ADVERTISEMENT

ആലപ്പുഴ ∙ ജലഗതാഗത വകുപ്പിന്റെ സോളർ ഇലക്ട്രിക് ബോട്ടുകൾക്കായി ഇനിയും കാത്തിരിക്കണ. ജൂലൈയിൽ ആദ്യത്തെ ബോട്ട് ഓടി തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ നിർമാണ സാമഗ്രികളുടെ ലഭ്യതക്കുറവു കാരണം പണി പൂർത്തിയായില്ല. ബോട്ട് ജനുവരിയിലെത്തുമെന്നാണ് ഇപ്പോഴത്തെ വിവരം. ഫൈബർ ഫാബ്രിക്കേഷന് ആവശ്യമായ സാധനങ്ങൾ ഉത്തരേന്ത്യയിൽ നിന്നാണ് എത്തുന്നത്. എന്നാൽ, കോവിഡിനു ശേഷം ഇവയുടെ വില കൂടിയതാണു പണി വൈകാൻ കാരണം.

65% പണിയാണു നിലവിൽ പൂർത്തിയായിരിക്കുന്നത്. ബാക്കികൂടി പൂർത്തിയാക്കി 2 ബോട്ടുകൾ ജനുവരിയിൽ എത്തിക്കാൻ സാധിക്കുമെന്നാണ് വിവരം. 4 ബോട്ടുകളാണ് ആദ്യഘട്ടത്തിൽ സോളർ ഇലക്ട്രിക് ആക്കുന്നത്.30 പേർക്കു സഞ്ചരിക്കാവുന്ന ബോട്ട് മുഹമ്മ– മണിയാംപറമ്പ് റൂട്ടിലാണ് സർവീസ് നടത്തുക. നിലവിൽ ഈ റൂട്ടിൽ ജലഗതാഗത വകുപ്പിന്റെ സർവീസ് കുറവാണ്. വകുപ്പിന്റെ 50% ബോട്ടുകളും സോളർ ആക്കുന്നതിന്റെ ഭാഗമായാണു പുതിയ ബോട്ടെത്തുന്നത്. പട്ടണക്കാട്, പാണാവള്ളി യാഡുകളിലാണു ബോട്ട് നിർമാണം നടക്കുന്നത്. ‌എന്നു വരും..ജില്ലയിൽ   ജലഗതാഗത വകുപ്പിന്റെ യാത്ര ബോട്ടുകളിൽ ഏതെങ്കിലും ഒന്നു തകരാറിലായാൽ പകരം ഒ‌ാടിക്കാൻ ബോട്ടില്ല.

കാവാലം– ചങ്ങനാശേരി, ചങ്ങനാശേരി– ആലപ്പുഴ റൂട്ടിലെ ബോട്ടുകൾ ഇങ്ങനെ പണിമുടക്കുന്നത് സ്ഥിരം സംഭവമാണെന്ന് യാത്രികർ പറയുന്നു. മറ്റു പല റൂട്ടുകളുടെയും സ്ഥിതി വ്യത്യസ്തമല്ല. ഈ അവസ്ഥയിൽ പുതിയ ബോട്ടുകൾ സർവീസ് നടത്തിയാൽ യാത്രികർക്ക് ഏറെ ഉപകാരമാകു‌ം. ഈ സാഹചര്യത്തിലാണ് സോളർ ഇലക്ട്രിക് ബോട്ടുകൾ സർവീസ് തുടങ്ങാൻ വൈകുന്നത്.ക്രൂയിസ് അടുത്തമാസംസോളർ ഇലക്ട്രിക് ക്രൂയിസ് അടുത്തമാസം എത്തിയേക്കും. പണികൾ പൂർത്തിയായെന്നും അടുത്തയാഴ്ച ടെക്നിക്കൽ കമ്മിറ്റി ട്രയൽ കൂടി പൂർത്തിയാക്കാനുണ്ടെന്നും അധികൃതർ പറഞ്ഞു. അതുകഴിഞ്ഞ് സർവീസ് നടത്തിയേക്കും.

ബജറ്റ് ടൂറിസത്തിനായി ഉപയോഗിക്കുന്ന ബോട്ടിൽ 100 പേർക്ക് ഇരിപ്പിട സൗകര്യമുണ്ട്.  എന്നാൽ ഏതു റൂട്ടിൽ സർവീസ് നടത്തണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.വേഗ ആർക്ക്?കോവിഡിനു മുൻപ് മൂന്നു ജില്ലകളെ ബന്ധിപ്പിച്ച് വൈക്കം– പാണാവള്ളി– എറണാകുളം റൂട്ടിൽ സർവീസ് ന‌ടത്തിയിരുന്ന ജലഗതാഗത വകുപ്പിന്റെ ‘വേഗ’ ബോട്ട് സർവീസ് നിലച്ചിട്ട് 2 വർഷം. പരിശോധനകൾക്കായി കയറ്റിയ ബോട്ട് അടുത്ത മാസം സർവീസിനായി ഇറക്കാൻ സാധിച്ചേക്കും.

 എന്നാൽ ഏതു റൂട്ടിലാണ് സർവീസ് നടത്തുകയെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. വൈക്കം – പാണാവള്ളി– എറണാകുളം റൂട്ടിൽ തന്നെ വേഗ സർവീസ് നടത്തണമെന്നാണു സ്ഥിരം യാത്രികരുടെ ആവശ്യം. എന്നാൽ ജലഗതാഗത വകുപ്പ് അധികൃതർ ഉറപ്പ് നൽകുന്നില്ല.2018 നവംബർ 4നാണ് സർവീസ് തുടങ്ങിയത്. രാവിലെ 7.30ന് വൈക്കത്തു നിന്ന് തുടങ്ങി ആലപ്പുഴയുടെ ഭാഗമായ മണപ്പുറം, പാണാവള്ളി, പെരുമ്പളം വഴി 9.15ന് എറണാകുളത്തും വൈകിട്ട് 5.30ന്.എറണാകുളത്തു നിന്നു തുടങ്ങി ഇതേ റൂട്ടിലൂടെ 7.30ന് വൈക്കത്ത് സർവീസ് അവസാനിക്കും, യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമായിരുന്ന സർവീസ് കൂടുതൽ ജെട്ടികളിൽ നിർത്തണമെന്ന ആവശ്യം ഉയരുമ്പോഴാണ് കോവിഡ് നിമിത്തം സർവീസ് നിർത്തിയത്.

കോവിഡിനു ശേഷം എറണാകുളത്താണു ‘വേഗ’ ബോട്ട് സർവീസ് നടത്തിയത്. അതിൽ നിന്നാണു കൂടുതൽ വരുമാനം ലഭിച്ചത്. താരതമ്യേന വരുമാനം കുറഞ്ഞ വൈക്കം– പാണാവള്ളി– എറണാകുളം റൂട്ടിൽ വീണ്ടും സർവീസ് നടത്തുക അപ്രായോഗികമെന്നാണ് അധികൃതർ പറയുന്നത്. 120 പേർക്ക് ഒരു സമയം സഞ്ചരിക്കാവുന്ന ബോട്ടിൽ 50% എങ്കിലും യാത്രക്കാർ ഉണ്ടെങ്കിൽ മാത്രമാണ് സർവീസ് ലാഭമാകുകയെന്ന് അധികൃതർ പറയുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com