വളക്കുഴി മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ബയോ മൈനിങ്

Mail This Article
മൂവാറ്റുപുഴ∙ കുമിഞ്ഞു കൂടിയ മാലിന്യത്തിന്റെ ദുർഗന്ധത്തിൽനിന്ന് നിന്നും രോഗ ഭീതിയിൽ നിന്നും അഞ്ചര പതിറ്റാണ്ടിനു ശേഷം വളക്കുഴിയിലെ ജനങ്ങൾക്ക് മോചനം ലഭിക്കുന്നു. വളക്കുഴയിലെ നഗരസഭ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ബയോ മൈനിങ് ആരംഭിച്ചു. നഗരസഭ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരസമിതി അധ്യക്ഷൻ പി.എം. അബ്ദുൽ സലാം അധ്യക്ഷനായി. സ്ഥിരസമിതി അധ്യക്ഷരായ അജി മുണ്ടാട്ട്, നിസ അഷറഫ്, ജോസ് കുര്യാക്കോസ്, മീര കൃഷ്ണൻ, കൗൺസിലർമാരായ ആർ. രാകേഷ്, പി.എം. സലിം, പി.വി. രാധാകൃഷ്ണൻ, അമൽ ബാബു, ഫൗസിയ അലി, കെ.കെ. സുബൈർ, പായിപ്ര പഞ്ചായത്ത് അംഗം വിജി പ്രഭാകരൻ, നഗരസഭ സെക്രട്ടറി എച്ച്. സിമി, എ. നൗഷാദ് എന്നിവർ പ്രസംഗിച്ചു. കേരള ഖര മാലിന്യ പരിപാലന പദ്ധതി പ്രകാരം അനുവദിച്ച 10.82 കോടി രൂപ ചെലവഴിച്ചു നാഗ്പുർ ആസ്ഥാനമായ എസ്എംഎസ് ലിമിറ്റഡാണ് ബയോ മൈനിങ് നടത്തുന്നത്.
നാലര ഏക്കർ വിസ്തൃതിയുള്ള വളക്കുഴി മാലിന്യ സംസ്കരണ കേന്ദ്രം 1965 ലാണ് പ്രവർത്തനം ആരംഭിച്ചത്. വേനലിൽ അഗ്നി ബാധയും മഴക്കാലത്ത് ഈച്ച, കൊതുക് ശല്യവും സമീപ വാസികൾക്ക് ദുരിതം വിതച്ചിരുന്നു. ബയോ മൈനിങ് വഴി മാലിന്യം നീക്കം ചെയ്യുന്നതോടെ ഈ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരമാകും.കുമിഞ്ഞു കൂടിയ മാലിന്യങ്ങൾ യന്ത്ര സഹായത്തോടെ കുഴിച്ചെടുത്തു തരംതിരിച്ചു സ്ഥലത്ത് നിന്നും സുരക്ഷിതമായി നീക്കം ചെയ്ത് മലിനമായ ഭൂമിയെ വീണ്ടെടുക്കുന്നതാണു പ്രക്രിയ.കുഴിച്ചെടുക്കുന്ന മാലിന്യത്തിൽ നിന്നു ജൈവ മാലിന്യങ്ങൾ വിൻഡ്രോ ലാർവ കംപോസ്റ്റിങ് വഴി ജൈവ വളമാക്കി കർഷകർക്ക് വിതരണം ചെയ്യും. അജൈവ മാലിന്യങ്ങൾ തരം തിരിച്ച് ഏജൻസിക്ക് കൈമാറും. ഈ പ്രക്രിയ പൂർത്തിയായാൽ നഗരത്തിൽ നിന്ന് ശേഖരിച്ച് ഇവിടെ എത്തിക്കുന്ന മാലിന്യം തരം തിരിച്ച് അന്ന് തന്നെ സംസ്കരിക്കും.ബയോ മൈനിങ്ങിനു ശേഷം വളക്കുഴിയിൽ മാലിന്യ തള്ളുന്നത് ഒഴിവാക്കും. ആധുനിക സംവിധാനം ഉപയോഗപ്പെടുത്തിയുള്ള മാലിന്യ സംസ്കരണം ആകും നടക്കുക.