പിതാവിന് ക്രൂരമർദനം: മകൻ അറസ്റ്റിൽ

Mail This Article
ചാരുംമൂട്∙ വയോധികനായ പിതാവിനെ ക്രൂരമായി മർദിച്ച മകൻ പിടിയിൽ. നൂറനാട് പഞ്ചായത്തിൽ നെടുകുളഞ്ഞി മുറിയിൽ മാധവം വീട്ടിൽ രാമകൃഷ്ണപിള്ളയെയാണു (80) തൊട്ടടുത്ത വീടായ ലക്ഷ്മിഭവനത്തിൽ താമസിക്കുന്ന മകൻ അജീഷ് (43) ക്രൂരമായി മർദിച്ചത്. പടനിലം ഭാഗത്തുനിന്നു സാഹസികമായാണ് അജീഷിനെ നൂറനാട് പൊലീസ് പിടികൂടിയത്. സ്വത്തിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വിറകുകമ്പു കൊണ്ടു പിതാവിനെ ക്രൂരമായി മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്ത ശേഷം പ്രതി ഒളിവിൽ പോയി.
നാട്ടുകാരുടെ സഹായത്തോടെ ഹോസ്പിറ്റലിൽ എത്തിച്ച രാമകൃഷ്ണപിള്ളയുടെ മൂക്കിനു പൊട്ടലുള്ളതിനെ തുടർന്നു തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പ്രതിക്കായി അന്വേഷണം നടത്തിയെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആക്കി മുങ്ങിയതിനാൽ കണ്ടെത്താൻ കഴിഞ്ഞില്ല.
ഒടുവിൽ പടനിലം ഭാഗത്തുനിന്ന് അജീഷിനെ പിടികൂടി തെളിവെടുപ്പ് നടത്തുകയായിരുന്നു. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്എച്ച്ഒ ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ എസ്.നിതീഷ്, എസ്‌സിപിഒമാരായ രജീഷ്, സുന്ദരേശൻ, സിപിഒമാരായ കലേഷ്, ഷിബു, ജംഷാദ്, ഷമീർ, ശരത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.