോ വർഷവും ദിനാചരണത്തിന് ഓരോ തീം തിരഞ്ഞെടുക്കാറുണ്ട്. ‘ശുചിമുറികളെ വിലമതിക്കുക’ (Valuing toilets) എന്നതാണ് ഈ വർഷത്തെ പ്രമേയം. 

 

ടോയ്‌ലറ്റ്: ഏക് പ്രേം കഥ 

 

ശുചിമുറികളുടെ പ്രാധാന്യം വിളിച്ചോതി 2017ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമാണ് ‘ടോയ്‌ലറ്റ്: ഏക് പ്രേം കഥ’. ഭർത്താവിന്റെ വീട്ടിൽ ശുചിമുറി ഇല്ലാത്തതിനാൽ വിവാഹമോചനം ആവശ്യപ്പെടുന്ന യുവതിയുടെ കഥയാണിത്. അക്ഷയ് കുമാറും ഭൂമി പെഡ്നേകറും പ്രധാന വേഷങ്ങളിലഭിനയിച്ച ചിത്രം സൂപ്പർ ഹിറ്റ് ആയിരുന്നു. 2017ൽ ലോകത്തു സംഭവിച്ച ഏറ്റവും നല്ല 6 കാര്യങ്ങളിൽ ഒന്നായി മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് ഈ സിനിമയെ പുകഴ്ത്തി. 

 

English Summary : World toilet day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com