ADVERTISEMENT

കണ്ണൂർ ∙ 44 വർഷം ജില്ലയിൽ പാലും പാലുൽപന്നങ്ങളും വിതരണം ചെയ്ത പൊടിക്കുണ്ടിലെ മിൽമ കണ്ണൂർ ഡെയറി ഓർമയിലേക്ക്. യൂണിറ്റിലെ ഉൽപന്നങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ ഇന്നലെ അവസാനിപ്പിച്ചു. ഇന്നു മുതൽ ശ്രീകണ്ഠപുരത്തെ മലയോര ഡെയറിയിൽ ജില്ലയിലെ മുഴുവൻ പാലും സംഭരിച്ചു സംസ്കരിക്കും. കെട്ടിടങ്ങളുടെ കാലപ്പഴക്കം, സ്ഥലപരിമിതി, ജല ദൗർലഭ്യം തുടങ്ങിയ പ്രയാസങ്ങൾ കാരണമാണു പ്രവർത്തനം അവസാനിപ്പിക്കുന്നത്. കണ്ണൂർ യൂണിറ്റിലെ മുഴുവൻ ജീവനക്കാരെയും ശ്രീകണ്ഠപുരത്തേക്കു മാറ്റും.

1979ൽ ദേശീയപാതയ്ക്കു സമീപം പൊടിക്കുണ്ടിൽ 4 ഏക്കർ സർക്കാർ ഭൂമി പാട്ടത്തിനെടുത്താണു പ്ലാന്റ് നിർമിച്ചത്. കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് ആൻഡ് മിൽക്ക് മാർക്കറ്റിങ് ബോർഡിനു കീഴിലായിരുന്നു പ്രവർത്തനം. പിന്നീട് 1984ൽ യൂണിറ്റ് മിൽമ ഏറ്റെടുത്തു. 1990ൽ മലബാർ മേഖല യൂണിയൻ ഏറ്റെടുത്തു. 10,000 ലീറ്റർ സംഭരണശേഷിയായിരുന്നു തുടക്കത്തിൽ പ്ലാന്റിനുണ്ടായിരുന്നത്.

പിന്നീട് 1984ൽ 40,000 ലീറ്ററും 2000ൽ ഒരു ലക്ഷം ലീറ്ററായും സംഭരണശേഷി വർധിപ്പിച്ചു.ക്ഷീര കർഷകരിൽ നിന്നു പാൽ സംഭരിച്ച് വിതരണം മാത്രമായിരുന്നു ആദ്യ കാലത്ത് പ്ലാന്റിൽ നടന്നിരുന്നതെങ്കിൽ പിന്നീട് തൈര്, കട്ടി മോര്, നെയ്യ്, സംഭാരം, മിൽക്ക് ലോലി തുടങ്ങിയവയിലേക്കും ഉൽപാദനം വ്യാപിപ്പിച്ചു.

kannur-diary
മിൽമ ശ്രീകണ്ഠപുരം മലയോര ഡെയറി.

മൂല്യവർധിത ഉൽപന്ന പ്ലാന്റാക്കി മാറ്റും
പാൽ സംഭരണ സംസ്കരണ പ്രവർത്തനങ്ങൾ നിർത്തിയെങ്കിലും ശ്രീകണ്ഠപുരം ഡെയറിയിൽനിന്നു പാലും പാലുൽപന്നങ്ങളും കണ്ണൂർ യൂണിറ്റിലേക്കു കൊണ്ടുവന്നു ടൗണിലും സമീപ പ്രദേശങ്ങളിലും വിൽപന നടത്തും. സമീപഭാവിയിൽ കെട്ടിടം അറ്റകുറ്റപ്പണി നടത്തി ബേക്കറി അധിഷ്ടിത മൂല്യവർധിത ഉൽപന്ന പ്ലാന്റാക്കി മാറ്റാനും ആലോചനയുണ്ട്. കൂടാതെ യാത്രക്കാർക്കു ഭക്ഷണം കഴിക്കാനുള്ള സംവിധാനമെന്ന നിലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡ്രൈവ് ഇൻ പാർലറും ഒരുക്കും.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ശ്രീകണ്ഠപുരത്തേത് അത്യാധുനിക പ്ലാന്റ്
ജില്ലയിലെ പാൽ ഉൽപാദനത്തിന്റെ 75 ശതമാനവും മലയോര മേഖലയിലായതിനാലാണു ശ്രീകണ്ഠപുരത്ത് 2017ൽ മലയോര ഡെയറി ആരംഭിച്ചത്. സംസ്ഥാനപാതയോടു ചേർന്നു തൃക്കടമ്പിൽ 15 ഏക്കർ സ്ഥലത്താണു പ്ലാന്റ് പ്രവർത്തിക്കുന്നത്. ഒരു ലക്ഷം ലീറ്റർ പാൽ സംഭരണ സംസ്കരണശേഷിയുള്ള പ്ലാന്റാണ് ഇവിടെയുള്ളത്. 3 മാസം വരെ സാധാരണ ഊഷ്മാവിൽ സൂക്ഷിച്ചാലും കേടാകാത്ത പാൽ ഉൽപന്നമായ യുഎച്ച്ടി മിൽക്കിന്റെ ഉൽപാദന പ്ലാന്റും സംസ്ഥാനത്ത് ശ്രീകണ്ഠപുരത്തു മാത്രമാണുള്ളത്.

നവീകരിച്ച പാർലർ ഉദ്ഘാടനം
കണ്ണൂർ ∙ മിൽമ ഡയറി വിടവാങ്ങൽ ചടങ്ങും ക്യാംപസിൽ നവീകരിച്ച പാർലർ ഉദ്ഘാടനവും മിൽമ ചെയർമാൻ കെ.എസ്.മണി നിർവഹിച്ചു. മാനേജിങ് ഡയറക്ടർ പി.മുരളി അധ്യക്ഷത വഹിച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com