എന്തിനോടും ആകാംക്ഷ ഉണ്ടാകുന്ന പ്രായം; ലഹരിയുടെ കെണയിൽ നിന്നും അവരെ രക്ഷിക്കാം
Drug addiction

Mail This Article
ലഹരി സർവസീമകളും ലംഘിച്ച് വിദ്യാർഥികൾക്കിടിയലേക്ക് നുഴഞ്ഞു കയറുകയാണ്. മക്കളെ ചൊല്ലിയുള്ള മാതാപിതാക്കളുടെ ആധി വർധിപ്പിക്കുന്നതാണ് ഇത്. ഇത്തരം സാഹചര്യത്തിൽ മക്കളുടെ സുരക്ഷ ഉറപ്പാക്കാൻ ഏറ്റവും നല്ലത് അവബോധം നൽകുകയാണ്. ഇത് ഓർമിപ്പിക്കുന്ന ഒരു വാർത്ത അടുത്തിടെ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. സ്കൂളിലേക്കു വരവേ അജ്ഞാതനായ ഒരാൾ തടഞ്ഞു നിർത്തി നിർബന്ധിച്ചു നൽകിയ ലഹരി പദാർഥം ഉപയോഗിക്കാതെ തൊളിക്കോട് പനയ്ക്കോട് വി.കെ. കാണി ഗവ: ഹൈസ്കൂളിലെ ആറാം ക്ലാസു വിദ്യാർത്ഥി നന്ദുവിനെക്കുറിച്ചുള്ളതായിരുന്നു ആ വാർത്ത. ലഹരിയുടെ കെണയിൽ നിന്ന് രക്ഷപ്പെടുക മാത്രമല്ല, അത് അറിയിക്കാനും അതു വഴി പൊലീസ് അന്വേഷണത്തിന് തുടക്കമിടാനും പാകത്തിൽ ഉത്തരവാദിത്തത്തോടെയാണ് നന്ദു പെരുമാറിയത്.
എന്തിനോടും ആകാംക്ഷ ഉണ്ടാകുന്ന ബാല്യത്തിൽ തന്നെ കുട്ടികളെ ലഹരിക്ക് അടിമകളാക്കി തീർക്കാനുള്ള ശ്രമങ്ങളാണ് മാഫിയകൾ നടത്തുന്നതെന്ന് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു. ഇതിനിടിയിലാണ് നന്ദുവിനെപ്പോലുള്ളവർ മാതൃകയാകുന്നത്. സ്കൂളിൽ നിന്നും ലഭിച്ച അവബോധമാണ് ഇത്തരത്തിൽ പ്രതികരിക്കാൻ നന്ദുവിന് തുണയായത്. ലഹരി എന്താണെന്നും അത് തേടിയെത്തുന്ന വഴികളും ഉപയോഗത്തിലൂടെ ഉണ്ടാകുന്ന പ്രത്യാഘാതകളും ചെറുപ്രായത്തിൽ തന്നെ മനസ്സിലാക്കി നൽകാൻ അധ്യാപകർ ഉൾപ്പെടെയുള്ള അധികൃതർക്ക് സാധിച്ചു. അതിനാൽ ലഹരി ഉപയോഗിക്കാതിരിക്കാനും തന്റെ അനുഭവം സ്കൂളിൽ അറിയിക്കാനും ആ കുട്ടിക്കായി.
മതിയായ അവബോധം നൽകുക എന്നതാണ് അധ്യാപകർക്കും മാതാപിതാക്കൾക്കും മുമ്പിലുള്ള മാർഗം. ലഹരിക്കെതിരെയുള്ള പോരാട്ടം സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കി മാറ്റണം. മക്കളെ ശ്രദ്ധിക്കാനും അവരെ ജാഗരൂഗരാക്കാനും മാതാപിതാക്കൾക്ക് കഴിയണം. സ്കൂളുകളിൽ തുടർച്ചയായ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണം. നൂതനവും കുട്ടികളെ സ്പർശിക്കുന്നതുമായ രീതിയിലാകണം അവ ചിട്ടപ്പെടുത്തേണ്ടത്. ഭാവി തലമുറയിലൂടെ മാത്രമേ സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിയെ ഇല്ലതാക്കാനാവൂ.
Content Summary : How to educate your child on drug addiction