വിഷു, റമസാൻ, ഈസ്റ്റർ ആഘോഷം: പച്ചക്കറിച്ചന്തകൾ നാളെ മുതൽ
Mail This Article
കണ്ണൂർ ∙ വിഷു, റമസാൻ, ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി കൃഷി വകുപ്പ് ഒരുക്കുന്ന പച്ചക്കറി വിപണികൾ നാളെ മുതൽ പ്രവർത്തനം തുടങ്ങും. നൂറ്റി അൻപതോളം വിപണികളാണു ജില്ലയിൽ കൃഷി വകുപ്പ് സജ്ജമാക്കുന്നത്. പൊലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം മെഗാ എക്സിബിഷനിൽ കൃഷി വകുപ്പിന്റെ പവലിയനിൽ പച്ചക്കറിച്ചന്ത ഇന്നു തുടങ്ങും. പേരാവൂർ ബ്ലോക്കിലെ കർഷകരിൽ നിന്നു സംഭരിക്കുന്ന നാടൻ പച്ചക്കറികളാണ് ഇവിടെ വിൽപനയ്ക്ക് എത്തിക്കുന്നത്. കണിവെള്ളരിയും ലഭ്യമാകുമെന്നു കൃഷി വകുപ്പ് മാർക്കറ്റിങ് വിഭാഗം അസി. ഡയറക്ടർ സി.വി.ജിദേഷ് പറഞ്ഞു.
കൃഷി ഭവനുകളുടെ നേതൃത്വത്തിൽ 77 ആഴ്ചച്ചന്തകളിലും 40 ഇക്കോ ഷോപ്പുകളിലും 6 അർബൻ സ്ട്രീറ്റ് മാർക്കറ്റുകളിലും ഹോർട്ടി കോർപിന്റെ ഇരുപതോളം വിപണന കേന്ദ്രങ്ങളിലും വിഎഫ്പിസികെയുടെ 6 ഔട്ട്ലറ്റുകളിലും നാളെ മുതൽ പച്ചക്കറികൾ ലഭ്യമാകും. ജില്ലയിലെ കർഷകർ ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾക്കു പുറമേ ഇടുക്കി ജില്ലയിലെ വട്ടവടയിലെയും കാന്തല്ലൂരിലെയും കർഷകരിൽ നിന്നു സംഭരിക്കുന്ന പച്ചക്കറികളും വിപണികളിൽ ലഭിക്കും. കർഷകരും കർഷക സമിതികളും ഉൽപാദിപ്പിച്ച മൂല്യവർധിത ഉൽപന്നങ്ങളും വിൽപനയ്ക്ക് എത്തിക്കും.