തണ്ണീർമുക്കത്ത് വീണ്ടും പന്നിപ്പനിയെന്നു സംശയം

Mail This Article
ആലപ്പുഴ∙ ജില്ലയിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനിയെന്നു സംശയം. തണ്ണീർമുക്കം പഞ്ചായത്ത് നാലാം വാർഡിലെ കർഷകന്റെ പന്നികളാണു ആഫ്രിക്കൻ പന്നിപ്പനിയുടെ ലക്ഷണങ്ങളോടെ ചത്തത്. മൂന്നു ദിവസത്തിനിടെ 12 പന്നികളിൽ മൂന്നെണ്ണം രോഗലക്ഷണങ്ങളോടെ ചത്തതോടെയാണു പന്നിപ്പനിയാണെന്നു സംശയമുണ്ടായത്. ജില്ലയിൽ ഒരു തവണ മാത്രമാണ് ഇതിനു മുൻപ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. അതും തണ്ണീർമുക്കം പഞ്ചായത്തിലായിരുന്നു. തിരുവല്ല മഞ്ഞാടിയിലെ ലാബിൽ നടത്തിയ പരിശോധനയിൽ പന്നിപ്പനിയെന്നു സൂചന ലഭിച്ചിട്ടുണ്ട്. എങ്കിലും ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് ലാബിൽ പരിശോധിച്ചു രോഗം സ്ഥിരീകരിച്ചെങ്കിൽ മാത്രമേ കള്ളിങ് (വളർത്തുമൃഗങ്ങളെ ശാസ്ത്രീയമായി കൊന്നൊടുക്കൽ) നടത്താനാകൂ. പക്ഷിപ്പനി വലിയ തോതിൽ പടർന്നതു കെട്ടടങ്ങുമ്പോഴാണ് ആഫ്രിക്കൻ പന്നിപ്പനിയുള്ളതായി സംശയിക്കുന്നത്.
നേരത്തെ കോട്ടയം ഉൾപ്പെടെ മറ്റു പല ജില്ലകളിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നെങ്കിലും ആലപ്പുഴ ജില്ലയിൽ ഈ വർഷമാണു രോഗം ആദ്യമായി സ്ഥിരീകരിച്ചത്. തണ്ണീർമുക്കം പഞ്ചായത്ത് അഞ്ചാം വാർഡിൽ ഫെബ്രുവരി 10നാണു പന്നിപ്പനി സ്ഥിരീകരിച്ചത്. തുടർന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 27 വളർത്തുപന്നികളെ കള്ളിങ്ങിനു വിധേയമാക്കി. പ്രദേശത്തു പന്നി വളർത്തൽ താൽക്കാലികമായി നിരോധിക്കുകയും അണുനശീകരണം നടത്തുകയും ചെയ്തു. എന്നാൽ സമീപപ്രദേശത്തു തന്നെ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സംശയം ഉയർന്നത് ആശങ്കയുണ്ടാക്കി. പന്നികളിൽ നിന്നു പന്നികളിലേക്കോ ആഹാരത്തിലൂടെയോ ആണു രോഗം പകരുക. രോഗബാധ സ്ഥിരീകരിച്ച ഫാമുകളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളോ രോഗം സ്ഥിരീകരിച്ച പന്നികളുടെ മാംസമോ നൽകുന്നതിലൂടെയാണു പ്രധാനമായും രോഗം പടരുന്നത്. സാധാരണ രോഗബാധയുണ്ടായാൽ പ്രദേശത്തെ പന്നികൾ കൂട്ടമായി ചാകാറാണു പതിവ്.