‘പൂന്തോട്ടത്തിലല്ല, എന്റെ ബംഗ്ലാവിന്റെ പൂമുഖത്തു തന്നെയായിരിക്കും ഇതിനു സ്ഥാനം’

Mail This Article
ആലുവ∙ പരിസ്ഥിതി പ്രവർത്തകനും ഗാന്ധിയനുമായ മുപ്പത്തടം സ്വദേശി ശ്രീമൻ നാരായണന്റെ ‘ജീവജലത്തിന് ഒരു മൺപാത്രം’ പദ്ധതിയെ കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. കേരള സന്ദർശന വേളയിൽ ഗുരുവായൂർ ക്ഷേത്രനടയിൽ ശ്രീമൻ നാരായണനെ കാണാനും അദ്ദേഹത്തിന്റെ പക്കൽ നിന്നു വേനൽക്കാലത്തു പക്ഷികൾക്കു കുടിനീർ നൽകാനുള്ള മൺപാത്രം സ്വീകരിക്കാനും അവസരം ലഭിച്ചുവെന്നാണു പ്രധാനമന്ത്രി ട്വിറ്ററിൽ ചിത്രം സഹിതം കുറിച്ചത്.
2022 മാർച്ച് 27ലെ മൻ കി ബാത്ത് പ്രഭാഷണത്തിലും ശ്രീമൻ നാരായണന്റെ സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചിരുന്നു. പ്രധാനമന്ത്രിക്കു മൺപാത്രം സമ്മാനിച്ച ശേഷം ‘ഇത് അങ്ങയുടെ പൂന്തോട്ടത്തിൽ വച്ചാൽ ഞാൻ കൃതാർഥനായി’ എന്നു പറഞ്ഞപ്പോൾ, ‘പൂന്തോട്ടത്തിലല്ല, എന്റെ ബംഗ്ലാവിന്റെ പൂമുഖത്തു തന്നെയായിരിക്കും ഇതിനു സ്ഥാന’മെന്ന് അദ്ദേഹം മറുപടി നൽകിയതായി ശ്രീമൻ നാരായണൻ പറഞ്ഞു.
12 വർഷത്തിനുള്ളിൽ 1,27,000 മൺപാത്രങ്ങൾ ശ്രീമൻ നാരായണൻ സൗജന്യമായി വിതരണം ചെയ്തു. നടൻ സുരേഷ് ഗോപിയാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശ്രീമൻ നാരായണനെ ക്ഷണിച്ചത്.