വൈറസല്ല, വസൂരിക്ക് കാരണം വൃത്തിയില്ലായ്മ! വസൂരി വാക്സിനെ എതിർത്ത റോസ്

Mail This Article
ഏറെ ഭീകരമായിരുന്ന വസൂരി എന്ന മഹാമാരി. ആധുനിക മനുഷ്യന്റെ ചരിത്രത്തിലെ ആദ്യ വാക്സീനായിരുന്നു വസൂരിക്കെതിരെയുള്ളത്. തലമുറകളെ വേദനയുടെയും വിഷാദത്തിന്റെയും കുഴികളിലേക്കു തള്ളിവിട്ട വസൂരിയെ പിടിച്ചുകെട്ടാൻ കരുത്തേകിയ വാക്സീൻ വികസിപ്പിച്ചത് എഡ്വേഡ് ജെന്നർ എന്ന മഹാമനുഷ്യനായിരുന്നു. ജെന്നർ വികസിപ്പിച്ച വാക്സീൻ കാനഡയിൽ നൽകുന്നതിനെതിരെ ഏറ്റവും വലിയ പ്രക്ഷോഭം ഉയർത്തിയ വ്യക്തിയാണ് അലക്സാണ്ടർ മിൽട്ടൻ റോസ്. വൃത്തിയില്ലായ്മയാണ് വസൂരിക്കു കാരണമെന്നായിരുന്നു റോസിന്റെ വാദം. കാനഡയിൽ റോസ് താമസിച്ചിരുന്ന മോൺട്രിയോൾ നഗരത്തിൽ വാക്സിനേഷൻ നടത്തുന്നതിനെതിരെ റോസ് കച്ച മുറുക്കി രംഗത്തു വന്നു. മോൺട്രിയോൾ വസൂരി ബാധയാൽ വലയുന്ന കാലമായിരുന്നു അത്.
എന്നാണ് വസൂരി അഥവാ സ്മോൾ പോക്സ് ഉദ്ഭവിച്ചതെന്നിന് കൃത്യമായ ഉത്തരമില്ല.ബിസി മൂന്നാം നൂറ്റാണ്ടിൽ ഈജിപ്തിൽ മരിച്ച ഫറോവോമാരുടെ മൃതശരീരത്തിൽ വസൂരി പോലെ തോന്നുന്ന കലകൾ കണ്ടെത്തിയിട്ടുണ്ട്. എഡി നാലാം നൂറ്റാണ്ടിൽ ചൈനയിൽ വസൂരി വ്യാപിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഏഴാം നൂറ്റാണ്ടിൽ ഇന്ത്യയിലും രോഗമെത്തിയെന്നു കരുതപ്പെടുന്നു. വേരിയോള എന്ന വൈറസാണ് വസൂരി പരത്തുന്നത്. വേരിയോള മേജർ, വേരിയോള മൈനർ എന്നിങ്ങനെ രണ്ടു വകഭേദങ്ങൾ ഈ രോഗത്തിനുണ്ടായിരുന്നു. വേരിയോള മൈനർ മൂലം വരുന്ന വസൂരി താരതമ്യേന കടുപ്പം കുറഞ്ഞതായിരുന്നു.എന്നാൽ വേരിയോള മേജർ വില്ലനായിരുന്നു.
വസൂരി ബാധിച്ച 100ൽ 30 പേരും മരണപ്പെട്ടെന്നാണു കണക്ക്. രക്ഷപ്പെട്ടവരുടെ ശരീരം മുഴുവൻ കലകൾ നിറഞ്ഞത് പലരെയും വിഷാദത്തിലേക്കു തള്ളിവിട്ടു. വസൂരി ബാധിച്ചവരോട് പല സമൂഹങ്ങളിലും ആളുകളുടെ പെരുമാറ്റവും അത്ര ഹൃദ്യമായിരുന്നില്ല. വർഷം 1796 വസൂരിയെപ്പറ്റി നിരന്തര പഠനത്തിലായിരുന്ന ജെന്നർ ഒരു കാര്യം ശ്രദ്ധിച്ചു. പശുപരിപാലനത്തിൽ ഏർപ്പെട്ടിരുന്നവർക്കും ക്ഷീരകർഷകർക്കും വസൂരി വരുന്ന തോത് കുറവായിരുന്നു എന്നതാണ് അത്. ഇതിനെപ്പറ്റി കൂടുതൽ പഠിച്ച അദ്ദേഹം അതിനൊരു കാരണവും കണ്ടെത്തി. അന്നത്തെ പശുക്കൾക്ക് വസൂരി പോലെയുള്ള എന്നാൽ തീവ്രമല്ലാത്ത കൗ പോക്സ് അഥവാ ഗോവസൂരി എന്ന അസുഖം ബാധിച്ചിരുന്നു. ഒരു പക്ഷേ രോഗബാധിതരായ പശുക്കളുമൊത്തുള്ള സഹവാസം ക്ഷീരകർഷകർക്ക് കൂടുതൽ കരുത്ത് നൽകിയിരിക്കാം എന്ന് അദ്ദേഹം അനുമാനിച്ചു.
ഇതുറപ്പിക്കാനായി ഗോവസൂരിയുടെ കുറച്ചു കലകൾ അദ്ദേഹം ആരോഗ്യമുള്ള ചിലരുടെ ശരീരത്തിലേക്ക് കടത്തി വിട്ടു. മാസങ്ങൾക്കു ശേഷം ഇവരിലേക്കു യഥാർഥ വസൂരിയുടെ വൈറസിനെ കടത്തി വിട്ടെങ്കിലും രോഗം ഇവരെ ആക്രമിച്ചില്ല. തുടർന്ന് കൂടുതൽ പരീക്ഷണങ്ങൾ.ഒടുവിൽ വാക്സീൻ നിർമാണം. 1801ൽ വാക്സീനെക്കുറിച്ച് എഴുതിയ ജെന്നർ, ഭാവിയിൽ ഇതിന്റെ ഉപയോഗം മൂലം വസൂരി ലോകത്തു നിന്ന് അപ്രത്യക്ഷമാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു.
വർഷം 1959. രണ്ടായിരം വർഷങ്ങൾ തങ്ങളെ മുൾമുനയിൽ നിർത്തിയ വസൂരിക്കെതിരെയുള്ള അന്തിമയുദ്ധത്തിന് മനുഷ്യവംശം ഒരുങ്ങി. ലോകാരോഗ്യ സംഘടന വസൂലി ഉൻമൂലനത്തിനുള്ള രാജ്യാന്തര ആഹ്വാനം നടത്തി. ലോകമെങ്ങും വാക്സീനേഷൻ ഡ്രൈവുകൾ തുടങ്ങി. അമേരിക്കയിലും യൂറോപ്പിലും സ്ഥിതിഗതികൾ നിയന്ത്രണത്തിലായിരുന്നെങ്കിലും തെക്കൻ അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ പല മേഖലകളിലും വാക്സീനേഷന് ഒട്ടേറെ തടസ്സങ്ങൾ നേരിട്ടു.
1967ൽ ഈ പ്രശ്നങ്ങളിൽ പലതും പരിഹരിച്ച് വർധിത വീര്യത്തോടെ വാക്സീനേഷൻ ഊർജിതപ്പെടുത്തി. വൈറസ് പതിയെ ലോകത്തു നിന്ന് അപ്രത്യക്ഷമായി തുടങ്ങി. 1977ൽ സൊമാലിയയിൽ അലി മൗ മാലിനാണ് അവസാനമായി സ്വാഭാവിക വസൂരി രോഗബാധ ഏറ്റത്.1978ൽ ജാനറ്റ് പാർക്കർ എന്ന മെഡിക്കൽ വിദ്യാർഥിക്ക് ലബോറട്ടറിയിൽ നിന്നു വൈറസ് ബാധ ഏൽക്കുകയും അവർ മരിക്കുകയും ചെയ്തു. ജാനറ്റിന്റെ അമ്മയ്ക്കും രോഗം പകർന്നു. ഇതിനു ശേഷം ആർക്കും വസൂരി ബാധിച്ചിട്ടില്ല.