ഐപിഎൽ: സിഎസ്കെ ആവേശത്തിൽ കുരുങ്ങുമോ ചെന്നൈ നഗരം? ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച് പൊലീസ്

Mail This Article
ചെന്നൈ ∙ ഐപിഎൽ ആവേശം തിരയടിക്കുന്ന നഗരത്തിൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച് പൊലീസ്. ചെന്നൈയുടെ സ്വന്തം ടീമിന്റെ മത്സരത്തിന് കാണികളുടെ കുത്തൊഴുക്കുണ്ടാകുമെന്ന കണക്കുകൂട്ടലിൽ വൈകിട്ട് 5 മുതൽ 11 വരെയാണ് നിയന്ത്രണം പ്രഖ്യാപിച്ചത്. അണ്ണാശാലയിലും സമീപ പ്രദേശങ്ങളിലും വൈകിട്ടോടെ കനത്ത ഗതാഗതക്കുരുക്കിനു സാധ്യതയുള്ളതിനാൽ യാത്രക്കാർ ബദൽ റോഡുകൾ തിരഞ്ഞെടുക്കണമെന്നും അധികൃതർ നിർദേശിച്ചു.
വിക്ടോറിയ ഹോസ്റ്റൽ റോഡും ബെൽസ് റോഡും വൺവേയായിരിക്കും. ഭാരതിശാലയിൽനിന്ന് പ്രവേശനം അനുവദിക്കും. വാലജാ റോഡിൽ നിന്ന് പ്രവേശനമുണ്ടാകില്ല. രത്ന കഫേ ജംക്‌ഷനിൽനിന്ന് ഭാരതിശാലയിലൂടെ വരുന്ന വാഹനങ്ങൾ ബെൽസ് റോഡ്, വാലജാ റോഡ് വഴി പോകണം. നേരിട്ട് കണ്ണകി സ്റ്റാച്യു ജംക്‌ഷനിലേക്ക് പ്രവേശനം അനുവദിക്കില്ല. പാസുകളില്ലാത്ത വാഹനങ്ങളുടെ പാർക്കിങ് സ്വാമി ശിവാനന്ദ ശാലയിലും മറീന സർവീസ് റോഡിലുമായിരിക്കും. കത്തീഡ്രൽ റോഡ്, കാമരാജർ ശാല വഴി വരുന്ന വാഹനങ്ങൾ മറീന സർവീസ് റോഡിൽ പാർക്ക് ചെയ്യണം. അണ്ണാശാല, വാലജാശാല വഴിയുള്ള വാഹനങ്ങൾക്കാണ് സ്വാമി ശിവാനന്ദ ശാലയിൽ പാർക്കിങ് സൗകര്യം.
എംടിസിയിലും മെട്രോയിലും സൗജന്യയാത്ര
ചെപ്പോക്ക് എം.എ.ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎൽ മത്സരങ്ങൾ കാണാനെത്തുന്നവർക്ക് യാത്രാ സൗജന്യം പ്രഖ്യാപിച്ച് മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (എംടിസി). മത്സരത്തിന്റെ ടിക്കറ്റുകൾ കൈവശമുള്ളവർക്ക്, അവ കാണിച്ച് എംടിസി ബസുകളിൽ സ്റ്റേഡിയത്തിലേക്കും തിരികെയും സൗജന്യമായി യാത്ര ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. മത്സരങ്ങൾ തുടങ്ങുന്നതിന് 3 മണിക്കൂർ മുൻപു മുതലും മത്സരം അവസാനിച്ച് 3 മണിക്കൂറുകൾക്കു ശേഷം വരെയുമാണ് യാത്രാ സൗജന്യം അനുവദിക്കുക. എംടിസിയുടെ എസി ബസുകളിൽ യാത്രാ സൗജന്യമില്ല.
ചെന്നൈ സൂപ്പർ കിങ്സുമായി (സിഎസ്കെ) സഹകരിച്ചാണ് യാത്രാ സൗജന്യം ഏർപ്പെടുത്തുന്നത്. മത്സര ദിവസങ്ങളിൽ അണ്ണാ സ്റ്റാച്യുവിനും സ്റ്റേഡിയത്തിനും ഇടയിൽ എംടിസിയുടെ ഷട്ടിൽ സർവീസുകളും ഉണ്ടാകും. മത്സരശേഷം മടങ്ങുന്നവർക്കായി സ്റ്റേഡിയത്തിനു സമീപത്തുള്ള അണ്ണാസ്ക്വയർ ബസ് ടെർമിനസ്, മദ്രാസ് സർവകലാശാല ബസ് സ്റ്റോപ്പ്, അണ്ണാശാല ഓമന്തുരാർ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽനിന്ന് നഗരത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് പ്രത്യേക സർവീസുകളും നടത്തും. ഐപിഎൽ ടിക്കറ്റുകളുപയോഗിച്ച് മത്സര ദിവസങ്ങളിൽ സ്റ്റേഡിയത്തിലേക്കും തിരികെയും സൗജന്യ യാത്ര നടത്താമെന്ന് ചെന്നൈ മെട്രോയും പ്രഖ്യാപിച്ചിട്ടുണ്ട്.
വേളാച്ചേരി – ചെന്നൈ ബീച്ച് റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസുകൾ
ഐപിഎൽ മത്സരങ്ങൾക്കെത്തുന്ന കാണികൾക്ക് മടങ്ങാൻ വേളാച്ചേരി – ചെന്നൈ ബീച്ച് റൂട്ടിൽ 3 പാസഞ്ചർ സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. രാത്രി 7.30ന് മത്സരം ആരംഭിക്കുന്ന 6 ദിവസങ്ങളിലാണു മത്സരശേഷം പ്രത്യേക സർവീസുകൾ നടത്തുക. രാത്രി 10ന് ബീച്ച് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന സ്പെഷൽ ട്രെയിൻ 10.10ന് ചെപ്പോക്കിലും 10.45ന് വേളാച്ചേരിയിലുമെത്തും. രാത്രി 10.55ന് വേളാച്ചേരിയിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ 11.25ന് ചെപ്പോക്കിലെത്തും. 11.30ന് ചെപ്പോക്കിൽ നിന്ന് പുറപ്പെട്ട് 11.45ന് ബീച്ച് സ്റ്റേഷനിലെത്തും. രാത്രി 11.30ന് ചെപ്പോക്കിൽ നിന്നാണ് മൂന്നാമത്തെ ട്രെയിൻ പുറപ്പെടുക. ഇത് 12.05ന് വേളാച്ചേരിയിലെത്തും.
കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപന വ്യാപകമെന്ന് റിപ്പോർട്ട്
സിഎസ്കെ–എംഐ മത്സരത്തിന്റെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വ്യാപകമായി വിൽക്കുന്നതായി റിപ്പോർട്ട്. കരിഞ്ചന്തയും വ്യാജ ടിക്കറ്റ് വിൽപനയും തടയാനാണ് മുഴുവൻ ടിക്കറ്റുകളും ഓൺലൈനിൽ വിൽപനയ്ക്കെത്തിച്ചതെന്ന സംഘാടകരുടെ വിശദീകരണത്തിനിടെയാണ് ഒരു ലക്ഷം രൂപ വരെ ഈടാക്കി ടിക്കറ്റുകളുടെ വിൽപന നടക്കുന്നത്.കഴിഞ്ഞ ബുധനാഴ്ച ടിക്കറ്റ് വിൽപന ആരംഭിച്ച് 10 മിനിറ്റിനുള്ളിൽ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നത് സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ സംശയങ്ങൾ ശരിവയ്ക്കുന്ന തരത്തിലാണ് കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപന വ്യാപകമാകുന്നത്.1700 രൂപ മുതൽ 7,500 രൂപ വരെയാണ് സിഎസ്കെ മത്സരങ്ങളുടെ ടിക്കറ്റ് നിരക്ക്. 1700 രൂപയുടെ ടിക്കറ്റിന് 10,000 രൂപ മുതൽ 15,000 രൂപവരെയാണ് കരിഞ്ചന്തയിൽ ആവശ്യപ്പെടുന്നത്. 7,500 രൂപയുടെ ടിക്കറ്റിന് ഒരുലക്ഷം രൂപവരെ ആവശ്യപ്പെടുന്നതായാണ് റിപ്പോർട്ടുകൾ.