രാജനഗരി സ്റ്റേഷൻ: മിക്ക വണ്ടിക്കും റ്റാറ്റാ...

Mail This Article
തൃപ്പൂണിത്തുറ ∙ രാജ്യത്തെ ഐടി ഹബ്ബുകളിൽ ഒന്നായി കൊച്ചി അതിവേഗം വളരുകയാണ്. ലോകത്തിന്റെ ഏതു കോണിലുമിരുന്ന് കൊച്ചി ഇൻഫോപാർക്ക് അടക്കമുള്ള ഐടി മേഖലകളുടെ വഴി തിരയുന്നവർ അവസാനമെത്തുന്നത് തൃപ്പൂണിത്തുറയിലാണ്. കൊച്ചിൻ റിഫൈനറിയും ഒട്ടേറെ വാണിജ്യ വ്യവസായ സ്ഥാപനങ്ങളും വിളിപ്പാടകലലെയുള്ള അമ്പലമേട് വ്യവസായ മേഖലയും സ്റ്റേഷനെ ചുറ്റിപ്പറ്റിയുണ്ട്.
എന്നാൽ തൃപ്പൂണിത്തുറ സ്റ്റേഷൻ എല്ലാ സൗകര്യങ്ങളോടും കൂടിയ റെയിൽവേ സ്റ്റേഷനാക്കാൻ ഇപ്പോഴും സാധിച്ചിട്ടില്ല. അമൃത് ഭാരത് പദ്ധതിയിൽ തൃപ്പൂണിത്തുറ സ്റ്റേഷനെ ഉൾപ്പെടുത്തിയതോടെ കൂടുതൽ വികസനം പ്രതീക്ഷിക്കുന്നുണ്ട്. മെട്രോ റെയിൽ പൂർണതോതിൽ സജ്ജമാകുന്നതോടെ സ്റ്റേഷൻ വികസനം അനിവാര്യമാകും.
കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിൽപെട്ടു യഥാസമയം എറണാകുളത്തെ റെയിൽവേ സ്റ്റേഷനുകളിൽ എത്താൻ കഴിയാത്തവർ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനെ കൂടുതലായി ആശ്രയിക്കുന്നുണ്ട്. എന്നാൽ വിരലിലെണ്ണാവുന്ന ട്രെയിനുകൾക്കു മാത്രമേ ഇവിടെ സ്റ്റോപ്പുള്ളൂ. എറണാകുളത്തു നിന്നു സർവീസ് ആരംഭിക്കുന്നതും എറണാകുളത്ത് അവസാനിപ്പിക്കുന്നതുമായ എല്ലാ ട്രെയിനുകൾക്കും തൃപ്പൂണിത്തുറയിൽ സ്റ്റോപ്പ് അനുവദിക്കണം എന്നതാണ് പ്രധാന ആവശ്യം.
ഇൻഫോപാർക്കിലും മറ്റും ജോലി ചെയ്യുന്ന ദൂരസ്ഥലങ്ങളിൽ നിന്നുള്ളവർ തൃപ്പൂണിത്തുറ, കാക്കനാട്, അമ്പലമുകൾ ഭാഗങ്ങളിൽ താമസിക്കുകയും വെള്ളിയാഴ്ചകളിൽ വീടുകളിലേക്കു മടങ്ങുകയാണ് പതിവ്. എന്നാൽ ഒട്ടുമിക്ക ട്രെയിനുകൾക്കും ഇവിടെ സ്റ്റോപ് ഇല്ലാത്തതിനാൽ കിലോമീറ്ററുകൾ ഗതാഗതക്കുരുക്ക് താണ്ടി സൗത്ത് സ്റ്റേഷനിലോ, നോർത്തിലോ എത്തേണ്ട അവസ്ഥയാണുള്ളത്.
പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത 16309/10 മെമുവിനു പോലും തൃപ്പൂണിത്തുറയിൽ സ്റ്റോപ്പില്ലാത്തത് യാത്രക്കാരെ നിരാശരാക്കുന്നു. ഒരു ഭാഗത്തേക്ക് മാത്രം തൃപ്പൂണിത്തുറയിൽ സ്റ്റോപ്പുള്ള മുംബൈ– കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ്, മലബാർ എക്സ്പ്രസ് എന്നിവയ്ക്കു ഇരുഭാഗത്തേക്കും സ്റ്റോപ്പ് വേണമെന്ന ആവശ്യം പ്രസക്തമാണ്.
എറണാകുളം- ഗുരുവായൂർ പാസഞ്ചർ തൃപ്പൂണിത്തുറയിൽ നിന്നും ആരംഭിക്കുക, കായംകുളം– എറണാകുളം മെമുവിനു തൃപ്പൂണിത്തുറയിൽ സ്റ്റോപ്പ് അനുവദിക്കുക തുടങ്ങിയവയാണു മറ്റാവശ്യങ്ങൾ. എറണാകുളം– വേളാങ്കണ്ണി പ്രതിവാര എക്സ്പ്രസിന്റെ സ്റ്റോപ് പുനഃസ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
മെയിൻ ലെയിൻ പ്ലാറ്റ്ഫോമില്ല
സ്റ്റേഷനിൽ മെയിൻ ലെയിൻ പ്ലാറ്റ്ഫോം ഇതുവരെ നടപ്പായിട്ടില്ല. മെയിൻ ലെയിനിൽ നിന്ന് പ്ലാറ്റ്ഫോമിനു സമീപമുള്ള ലൂപ് ലൈനിലൂടെ കയറിയാണ് ട്രെയിനുകൾ തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിർത്തുന്നത്. ഇത് 10 മുതൽ 15 മിനിറ്റ് വരെ സമയനഷ്ടം ഉണ്ടാക്കുന്നുണ്ട്. സ്റ്റേഷനിൽ മെയിൻ ലെയിൻ പ്ലാറ്റ്ഫോം നിർമിച്ചാൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് ലഭിക്കാൻ സാഹചര്യമുണ്ടാകും
മേൽക്കൂര ഇല്ലാത്ത പ്ലാറ്റ്ഫോം അടക്കം സ്റ്റേഷനിലെ അടിസ്ഥാന വികസന കാര്യങ്ങൾ പോലും ദയനീയാവസ്ഥയിലാണ്. മിക്ക ഹാൾട്ട് സ്റ്റേഷനുകളും ടൈൽ പാകി നവീകരിച്ചപ്പോൾ പേരിനു പോലും വികസനം നടക്കാത്ത സ്റ്റേഷനായി തൃപ്പൂണിത്തുറ മാറി. സ്റ്റേഷനിൽ വേണ്ട അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചു നാളെ..