ആവശ്യങ്ങളും ആഗ്രഹങ്ങളും

Mail This Article
അച്ഛാ ഈ ആവശ്യങ്ങളും ആഗ്രഹങ്ങളും തമ്മിൽ വ്യത്യാസമുണ്ടോ?’ ചിന്നുമോളുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് അച്ഛൻ തെല്ലൊന്നമ്പരന്നു. പിന്നെ ചോദിച്ചു, ‘എന്താ ഇപ്പോൾ ഇങ്ങനെ ഒരു സംശയം? പുതിയ ഏതെങ്കിലും അധ്യായം പഠിപ്പിച്ചു തുടങ്ങിയോ... അങ്ങനെയുള്ളപ്പോൾ ആണല്ലോ ഇത്തരം സംശയങ്ങളുമായി നീ വരിക ...’
‘വിലയും വിപണിയും എന്ന യൂണിറ്റിന്റെ ആമുഖം ടീച്ചർ ക്ലാസിൽ പറഞ്ഞപ്പോൾ ഉണ്ടായ സംശയമാണ്’ ചിന്നു പറഞ്ഞു.
‘മനുഷ്യന്റെ നിലനിൽപിന് ഒഴിച്ചുകൂടാൻ പറ്റാത്തവയാണല്ലോ അടിസ്ഥാന ആവശ്യങ്ങൾ. ഉദാഹരണത്തിന് പ്രാണവായു, വെള്ളം ആഹാരം, പാർപ്പിടം തുടങ്ങിയവ. അതിനാൽ അവയെ അടിസ്ഥാന ആവശ്യങ്ങൾ അല്ലെങ്കിൽ പ്രാഥമിക ആവശ്യങ്ങൾ (Basic needs) എന്നാണ് വിളിക്കുന്നത്.’
‘അപ്പോൾ മറ്റ് ആവശ്യങ്ങളോ?’ ചിന്നുമോൾക്ക് ആകാംക്ഷയായി.
‘അതിലേക്കാണു ഞാൻ വരുന്നത്. ജീവിതാഭിലാഷങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന ചില ആവശ്യങ്ങൾ സന്തോഷപ്രദമായ ജീവിതത്തിന് വേണ്ടതുതന്നെ. ഉദാഹരണമായി പറഞ്ഞാൽ കാർ, മൊബൈൽ ഫോൺ, ഫാൻ, എസി തുടങ്ങിയവ. എന്നാൽ ഇവയുടെ അഭാവത്തിലും നമുക്കു ജീവിക്കാം. ഇവയാണ് ആഗ്രഹങ്ങൾ (wants) എന്ന പേരിൽ വ്യാഖ്യാനിക്കപ്പെടുന്നത്.’
‘മനസ്സിലായി. എന്നാൽ നിവേശങ്ങൾ എന്ന വാക്ക് ടീച്ചർ ഇതോടൊപ്പം പറഞ്ഞത് ഞാനാദ്യമായി കേൾക്കുകയാണ്. എന്താണച്ഛാ അത്?’
‘നമ്മൾ ചമ്മന്തി അരയ്ക്കുമ്പോൾ എന്തൊക്കെ സാധനങ്ങളാണ് ഒരുമിച്ച് ചേർക്കുന്നത്?’
‘തേങ്ങ, മുളക്, ഉപ്പ്, വെള്ളം. ഇതെല്ലാം കൂടി മിക്സിയിലിട്ട് അരയ്ക്കും.’ ഇതിന് ഇവിടെ എന്താ ബന്ധം എന്ന അർഥത്തിൽ മുഖത്തേക്ക് നോക്കിയ ചിന്നുവിനോട് അച്ഛൻ പറഞ്ഞു.
‘ഇതുപോലെ വസ്തുക്കളുടെ ഉൽപാദന പ്രക്രിയയിൽ ഉപയോഗിക്കുന്ന വിവിധ ഘടകങ്ങളെയാണ് നിവേശങ്ങൾ അഥവാ inputs എന്നു വിളിക്കുന്നത്.’
‘ഓ, അപ്പോൾ പഞ്ചസാര ഉൽപാദനത്തിന്റെ പ്രധാന നിവേശം കരിമ്പാണ് അല്ലേ?’
‘ആഹാ, നീ മിടുക്കിയാണല്ലോ. ഇതോടൊപ്പം ഫാക്ടറിയിലെ യന്ത്രങ്ങൾ, അവ പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന ഇന്ധനം, അധ്വാനം തുടങ്ങിയവയെല്ലാം നിവേശങ്ങളിൽ പെടുന്നു. ഇത്തരം നിവേശങ്ങളെ ഉൽപന്നങ്ങൾ ആക്കി മാറ്റുന്ന പ്രക്രിയയാണ് ഉൽപാദനം അഥവാ production.’
‘അപ്പോൾ ഉൽപാദനം കൂട്ടണമെങ്കിൽ നിവേശങ്ങളുടെ അളവ് വർദ്ധിപ്പിച്ചും മികച്ച സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയും ഉൽപാദനക്ഷമത വർധിപ്പിച്ചുമൊക്കെ ആകാം അല്ലേ?’
‘അതെ. നിവേശങ്ങളും അവ ഉപയോഗപ്പെടുത്തി നിർമിക്കുന്ന ഉൽപന്നങ്ങളും തമ്മിലുള്ള സാങ്കേതിക ബന്ധമാണ് ഉൽപാദനധർമം (production function)’.
‘ഇനി നിവേശങ്ങളിൽ തന്നെ, ചുരുങ്ങിയ കാലയളവിൽ മാറ്റം വരുത്താൻ കഴിയുന്നവയും മാറ്റം വരുത്താൻ കഴിയാത്തവയുമുണ്ട്’.
‘അത് ഏതൊക്കെയാണ്?’
‘ഭൂമി, സംഘാടനം മുതലായവ ആദ്യം പറഞ്ഞവയ്ക്ക് ഉദാഹരണമാണ്. അവയാണു സ്ഥിരനിവേശങ്ങൾ (fixed inputs) എന്നറിയപ്പെടുന്നത്. എന്നാൽ മൂലധനം, തൊഴിൽ തുടങ്ങിയവ ആവശ്യമെങ്കിൽ അളവു കൂട്ടിക്കൊണ്ട് ഉൽപാദനം കൂട്ടാമല്ലോ? ഇവയാണ് അസ്ഥിരനിവേശങ്ങൾ (variable inputs ) എന്നറിയപ്പെടുന്നത്.’
‘അച്ഛാ ഈ ഉപഭോക്താവ്, ഉപഭോഗം ഇവ എന്തെന്ന് വ്യക്തമാക്കാമോ?’
‘നീ കടയിലോ സൂപ്പർമാർക്കറ്റിലോ സിനിമാ തീയറ്ററിലോ ഒക്കെ പോകാറില്ലേ? അപ്പോൾ നീ ഉപഭോക്താവായി. അതായത് വില കൊടുത്തും കൊടുക്കാം എന്ന കരാറിലും സാധനങ്ങളും സേവനങ്ങളും വാങ്ങി ഉപയോഗിക്കുന്ന ആളാണ് ഉപഭോക്താവ് (Consumer )’
‘അപ്പോൾ സാധനങ്ങളും സേവനങ്ങളും വാങ്ങി ഉപയോഗിക്കുന്നതിനെ ഉപഭോഗം (consumption) എന്ന് വിളിക്കാം അല്ലേ?’
്‘അതെയതെ..’
‘അച്ഛാ, ഈ ഉപഭോഗം പലരിലും പലരീതിയിൽ ആയിരിക്കില്ലേ?’
‘അതെയല്ലോ.. ഉദാഹരണമായി സാമ്പത്തിക സ്ഥിതി അനുസരിച്ച് ഒരാൾ സ്കൂട്ടർ ആയിരിക്കും വാങ്ങാൻ ഉദ്ദേശിക്കുക. എന്നാൽ നല്ല വരുമാനമുള്ള ഒരാൾ അതിന്റെ സ്ഥാനത്ത് കാർ വാങ്ങും. ഇപ്രകാരം വിവിധ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കുമായി പണം എങ്ങനെ വിനിയോഗിക്കുന്നു എന്നതാണ് ഉപഭോഗ രീതി അഥവാ Consumption Pattern എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉപഭോക്താവിന്റെ സാമ്പത്തിക സ്ഥിതി, അഭിരുചി, പാരിസ്ഥിതിക അവബോധം, കാലാവസ്ഥ, സാഹചര്യങ്ങൾ ഇവയെല്ലാം ഇതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നമ്മുടെ ആവശ്യങ്ങൾ കൂടുതലും വിഭവങ്ങൾ പരിമിതവുമാണെന്നുള്ള വസ്തുത മനസ്സിലാക്കി വേണം യഥാർത്ഥ ഉപഭോക്താവ് പെരുമാറാൻ.’
‘അവസാനം പറഞ്ഞ കാര്യം ഒന്നുകൂടി വ്യക്തമാക്കാമോ?’
‘വ്യക്തമാക്കാം, പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്ന രീതിയിലുള്ള ഉപഭോഗമായിരിക്കണം നമ്മുടേത്. ഇതാണ് സുസ്ഥിര ഉപഭോഗം (Sustainable Consumption) എന്നറിയപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു പ്രാധാന ആശയമാണ് സുസ്ഥിര ഉൽപാദനം (Sustainable production). അതായത് പ്രകൃതി വിഭവങ്ങളുടെയും അസംസ്കൃത വസ്തുക്കളുടെയും അമിത ചൂഷണവും ദുരുപയോഗവും പരമാവധി കുറച്ചു കൊണ്ടുള്ള, സാധന സേവന ഉൽപാദനരീതിയെയാണ് സുസ്ഥിര ഉൽപാദനം (Sustainable Productian) എന്നു വിളിക്കുന്നത്. പുനരുൽപാദന സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട്, ഊർജ സംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ട്, തൊഴിലാളി സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ടൊക്കെയുള്ള ഉൽപാദന രീതിയാണിത്’.
‘അപ്പോൾ നാം ഇപ്പോഴത്തെ ആവശ്യങ്ങൾ നിറവേറ്റുകയും ഒപ്പം ഭാവി തലമുറയെ കരുതുകയും വേണം, അല്ലേ അച്ഛാ ?’
‘നീ പറഞ്ഞതുപോലെ, ഭാവി തലമുറയുടെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട് ഇപ്പോഴത്തെ തലമുറയുടെ ആവശ്യങ്ങൾ നിറവേറ്റും വിധമായിരിക്കണം നമ്മുടെ വികസനം. ഇതാണ് സുസ്ഥിര വികസനം (Sustainable development)’.
‘സുസ്ഥിരവികസനത്തിന്റെ ലക്ഷ്യങ്ങൾ എന്തൊക്കെയാണച്ഛാ?’
‘ദാരിദ്ര്യനിർമാർജനം, എല്ലാവർക്കും ആഹാരം, നല്ല ആരോഗ്യവും ക്ഷേമവും, ഗുണമേന്മയുള്ള വിദ്യാഭ്യാസം, ശുദ്ധജലം, ശുചിത്വം, തുടങ്ങിയവയെല്ലാം സുസ്ഥിര വികസനത്തിന്റെ ലക്ഷ്യങ്ങളാണ്. ഇനിയും സംസാരിച്ചു നിന്നാൽ എന്റെ ബസ് പോകും.’
‘അപ്പോൾ അച്ഛൻ ഇന്ന് കാർ എടുക്കുന്നില്ലേ?’
‘സുസ്ഥിര വികസനത്തെക്കുറിച്ച് നിന്നോട് പ്രസംഗിച്ചിട്ട് ഭാവി തലമുറയ്ക്കായി കുറച്ച് ഇന്ധനമെങ്കിലും ലാഭിച്ചില്ലെങ്കിലെങ്ങനെയാണ് ? ഇനി മുതൽ പൊതുഗതാഗത സംവിധാനം ഉപയോഗിക്കാൻ ഞാൻ തീരുമാനിച്ചു.’ അച്ഛൻ ചിരിച്ചു.
അച്്ഛന്റെ ചിരിയിലെ അർഥം ചിന്നു തിരിച്ചറിഞ്ഞു– പറഞ്ഞതുകൊണ്ടായില്ല പ്രവർത്തിക്കുകയും വേണം.
പ്രവർത്തനം
ചിന്നുവും അച്ഛനും തമ്മിലുള്ള സംസാരം ശ്രദ്ധിച്ചല്ലോ. ഇനി താഴെ
പറയുന്നവയെ ആധാരമാക്കി ചെറു കുറിപ്പുകൾ തയാറാക്കുക
. അടിസ്ഥാന ആവശ്യങ്ങളും ആഗ്രഹങ്ങളും
. നിവേശങ്ങളും ഉൽപന്നങ്ങളും
. ഉൽപാദനം കൂട്ടാൻ സ്വീകരിക്കാവുന്ന 3 മാർഗങ്ങൾ
. ഉൽപാദനധർമം
. സ്ഥിര നിവേശങ്ങളും അസ്ഥിര നിവേശങ്ങളും
. ഉപഭോഗവും ഉപഭോക്താവും
. ഉപഭോക്താവിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ
. സുസ്ഥിര ഉപഭോഗവും സുസ്ഥിര ഉൽപാദനവും
. സുസ്ഥിര വികസനം
. സുസ്ഥിരവികസന ലക്ഷ്യങ്ങൾ