കൊരട്ടിമുത്തിയുടെ തിരുനാൾ ഇന്ന്; വണക്കത്തിന് വിപുലമായ ഒരുക്കം

Mail This Article
കൊരട്ടി∙ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ കൊരട്ടിമുത്തിയുടെ തിരുനാൾ ഇന്ന് ആഘോഷിക്കും. പുലർച്ചെ 5ന് മുത്തിയുടെ രൂപം വണക്കത്തിനായി പുറത്തെടുക്കും. വർഷത്തിലൊരിക്കൽ പുറത്തെടുക്കുന്ന മുത്തിയുടെ രൂപവുമായി നാലങ്ങാടിയിൽ പ്രദക്ഷിണവും ഇന്നു നടക്കും. ഇതിനു മുൻപ് വികാരി ഫാ. ജോസ് ഇടശേരിയുടെ നേതൃത്വത്തിൽ രൂപം അലങ്കരിച്ച്, ആഭരണങ്ങൾ ചാർത്തും. തുടർന്ന് കുർബാന. വടവാതൂർ സെന്റ് തോമസ് സെമിനാരിയിലെ ഫാ.മാർട്ടിൻ ശങ്കുരിയ്ക്കൽ പ്രസംഗിക്കും. അതിനു ശേഷം മുത്തിയുടെ രൂപം തീർഥാടകർക്കു വണക്കത്തിനായി ഒരുക്കും.
7.30നു കുർബാനയ്ക്ക് ഫാ. ക്രിസ്റ്റി മഠത്തേട്ടും 10.30നുള്ള കുർബാനയ്ക്ക് ഫാ.വിപിൻ കുരിശുതറയും കാർമികത്വം വഹിക്കും. ഫാ.ബെന്നി എണ്ണയ്ക്കാപ്പിള്ളി സന്ദേശം നൽകും. 1.30നു ഇംഗ്ലിഷ് കുർബാനയ്ക്ക് ഫാ.അഖിൽ ആപ്പാടനും 2.30നു കുർബാനയ്ക്ക് ഫാ.ജോമോൻ പാലിയേക്കരയും കാർമികരാകും. ഇതിനു ശേഷമാണ് പ്രദക്ഷിണം. തുടർന്ന് സുറിയാനി ഭാഷയിലെ കുർബാനയ്ക്ക് ഫാ.പോൾസൻ പെരേപ്പാടൻ കാർമികത്വം വഹിക്കും. രാത്രിയോടെ രൂപം തിരികെ അൾത്താരയിൽ വയ്ക്കും. കൊരട്ടി- പുളിക്കക്കടവ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. 22നും 23നും എട്ടാമിടം ആഘോഷിക്കും.