പോസ്റ്റൽ വകുപ്പിന്റെ എടിഎം തകരാറിലായിട്ട് മാസങ്ങൾ; തകരാറിലായത് ഏറ്റവും മികച്ചതെന്നു പേരെടുത്ത എടിഎം

Mail This Article
കുമളി∙ പോസ്റ്റൽ വകുപ്പിന് കീഴിലുള്ള രാജ്യത്തെ ഏറ്റവും മികച്ച എടിഎം ആയിരുന്ന കുമളിയിലെ എടിഎമ്മിന്റെ പ്രവർത്തനം അധികൃതരുടെ അനാസ്ഥ മൂലം താറുമാറായി. മാസങ്ങളായി പ്രവർത്തനരഹിതമായി കിടക്കുന്ന എടിഎമ്മിന്റെ തകരാറുകൾ പരിഹരിക്കാൻ നടപടി ഉണ്ടാകുന്നില്ല. ടൗണിന്റെ ഹൃദയഭാഗത്ത് ജനങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലത്താണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്. 7 വർഷം മുൻപ് സ്ഥാപിച്ച ഈ എടിഎം ഡിപ്പാർട്മെന്റിനു നല്ല ലാഭകരമായിരുന്നു. പോസ്റ്റൽ ഡിപ്പാർട്മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ഏറ്റവും മികച്ച എടിഎം എന്ന പ്രശസ്തി 5 വർഷക്കാലം നേടിയിരുന്നു.
ഗ്ലാസിൽ നിർമിതമായ വാതിൽ 2 വർഷം മുൻപു തകർന്നു. ഇതു നന്നാക്കാൻ പോലും ബന്ധപ്പെട്ടവർ തയാറായില്ല. പിന്നീട് പണം നിക്ഷേപിക്കുന്ന ട്രേകൾ തകരാറിലായി. അതോടെ അധികൃതർ ഈ എടിഎമ്മിനെ പൂർണമായും ഉപേക്ഷിച്ചു. കുമളിയിൽ വിവിധ ബാങ്കുകളുടെ എടിഎമ്മുകൾ പ്രവർത്തിക്കാത്തപ്പോഴും ഈ എടിഎമ്മിന്റെ പ്രവർത്തനം കാര്യക്ഷമമായി നടന്നിരുന്നു. ഹൈറേഞ്ചിലെ മികച്ച പോസ്റ്റ് ഓഫിസ് ആയിരുന്ന കുമളി ഇന്ന് പ്രവർത്തന രംഗത്ത് വളരെ പിന്നാക്കം പോയി എന്ന ആക്ഷേപമാണ് നാട്ടുകാർക്കുള്ളത്. ഇവിടെ പ്രവർത്തിച്ചിരുന്ന റെയിൽവേ ബുക്കിങ് കൗണ്ടർ നിസ്സാര കാര്യങ്ങളുടെ പേരിൽ നേരത്തേ നിർത്തലാക്കിയിരുന്നു. ഇപ്പോൾ എടിഎം സൗകര്യവും ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നത്.
പോസ്റ്റ് ഓഫിസ് വഴി പാഴ്സലുകൾ ബുക്ക് ചെയ്താൽ കേരളത്തിനുള്ളിൽ എവിടെയും 2 ദിവസത്തിനുള്ളിൽ ലഭിക്കുമായിരുന്നു. അനേകം സ്ഥാപനങ്ങൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാൽ അടുത്ത നാളിലായി നാലും അഞ്ചും ദിവസങ്ങളാണ് ഇതിനു വേണ്ടിവരുന്നത്. രാജ്യത്ത് ഗ്രാമീണ മേഖലകളിൽ പോസ്റ്റൽ വകുപ്പിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ കേന്ദ്ര സർക്കാർ പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിനിടെയാണ് ഇവിടെ നിലവിലുള്ള സൗകര്യങ്ങൾ പോലും ഇല്ലാതാകുന്നത്.