ഭീഷണിയായി ഇളകിയ മണ്ണും പാറക്കൂട്ടങ്ങളും:ഉരുൾപൊട്ടൽ ഭീതി മാറാതെ കൂരുമല

Mail This Article
കൂത്താട്ടുകുളം ∙ ഉരുൾപൊട്ടൽ ഉണ്ടായ ഇലഞ്ഞി കൂരുമലയിൽ ഭീഷണിയായി ഇളകിയ മണ്ണും പാറക്കൂട്ടങ്ങളും. അടുത്തുള്ള ജനവാസമേഖലയിൽ ഇതേ സാഹചര്യം നിലനിൽക്കുന്നതും മഴ തുടരുന്നതുമാണ് ആശങ്ക ഉയർത്തുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ ഇളകിയ കല്ലും പാറക്കൂട്ടങ്ങളും കുത്തനെയുള്ള ചെരിവിൽ ചിതറിക്കിടക്കുകയാണ്.
ഗുരുതര സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മേഖലയിൽ വിദഗ്ധസംഘം പരിസ്ഥിതി പഠനം നടത്തുമെന്നും സ്ഥലം സന്ദർശിച്ച അനൂപ് ജേക്കബ് എംഎൽഎ പറഞ്ഞു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ഇക്കാര്യം കലക്ടറെ ബന്ധപ്പെട്ട് ആവശ്യപ്പെട്ടിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ആൻഡ്രൂസും ഇതുസംബന്ധിച്ച് കത്തു നൽകിയിട്ടുണ്ട്.
മൈനിങ് ആൻഡ് ജിയോളജി ഉൾപ്പെടെ വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പഠനസംഘത്തിലുണ്ടാകുമെന്നും എംഎൽഎ വ്യക്തമാക്കി. കൂര് സെന്റ് സേവ്യേഴ്സ് യുപി സ്കൂളിലെ ക്യാംപിലേക്ക് മാറ്റിപ്പാർപ്പിച്ച കുടുംബങ്ങളെയും അദ്ദേഹം സന്ദർശിച്ചു. 2 വീടുകളിൽ നിന്നുള്ള 9 പേരാണ് ക്യാംപിൽ കഴിയുന്നത്.
പാറഖനനത്തിനെതിരെ പരാതിയുമായി നാട്ടുകാർ
മേഖലയിലെ പാറഖനനത്തിന്റെ ഭാഗമായുള്ള സ്ഫോടനങ്ങളാണ് ഉരുൾപൊട്ടലിന് കാരണമെന്ന് നാട്ടുകാരിൽ ചിലർ പരാതി ഉയർത്തി. ക്യാംപിൽ കഴിയുന്നവർ എംഎൽഎയ്ക്കു മുന്നിൽ പാറമടയുടെ പ്രവർത്തനം സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചു. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ സ്വന്തം വീടുകളിൽ കഴിയാൻ ഭയമാണെന്നും അവർ പറഞ്ഞു.
കൂരുമലയിലെ ഉരുൾപൊട്ടലിനു പിന്നിൽ പാറഖനനവും മണ്ണെടുക്കലുമാണെന്ന് ബിജെപി പഞ്ചായത്ത് സമിതി കുറ്റപ്പെടുത്തി. അനധികൃതമായി പാറമടകൾക്ക് ലൈസൻസ് ലൈസൻസ് നൽകുന്നത് ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. പഞ്ചായത്തും സർക്കാരും ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണമെന്ന് ജില്ലാ കമ്മിറ്റിയംഗം ഡി.ഹരിദാസ്, കർഷകമോർച്ച ജില്ലാ ട്രഷറർ കെ.രാജേഷ് എന്നിവർ ആവശ്യപ്പെട്ടു.