മൂന്നരമാസം യാത്ര! അരക്കിലോമീറ്റർ പൊക്കത്തിൽ സഞ്ചരിച്ച് ചൊവ്വാറോവർ
Mail This Article
ഇത്രനാൾ പര്യവേക്ഷണം നടത്തിക്കൊണ്ടിരുന്ന ചൊവ്വയിലെ ജെസീറോ ക്രേറ്റർ മേഖലയുടെ മുകൾ ഭാഗത്ത് പെഴ്സിവീയറൻസ് റോവർ എത്തിച്ചേർന്നെന്ന് നാസ അറിയിച്ചു. മൂന്നര മാസത്തെ യാത്രയിൽ ഏകദേശം അരക്കിലോമീറ്ററോളം ദൂരം പിന്നിട്ടാണ് ആറു ചക്രങ്ങളുള്ള റോവർ ഇവിടെ എത്തിയത്. ജെസീറോയിലെ ലുക്കൗട്ട് ഹിൽ എന്ന ഘടനയിലാണു റോവർ എത്തിയിരിക്കുന്നത്. ഏറ്റവും ദുഷ്കരമായ തറയിലൂടെയാണു റോവർ പോയതെന്നും പിന്നോട്ടുരുട്ടുന്നത് ഉൾപ്പെടെ മാർഗങ്ങൾ യാത്ര പൂർത്തിയാക്കാനായി അവർ പ്രയോഗിച്ചു.
2020 ജൂലൈ 30നു വിക്ഷേപിച്ച പെഴ്സിവീയറൻസ് ദൗത്യം 7 മാസം കൊണ്ട് 48 കോടി കിലോമീറ്റർ സഞ്ചരിച്ചാണു ചൊവ്വയിലെത്തിയത്.ചൊവ്വയിലെത്തുന്ന അഞ്ചാമത്തെ റോവറാണ് പെഴ്സിവീയറൻസ്. സോജണർ, ഓപ്പർച്യൂണിറ്റി, സ്പിരിറ്റ്, ക്യൂരിയോസിറ്റി എന്നിവയാണു മറ്റുള്ളവ. ഇൻജെന്യൂയിറ്റി എന്ന ചെറു ഹെലിക്കോപ്റ്ററിനെയും റോവർ വഹിച്ചിരുന്നു. ഇതിനെ പലതവണ ചൊവ്വയുടെ അന്തരീക്ഷത്തിൽ പറത്തി.
2021 ഫെബ്രുവരിയിൽ പെഴ്‌സിവീയറൻസ് ഇറങ്ങിയ ജെസീറോ ക്രേറ്റർ ചൊവ്വയിലെ ഒരു ദുരൂഹമേഖലയാണ്. ഗ്രഹത്തിന്റെ വടക്കൻ മേഖലയിലെ സിർട്ടിസ് ക്വോഡ്രാംഗിൾ എന്ന പ്രദേശത്ത് 50 കിലോമീറ്ററോളം ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ജെസീറോ ഇപ്പോൾ വരണ്ടു കിടക്കുകയാണെങ്കിലും ആദിമ കാലത്ത് ഇവിടേക്കു നദികൾ ഒഴുകിയിരുന്നു. ആ ജലം കെട്ടി നിന്ന് ഇവിടെ ഒരു തടാകവും ഉടലെടുത്തിരുന്നു. ചൊവ്വയുടെ ഒരു വിദൂര ഭൂതക്കാലത്ത് ഇവിടെ ജീവൻ തുടിച്ചിരുന്നെന്നും ശാസ്ത്രജ്ഞർക്ക് പ്രതീക്ഷയുണ്ട്.
ഇന്നും അതിന്റെ ഫലമായി ഇവിടത്തെ മണ്ണിൽ ചെളിയുടെ അംശം കൂടുതലാണെന്ന് നാസയിലേതുൾപ്പെടെ ശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നു. പഴയകാലത്തുണ്ടായിരുന്ന ജീവന്റെ സൂക്ഷ്മഫോസിലുകൾ ഇപ്പോഴും ഇവിടെ കാണാമായിരിക്കും. അത് അന്വേഷിക്കലാണ് പെഴ്‌സിവീയറൻസിന്റെ പ്രധാന ജോലി. അതിനായാണ് സാംപിളുകൾ ശേഖരിക്കുന്നതും.
എന്നാൽ ജീവന്റെ തെളിവല്ല, ഒരു പക്ഷേ സൂക്ഷ്മകോശരൂപത്തിൽ ജീവൻ തന്നെ നിലനിൽക്കുന്ന സാധ്യത തള്ളിക്കളയാനാകില്ല. നേർത്ത അന്തരീക്ഷവും വ്യത്യസ്തമായ ധാതുഘടനയും ഉയർന്ന തോതിൽ ഉപരിതലത്തിൽ എത്തുന്ന വികിരണങ്ങളുമൊക്കെ കാരണം നിലവിൽ ചൊവ്വയിൽ ജീവൻ ഉണ്ടാകാൻ യാതൊരു സാധ്യതയും ശാസ്ത്രജ്ഞർ കൽപിക്കുന്നില്ല.