ഇഷ്ടപ്പെട്ടു, എടുക്കുന്നു എന്ന് ഹെൽമറ്റ് കള്ളൻ

Mail This Article
തൊടുപുഴ ∙ സ്വന്തം തലയ്ക്കു ‘സുരക്ഷ’ നൽകുന്ന ഹെൽമറ്റിനു തിരിച്ചും സുരക്ഷയൊരുക്കേണ്ട അവസ്ഥയിൽ ഇരുചക്ര വാഹനയാത്രികർ! നഗരത്തിൽ പൊതുസ്ഥലങ്ങളിൽ ഹെൽമറ്റ് മോഷണം സജീവം. സ്വകാര്യ ബസ് സ്റ്റാൻഡ്, കെഎസ്ആർടിസി സ്റ്റാൻഡ്, ഷോപ്പിങ് സെന്ററുകൾ, തിയറ്ററുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിലെ പാർക്കിങ് ഏരിയകളിലാണ് ഹെൽമറ്റ് അടിച്ചുമാറ്റൽ തകൃതിയായി നടക്കുന്നത്.ജില്ലയിൽ ഇതുവരെ 13 ഹെൽമറ്റ് മോഷണക്കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.എന്നാൽ ഹെൽമറ്റ് മോഷണം പോയ വലിയൊരു ശതമാനം ആളുകളും പൊലീസിൽ അറിയിക്കാറില്ല. സ്വന്തം ഹെൽമറ്റ് പൂട്ടി സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ലെന്നതാണ് പൊലീസ് നിർദേശം.
തോട്ടി കൂടി വാങ്ങരുതോ
ആനയെ വാങ്ങാമെങ്കിൽ തോട്ടി കൂടി വാങ്ങിക്കൂടേ എന്നതാണ് പൊലീസിന്റെ ചോദ്യം. ഹെൽമറ്റ് സുരക്ഷിതമായി പൂട്ടിവയ്ക്കാൻ 120 രൂപ മുതൽ മുകളിലേക്ക് ഹെൽമറ്റ് ലോക്കുകൾ വിപണിയിൽ ലഭ്യം. ഓൺലൈൻ വ്യാപാര സൈറ്റുകളിൽ വൈവിധ്യമേറിയ ലോക്കുകളും ലഭിക്കും. കേബിൾ ലോക്ക്, സ്ട്രാപ് ലോക്ക്, നമ്പർ ലോക്ക് തുടങ്ങിയ വിവിധതരം ഹെൽമറ്റ് ലോക്കുകൾ സുലഭം.
വിലയും ഭാരവും വലുപ്പവുമേറിയ ഹെൽമറ്റുകൾ സൂക്ഷിക്കാൻ ആയിരം രൂപയ്ക്കു മുകളിൽ വിലയുള്ള ഹെൽമറ്റ് ലോക്കുകളുമുണ്ട്. ബൈക്കിന്റെ ഹാൻഡിലിൽ ഘടിപ്പിക്കാവുന്നത്, സീറ്റിനോടു ചേർന്നു ഘടിപ്പിക്കാവുന്നത്, നമ്പർ പ്ലേറ്റിനു മുകളിൽ ഘടിപ്പിക്കാവുന്നത്, ബാക്ക്റെസ്റ്റിൽ ഘടിപ്പിക്കാവുന്നത് തുടങ്ങിയ വിവിധയിനങ്ങൾ ലഭ്യം.
വിവിധയിടങ്ങളിൽ ഹെൽമറ്റ് മോഷണക്കേസുകൾ
തൊടുപുഴ – 4, നെടുങ്കണ്ടം – 5, കട്ടപ്പന – 2, അടിമാലി – 2
പരാതി അപൂർവം
ശരാശരി 1000 രൂപ വിലയുള്ളവയാണ് ഏറെപ്പേരും ഉപയോഗിക്കുന്നതെന്നതിനാൽ ഇവ മോഷണം പോയാൽ ആരും പൊലീസിൽ പരാതിപ്പെടാനോ പിന്നാലെ നടക്കാനോ മെനക്കെടാറില്ല. 3000 രൂപയ്ക്കു മുകളിൽ വിലയുള്ള ഹെൽമറ്റുകൾ ബൈക്കിൽ പൂട്ടിവയ്ക്കാൻ ഉടമകൾ ശ്രമിക്കാറുണ്ടെന്നതിനാൽ ഇത്തരം പരാതികൾ അപൂർവമായേ പൊലീസിനു ലഭിക്കാറുള്ളൂ. പുതിയവയും കാണാൻ ഭംഗിയുള്ളതുമായ ഹെൽമറ്റുകൾക്കു ചുറ്റുമാണ് മോഷ്ടാക്കളുടെ കണ്ണ്.
തിയറ്ററുകൾക്കുള്ളിലെ പാർക്കിങ് ഏരിയയിൽ സിസിടിവി ഉറപ്പായതിനാൽ പുറത്തു റോഡരികിൽ ബൈക്ക് പാർക്ക് ചെയ്യുന്നിടങ്ങളിലാണ് മോഷ്ടാക്കളുടെ ശല്യം.രണ്ടോ മൂന്നോവട്ടം ഹെൽമറ്റ് മോഷണം പോയ ശേഷമേ പലരും ഹെൽമറ്റ് ലോക്കുകൾ വാങ്ങി ഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാറുള്ളൂ. അതേസമയം, ഹെൽമറ്റ് മോഷണം പോയാലും പരാതിയുമായി വരുന്നവർ നന്നേ കുറവാണെന്നു പൊലീസ് പറയുന്നു.