‘അച്ചൂ, വിളിച്ചു കൂവി ആളെ കൂട്ട്’: അമ്മ പറയാറുള്ള ഭയം അന്ന് ഓടിയൊളിച്ചു, അനിയനെ തോളിൽ കയറ്റി ജീവൻ കാത്തു

Mail This Article
കൊച്ചി∙ ഒൻപതാം ക്ലാസുകാരൻ അച്ചു എന്ന ലിയോണിന് പല്ലി ചാടിയാൽ പോലും പേടിയാണെന്ന് അമ്മ ലീന പറയും. പക്ഷേ അനുജൻ, രണ്ടാം ക്ലാസുകാരനായ നിയോൺ കൺമുന്നിൽ തോട്ടിൽ മുങ്ങിത്താഴുന്നതു കണ്ടപ്പോൾ, ഭയം ഓടിയൊളിച്ചു. അനിയനെ എടുത്തുയർത്തി തോളിൽ കയറ്റി ഇരുത്താനുള്ള ധൈര്യം ലഭിച്ചതെങ്ങനെയെന്നു ലിയോണിനറിയില്ല. ‘വല്ലാർപാടത്തമ്മ കാത്തു’ എന്നു പറഞ്ഞു ലീന ആശ്വസിക്കുമ്പോഴും ജീവിതത്തിനും മരണത്തിനുമിടയിലെ ആ നിമിഷങ്ങളുടെ ആശങ്ക ഇപ്പോഴും സഹോദരന്മാരുടെ മുഖത്തുണ്ട്. ഫെബ്രുവരി 16ന് വൈകിട്ട് നിയോണിനെ മുന്നിലിരുത്തി മൂലമ്പിള്ളിയിലെ വീട്ടിൽ നിന്ന് അമ്മ വീട്ടിലേക്കു സൈക്കിൾ ചവിട്ടുകയായിരുന്നു ലിയോൺ.
കോതാട് കണ്ടെയ്നർ റോഡിനു താഴെയുള്ള റോഡിലൂടെ ആയിരുന്നു യാത്ര. ഇടയ്ക്കു തോടിനു മുകളിൽ ഇടുങ്ങിയ കലുങ്കുണ്ട്. അതിനു നടുവിൽ എത്തിയപ്പോൾ എതിരെ ഓട്ടോ വരുന്നു. സൈക്കിൾ വശത്തേക്കു പരമാവധി ഒതുക്കി ലിയോൺ കാത്തുനിന്നു. എന്നാൽ, ഓട്ടോ കടന്നുപോയപ്പോൾ സൈക്കിൾ ഒന്നു ചരിഞ്ഞു. കലുങ്കിൽ നിന്നു സൈക്കിളടക്കം ഇരുവരും തോട്ടിലേക്കു മറിഞ്ഞു. വേലിയേറ്റം പൂർത്തിയായി വെള്ളം നിറഞ്ഞു കിടന്ന തോട്ടിൽ ഇരുവരും മുങ്ങിപ്പൊങ്ങി. കഴുത്തൊപ്പം വെള്ളത്തിൽ സൈക്കിളിന്റെ ടയറിൽ ചവിട്ടി ലിയോൺ തല ഉയർത്തിപ്പിടിച്ചു നിന്നു. വേലിയിറക്കം ആരംഭിച്ചിരുന്നെങ്കിൽ ഇരുവരും അടുത്തുള്ള പുഴയിലേക്ക് ഒഴുകിപ്പോയേനെ.
നിയോൺ രണ്ടു തവണ മുങ്ങിപ്പൊങ്ങുന്നതു ലിയോൺ കണ്ടു. വല്ലവിധേനയും വലിച്ച് അടുപ്പിച്ചു. അവനെ എടുത്തുയർത്തി തോളിൽക്കയറ്റി ഇരുത്താനായി. വീഴ്ചയിൽ എവിടെയോ തട്ടി നിയോണിന്റെ ചുണ്ടു മുറിഞ്ഞു രക്തം ഒഴുകുന്നുണ്ടായിരുന്നു. ‘അച്ചൂ, വിളിച്ചു കൂവി ആളെ കൂട്ട്’ എന്നു നിയോൺ പറഞ്ഞെങ്കിലും അടുത്തെങ്ങും ആരുമുണ്ടായില്ല. ഇതോടെ, നിയോണിനെ തോളിലിരുത്തി വെള്ളത്തിലൂടെ നടന്നു തോടിന്റെ കരയിലെത്തിച്ചു സുരക്ഷിതമായി ഇരുത്തി. തിരികെപ്പോയി സൈക്കിളും വലിച്ചുയർത്തി കരയിലെത്തിച്ചതോടെ ലിയോൺ തളർന്നു. ഭാഗ്യത്തിന് അതു വഴി വന്ന നാട്ടുകാരൻ ഇരുവരെയും കണ്ടു.
ചെളിയൊക്കെ കഴുകിക്കളഞ്ഞു കുട്ടികൾക്കു മാറാൻ വസ്ത്രങ്ങൾ നൽകിയ ഇദ്ദേഹം കുട്ടികളുടെ പിതാവ് ആന്റണിയെ വിവരമറിയിച്ചു. നിയോണിന്റെ ചുണ്ടിലേറ്റ മുറിവിൽ നാലു തുന്നൽ വേണ്ടിവന്നത് ഒഴികെ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. നാട്ടുകാരോടും കോതാട് എച്ച്എസ്എസ് ഓഫ് ജീസസിലെ സഹപാഠികളോടും പറയാതെ ‘വെള്ളത്തിലെ സാഹസം’ രണ്ടാഴ്ചയിലേറെ രഹസ്യമാക്കി വച്ചിരിക്കയായിരുന്നു ഇരുവരും. എന്നാൽ, ക്ലാസ് ടീച്ചറോടു വിവരം പറഞ്ഞതോടെ മറ്റ് അധ്യാപകരും കുട്ടികളും സംഭവമറിഞ്ഞു. വലിയ കാര്യമാണു ചെയ്തതെന്ന ഭാവമൊന്നും ലിയോണിനില്ല. അനിയനെ സൈക്കിളിന്റെ മുന്നിലിരുത്തിയുള്ള കറക്കത്തിനും കുറവൊന്നുമില്ല.