ഡോണൾഡ് ട്രംപ് ഇല്ലെന്നു പറഞ്ഞ രാജ്യം! ലെസോത്തോ, ഇതാണു ശരിക്കും വാക്കൻഡ

Mail This Article
യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് ചാർജെടുത്തശേഷം മറ്റു രാജ്യങ്ങൾക്കു നൽകിയ സാമ്പത്തിക സഹായങ്ങളിൽ വലിയ വെട്ടിക്കുറയ്ക്കൽ നടത്തി. ഇതെക്കുറിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രസംഗിക്കുന്നതിനിടെ ഒരു രാജ്യത്തിന്റെ പേര് ട്രംപ് എടുത്തുപറഞ്ഞു. ആഫ്രിക്കൻ രാജ്യമായ ലെസോത്തോയ്ക്ക് കൊടുത്തു വന്ന 80 ലക്ഷം യുഎസ് ഡോളറിന്റെ സഹായം നിർത്തിയെന്നും അങ്ങനെയൊരു രാജ്യമുണ്ടെന്ന് ആരും കേട്ടിട്ടില്ലെന്നുമായിരുന്നു ട്രംപ് പറഞ്ഞത്.
ശരിക്കും അങ്ങനെയൊരു രാജ്യം ഉണ്ടോ? തീർച്ചയായും ഉണ്ട്. 20 ലക്ഷം പേരാണ് ഈ രാജ്യത്തു ജീവിക്കുന്നത്. പൂർണമായും ദക്ഷിണാഫ്രിക്കയാൽ ചുറ്റപ്പെട്ട രാജ്യമാണ് ലെസോത്തോ. ഏറ്റവും ഉയരമുള്ള തറനിരപ്പുള്ള രാജ്യമാണു ലെസോത്തോ. ഏറ്റവും ഉയരം കുറഞ്ഞ മേഖലയ്ക്കു പോലും 1.4 കിലോമീറ്റർ പൊക്കമുണ്ട്. ആകാശത്തെ രാജ്യമെന്നും ഇതിനാൽ ലെസോത്തോ അറിയപ്പെടുന്നു. തെക്കൻ ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ തബാന എൻടിലെന്യാന സ്ഥിതി ചെയ്യുന്നത് ഈ രാജ്യത്താണ്. മസേരു എന്ന നഗരമാണു ലെസോത്തോയുടെ തലസ്ഥാനം. സെസോത്തോ, ഇംഗ്ലിഷ് എന്നീ ഭാഷകൾ ഇവിടെ ഉപയോഗിക്കപ്പെടുന്നു. ബ്രിട്ടിഷ് ക്രൗൺ കോളനി എന്ന നിലയിൽ സ്ഥിതി ചെയ്ത ഈ രാജ്യം 1966ൽ ആണ് സ്വാതന്ത്ര്യം നേടിയത്.

ലെസോത്തോയിൽ നിന്നുള്ള ആളുകൾ ബസോത്തോ എന്ന പേരിലാണ് അറിയപ്പെടുന്നത്. ധാതുനിക്ഷേപങ്ങൾ അധികമില്ലാത്ത ലെസോത്തോയുടെ ഏറ്റവും വലിയ കയറ്റുമതി വസ്തു വെള്ളമാണ്. ദക്ഷിണാഫ്രിക്കയിലേക്കാണ് ഈ കയറ്റുമതി. വജ്രങ്ങളും ഇവിടെ നിന്നു കയറ്റുമതി ചെയ്യുന്നു.കൃഷി ഇവിടെ കുറവാണ്. രാജാധികാരമുണ്ടെങ്കിലും പാർലമെന്റാണു ഭരണച്ചുമതല ലെസോത്തോയിൽ. ദാരിദ്ര്യം, എച്ച്‌ഐവി വ്യാപനം തുടങ്ങിയവയൊക്കെ ഈ രാജ്യം നേരിടുന്ന പ്രശ്‌നങ്ങളാണ്. 2018ൽ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റർ ചലച്ചിത്രമായ ബ്ലാക് പാന്ഥറിൽ കാണിക്കുന്ന വാക്കൻഡ എന്ന രാജ്യത്തിനു പിന്നിലുള്ള പ്രചോദനം ലെസോത്തോ ആണെന്ന് ചിത്രത്തിന്റെ സംവിധായകനായ റ്യാൻ കൂഗ്ലർ പറഞ്ഞിരുന്നു.